in ,

കരള്‍ അര്‍ബുദം നേരത്തെ തിരിച്ചറിയുന്നതിന് മാര്‍ഗനിര്‍ദേശങ്ങളുമായി എച്ച്എംസി

2017ല്‍ ഖത്തറില്‍ കരള്‍ അര്‍ബുദം മൂലം മരണപ്പെട്ടത് 53 പേര്‍

ദോഹ: കരള്‍ അര്‍ബുദം നേരത്തെ തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങളുമായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍(എച്ച്എംസി). കരള്‍ അര്‍ബുദ ബോധവല്‍ക്കരണ മാസവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളാണ് എച്ച്എംസി സംഘടിപ്പിക്കുന്നത്.

കരള്‍ അര്‍ബുദം പ്രതിരോധിക്കല്‍, രോഗം നേരത്തെ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം, ലഭ്യമായ ചികിത്സാ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2017ല്‍ കരള്‍ അര്‍ബുദം മൂലം ഖത്തറില്‍ മരണപ്പെട്ടത് 53 പേര്‍. കരളിന്റെ കോശങ്ങളിലാണ് കരള്‍ അര്‍ബുദത്തിന്റെ തുടക്കം.

ഹെപ്പറ്റൈറ്റിസ് ബി, സി അണുബാധകള്‍ക്കും ഇടയാക്കിയേക്കാം. പുരുഷന്‍മാര്‍ക്കിടയില്‍ ഏറ്റവും സാധാരണമായ അഞ്ചാമത്തെ തരം അര്‍ബുദമാണിത്. ലോകമെമ്പാടുമുള്ള അര്‍ബുദ മരണങ്ങളുടെ രണ്ടാമത്തെ സാധാരണ കാരണമാണിത്. കരള്‍ അര്‍ബുദം മൂലം പ്രതിവര്‍ഷം ആറുലക്ഷത്തിലധികം മരണങ്ങളാണ് സംഭവിക്കുന്നത്.

ഹെപ്പറ്റൈറ്റിസ് ബി വൈറസിനെ പ്രതിരോധ കുത്തിവെയ്പ്പിലൂടെയും ഹെപ്പറ്റൈറ്റിസ് സി ചികിത്സയിലൂടെയും പ്രതിരോധിക്കാം. മിക്ക കരള്‍ അര്‍ബുദങ്ങളെയും തടയാന്‍ കഴിയും. ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി അണുബാധകള്‍ കരള്‍ അര്‍ബുദത്തിനുള്ള പ്രധാന അപകടഘടകങ്ങളാണ്. അമിതമായ മദ്യപാനം, പുകയില ഉപയോഗം, ടൈപ്പ് ടു പ്രമേഹം, അനബോളിക് സ്റ്റിറോയിഡ് ഉപയോഗം, അനാരോഗ്യകരമായ ഭക്ഷണരീതി, ഉദാസീനമായ ജീവിതശൈലി എന്നിവയെല്ലാം രോഗത്തിന് കാരണമാകുന്ന ശക്തമായ ഘടകങ്ങളാണ്.

കരള്‍ അര്‍ബുദത്തിന്റെ നേരത്തെയുള്ള രോഗനിര്‍ണയം വെല്ലുവിളിയാണ്, കാരണം പ്രാരംഭ ഘട്ടത്തില്‍ പല ലക്ഷണങ്ങളും പ്രത്യക്ഷപ്പെടില്ല. രോഗം നേരത്തെ തിരിച്ചറിയുന്നതിലൂടെ കൂടുതല്‍ ചികിത്സാമാര്‍ഗങ്ങള്‍ പ്രയോഗിക്കാനാകും- നാഷണല്‍ സെന്റര്‍ ഫോര്‍ കാന്‍സര്‍ കെയര്‍ ആന്റ് റിസര്‍ച്ചിലെ(എന്‍സിസിസിആര്‍) സീനിയര്‍ കണ്‍സള്‍ട്ടന്റ് ഓങ്കോളജി ഡോ.കകീല്‍ അബ്ദുല്‍റസൂല്‍ പറഞ്ഞു.

കരള്‍ അര്‍ബുദം വരാനുള്ള സാധ്യത വളരെ കൂടുതലുള്ള വ്യക്തികള്‍ പതിവായി ആരോഗ്യപരിശോധനക്ക് വിധേയരാകണം. കരള്‍ അര്‍ബുദം നേരത്തെ കണ്ടെത്തിയില്ലെങ്കില്‍ ചികിത്സിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.

അര്‍ബുദം ചെറുതും മറ്റു അവയവങ്ങളിലേക്ക് പടരുകയും ചെയ്തിട്ടില്ലെങ്കില്‍, രോഗിയുടെ ആകോ ആരോഗ്യാവസ്ഥ നല്ലരീതിയിലുമാണെങ്കില്‍ ശസ്ത്രക്രിയ സാധാരണയായി ശുപാര്‍ശ ചെയ്യുന്നുണ്ട്.

തെരഞ്ഞെടുക്കപ്പെട്ട കേസുകളില്‍ ക്രയോതെറാപ്പി, റേഡിയോഫ്രീക്വന്‍സി അബ്ലേഷന്‍, റേഡിയോതെറാപ്പി തുടങ്ങിയ ചികിത്സയും ലഭ്യമാണ്.

കരള്‍ അര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ വിവരണാതീതമായ ശരീരഭാരം കുറയല്‍, വിശപ്പ് കുറയല്‍, ക്ഷീണം, ചര്‍മ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം, അടിവയറ്റിലെ നീര്‍വീക്കം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ ഫ്രീസോണുകളും മാധ്യമ നഗരവും വെവ്വേറെ സ്ഥാപനങ്ങള്‍: ക്യുഎഫ്ഇസെഡ്എ

ജുആന്‍ ബിന്‍ ജാസിം കോളജില്‍ നിന്നും ഉദ്യോഗസ്ഥരുടെ പുതിയ ബാച്ച് പുറത്തിറങ്ങി