
ദോഹ: ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ കമ്യൂണിറ്റി പോലീസിങ് വകുപ്പും ഖത്തര്‍ ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ വര്‍ക്കും(ക്യുഎഫ്എസ്ഡബ്ല്യു) സഹകരണകരാര്‍ ഒപ്പുവച്ചു.
കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സുരക്ഷയുമായി ബന്ധപ്പെട്ട മേഖലകളിലെ ടാര്‍ഗറ്റ് ഗ്രൂപ്പുകളെ സേവിക്കുന്നതിനായി സഹകരണം വര്‍ധിപ്പിക്കുകയെന്നതാണ് സഹകരണകരാറിലൂടെ ലക്ഷ്യമിടുന്നത്.
കൂടാതെ ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ വര്‍ക്കിന്റെ കുടക്കീഴിലുള്ള രണ്ട് കേന്ദ്രങ്ങളായ പ്രൊട്ടക്ഷന്‍ ആന്റ് സോഷ്യല്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍(സംരക്ഷണ സാമുഹിക പുനരധിവാസകേന്ദ്രം-അമാന്‍), ഫാമിലി കൗണ്‍സിലിങ് സെന്റര്‍ (വിഫാക്) എന്നിവയ്ക്കായി ഒരു ഓഫീസ് കമ്മ്യൂണിറ്റി പോലീസിങ് വകുപ്പിന്റെ കെട്ടിടത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സേവനങ്ങള്‍ വേഗത്തിലും സമയബന്ധിതമായും ലഭ്യമാക്കുക, നടപടിക്രമങ്ങള്‍ കുറയ്ക്കുക, ചികിത്സ, സഹായം, പുനരധിവാസം എന്നിവയെല്ലാം വേഗത്തില്‍ ഉറപ്പാക്കുക തുടങ്ങിയവയെല്ലാം സഹകരണത്തിലൂടെ ലക്ഷ്യമിടുന്നു.
ഫലപ്രദമായ സഹകരണത്തിന്റെ മികച്ചൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ രാജ്യാന്തര സഹകരണ വകുപ്പിന്റെ ഡയറക്ടര്‍ മേജര്‍ ജനറല്‍ എന്‍ജിനിയര്‍ അബ്ദുല്‍അസീസ് അബ്ദുല്ല അല്‍അന്‍സാരി പറഞ്ഞു.
എല്ലാ തലങ്ങളിലും കൂടുതല്‍ സുരക്ഷ നേടുന്നതിന് വിവിധ മേഖലകളിലെ സ്ഥാപനങ്ങളുമായി സഹകരിക്കുന്നതിനുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ താല്‍പര്യത്തിന്റെ ഭാഗമായിക്കൂടിയാണ് സഹകരണ കരാര്‍.
ഖത്തരി സമൂഹത്തിലെ കുടുംബങ്ങളുടെ ക്ഷേമവും സുസ്ഥിരതയും കൈവരിക്കുന്നതിനുള്ള സംയുക്ത പ്രവര്‍ത്തനത്തിനായി ആഭ്യന്തരമന്ത്രാലയം സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്.
സര്‍ക്കാര്‍ മേഖലയുമായി പ്രത്യേകിച്ച് ആഭ്യന്തര മന്ത്രാലയവുമായി സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും പാലങ്ങള്‍ വ്യാപിപ്പിക്കാന്‍ ശ്രദ്ധ നല്‍കുന്നതായി ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ വര്‍ക്ക് സിഇഒ അമാല്‍ അബ്ദുല്ലത്തീഫ് അല്‍മന്നായി പറഞ്ഞു.
ഫൗണ്ടേഷനും അതിന്റെ കേന്ദ്രങ്ങളും തമ്മില്‍ നിലവിലുള്ള സഹകരണം വിപുലീകരിക്കുന്നതിനൊപ്പം ആഭ്യന്തരമന്ത്രാലയത്തിന്റെ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരണം ശക്തിപ്പെടുത്തുന്നതുമാണ് കരാര്‍.
വനിതകളും കുട്ടികളും ഉള്‍പ്പെടുന്ന പ്രത്യേക കേസുകളില്‍ കമ്യൂണിറ്റി പോലീസിനെ സമീപിക്കുന്നതിനു മുമ്പായി ക്യുഎഫ്എസ്ഡബ്ല്യു ഓഫീസിലേക്ക് റഫര്‍ ചെയ്യുകയും ആവശ്യമായ ഉപദേശങ്ങളോ മാര്‍ഗനിര്‍ദേശങ്ങളോ പുനരധിവാസമോ ലഭ്യമാക്കും.
അത്തരം കേസുകള്‍ക്ക് ആവശ്യമായ രഹസ്യസ്വഭാവവും സ്വകാര്യതയും നിലനിര്‍ത്തുകയും ചെയ്യും. സഹകരണകരാറിന് വലിയ പ്രാധാന്യമുണ്ടെന്ന് അമാന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.മന്‍സൂര്‍ അഹമ്മദ് അല്‍സാദി അല്‍യഫീ പറഞ്ഞു.
ഖത്തറിലെ സിവില്‍ സൊസൈറ്റി സ്ഥാപനങ്ങള്‍, ക്യുഎഫ്എസ്ഡബ്ല്യുവിന്റെ കീഴിലുള്ള കേന്ദ്രങ്ങള്‍ എന്നിവയുമായി കമ്യൂണിറ്റി പോലീസിങ് വകുപ്പിന്റെ സഹകരണം അടുത്തതും നിരന്തരവും ഫലപ്രദവുമാണെന്നും സംയുക്ത പ്രവര്‍ത്തനത്തിന്റെ വിപുലീകരണത്തിന്റ ഭാഗമായാണ് കരാറെന്നും വകുപ്പ് ഡയറക്ടര്‍ കേണല്‍ സുല്‍ത്താന്‍ മുഹമ്മദ് അല്‍കാബി പറഞ്ഞു.
നകുപ്പില്‍ അമാന്‍, വിഖാഫ് എന്നിവയുടെ ബ്രാഞ്ച് ഓഫീസുകളുണ്ടായിരിക്കും. ഈ കേന്ദ്രങ്ങള്‍ ഫാമിലി കൗണ്‍സലിങ് സേവനങ്ങള്‍ ലഭ്യമാക്കും. വിഫാഖ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റാഷിദ് അഹമ്മദ് അല്‍ദോസരിയും സംസാരിച്ചു.