Tuesday, April 7

കത്താറ രാജ്യാന്തര മാടപ്രാവ് പ്രദര്‍ശനം ശ്രദ്ധേയമാകുന്നു

കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ തുടരുന്ന രാജ്യാന്തര മാടപ്രാവ് പ്രദര്‍ശനത്തില്‍ നിന്ന്‌

ദോഹ: മാടപ്രാവുകളെ സംബന്ധിച്ച രാജ്യാന്തര പ്രദര്‍ശനത്തിനും സമ്മേളനത്തിനും കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ തുടക്കമായി മിഡില്‍ഈസ്റ്റില്‍ ഇതാദ്യമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 17 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ട്. ഏകദേശം 3,350 പ്രാവുകളെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കത്താറ ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഖത്തറിലെ നിരവധി അംബാസഡര്‍മാരും നിരവധി പ്രതിനിധികളും ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു. മാടപ്രാവ് വ്യാപാരത്തില്‍ പ്രത്യേകമായി ഊന്നല്‍ നല്‍കുന്ന അമച്വര്‍മാരെയും കമ്പനികളെയും ഒരുമിപ്പിച്ചുകൊണ്ടുവരുന്ന മിഡില്‍ഈസ്റ്റിലെ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമാണ് പ്രദര്‍ശനമെന്ന് അല്‍സുലൈത്തി പറഞ്ഞു. അറബ് രാജ്യത്ത് ഇതാദ്യമായാണ് പ്രദര്‍ശനം. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് പീജിയണ്‍സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 15നാണ് കത്താറയില്‍ പ്രാവുകളുടെ റേസ് തുടങ്ങിയത്. 1,100 പ്രാവുകള്‍ പങ്കെടുക്കുന്നുണ്ട്. അവയില്‍ മിക്കതിനെയും മത്സരത്തിനായി ദോഹയിലേക്ക് കൊണ്ടുവന്നതാണ്. ആദ്യ നാല്‍പ്പത് സ്ഥാനങ്ങളിലെത്തുന്നവരുടെ ഉടമകള്‍ക്ക് മൂല്യമേറിയ സമ്മാനങ്ങള്‍ ലഭിക്കും. മിഡില്‍ഈസ്റ്റിലെ ഏറ്റവും മികച്ച പ്രാവ് വളര്‍ത്തല്‍ കേന്ദ്രമായി ഖത്തറിനെ മാറ്റുകയെന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. അടുത്തവര്‍ഷം മുതല്‍ ആരംഭിക്കുന്ന ഹോമിങ് പീജിയണ്‍ ഒളിമ്പിക്‌സിന്റെ ഭൂപടത്തിലേക്ക് ഖത്തറിന് പ്രവേശിക്കാനാകുമെന്ന ആത്മവിശ്വാസവും അല്‍സുലൈത്തി പങ്കുവെച്ചു. കത്താറയുടെ പ്രവര്‍ത്തനങ്ങള്‍ വൈവിധ്യവല്‍ക്കരിക്കാനുള്ള താല്‍പര്യത്തിന്റെ ഭാഗമാണ് ഈ പ്രദര്‍ശനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാവുകള്‍ക്കായുള്ള രാജ്യാന്തര പ്രദര്‍ശനം ഖത്തറിലെ പ്രാവ് പ്രേമികളെ വലിയതോതില്‍ ആകര്‍ഷിക്കുന്നുണ്ട്.
ഖത്തരി നാടോടി പൈതൃകത്തിന്റെ ഭാഗമാണ് പ്രാവുകള്‍. ലോകത്തെ പല രാജ്യങ്ങളുമായി തങ്ങള്‍ ഈ പൈതൃകം പങ്കിടുന്നതായും അല്‍സുലൈത്തി പറഞ്ഞു. വിവിധ അന്താരാഷ്ട്ര കമ്പനികളുടെ പ്രതിനിധികളെ കാണാനും അറിവും അനുഭവങ്ങളും കൈമാറാനും പങ്കെടുക്കുന്നവര്‍ക്ക് അവസരം നല്‍കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ഈ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് പ്രാവ് വളര്‍ത്തല്‍ കായികവിനോദത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനും പ്രദര്‍ശനം സഹായകമാണ്. കത്താറ പ്രദര്‍ശനത്തിലെ വര്‍ധിച്ച രാജ്യാന്തര പങ്കാളിത്തത്തില്‍ സന്തോഷമുണ്ടെന്ന് രാജ്യാന്തര റേസിങ് പീജിയണ്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഇസ്ത്വാന്‍ ബാര്‍ഡോസ് പറഞ്ഞു.

error: Content is protected !!