
ദോഹ: കമ്യൂണിറ്റി കോളേജ് ഓഫ് ഖത്തറിന്റെ എട്ടാം ബാച്ചിന്റെ ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി പങ്കെടുത്തു. ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണത്തോടെയായിരുന്നു ചടങ്ങുകള്‍ക്ക് തുടക്കമായത്.
വിദ്യാഭ്യാസത്തെയും രാജ്യത്തെ കെട്ടിപ്പെടുക്കുന്നതില്‍ വിദ്യാഭ്യാസത്തിന്റെ പങ്കിനെയും വ്യക്തമാക്കുന്ന ഡോക്യുമെന്ററി സിനിമയുടെ പ്രദര്‍ശനം നടന്നു. ബിരുദധാരികളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറുകയും ചെയ്തു. ശൈഖുമാര്‍, മന്ത്രിമാര്‍, അക്കാഡമിക് രംംഗത്തെ പ്രമുഖര്‍, ഫാക്വല്‍റ്റി, ബിരുദധാരികളുടെ കുടുംബങ്ങള്‍, അതിഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എട്ടാം ബാച്ചില്‍ 890 ബിരുദധാരികളായിരുന്നു.
ഇതില്‍ 305 പേര്‍ പുരുഷന്‍മാരും 585 പേര്‍ വനിതകളുമാണ്. ആകെ ബിരുദധാരികളില്‍ 40ശതമാനം പേരും പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ അസോസിയേറ്റ് ഡിപ്ലോമ നേടിയവരാണ്. 39ശതമാനം പേര്‍ ആര്‍ട്ട്‌സില്‍ അസോസിയേറ്റ് ഡിപ്ലോമ നേടിയവരാണ്. ഇത്തവണ ആദ്യമായി സൈബര്‍ സുരക്ഷയില്‍ ബിരുദധാരികളും ലോജിസ്റ്റിക് മാനേജ്‌മെന്റ് അസോസിയേറ്റ് ഡിപ്ലോമ നേടിയവരും പുറത്തിറങ്ങിയിട്ടുണ്ട്.
ടെക്‌നോളജിക്കല്‍ എന്‍ജിനിയറിങില്‍ അസോസിയേറ്റ് ഡിപ്ലോമ വിദ്യാര്‍ഥികളുടെ ആദ്യബാച്ചും ഇത്തവണ പുറത്തിറങ്ങി. ഡിപ്ലോമ, ബാച്ച്‌ലര്‍ തലത്തില്‍ പുതിയ പ്രോഗ്രാമുകള്‍ കോളേജ് വികസിപ്പിക്കുന്നുണ്ടെന്ന് കമ്യൂണിറ്റി കോളേജ് ഓഫ് ഖത്തര്‍ പ്രസിഡന്റ് ഡോ.മുഹമ്മദ് അല്‍നുഐമി പറഞ്ഞു.