in , , , , , ,

കരുത്താണ് ഖത്തര്‍

അമീറും പിതാവ് അമീറും ദേശീയദിന പരേഡ് വീക്ഷിക്കാനെത്തിയപ്പോള്‍

ആര്‍ റിന്‍സ്
ദോഹ

പുതിയ ലക്ഷ്യങ്ങളിലേക്ക് പ്രതിബന്ധങ്ങളെ തരണം ചെയ്തു മുന്നേറുന്ന ഖത്തര്‍ ദേശാഭിമാനത്തിന്റെ വീരഗാഥകള്‍ രചിച്ച് ഒരിക്കല്‍ കൂടി ദേശീയദിനം ആഘോഷിച്ചു. ഭരണനേതൃത്വത്തിന് ജനങ്ങളോടും ജനങ്ങള്‍ക്ക് അമീറിനോടും നാടിനോടുമുള്ള സ്‌നേഹവും കരുതതലും വിശ്വാസവും പ്രതിഫലിക്കുന്നതായിരുന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ദേശീയദിന ആഘോഷങ്ങള്‍. ഖത്തറിന്റെ പ്രൗഢിയും പ്രതാപവും എന്തെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ രാവിലെ കോര്‍ണീഷില്‍ നടന്ന സൈനിക പരേഡ്. കരയിലും കടലിലും ആകാശത്തും ദേശസ്‌നേഹത്തിന്റെ പുതിയ മുദ്രകള്‍ പതിപ്പിച്ചുകൊണ്ടുള്ള സേനാപരേഡ് രാജ്യത്തിന്റെ കരുത്തിന്റെയും നിശ്ചദാര്‍ഢ്യത്തിന്റെയും പ്രതീകമായി. വിസ്മയക്കാഴ്ചകളായിരുന്നു പരേഡിലുടനീളം.


സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം തുടരുന്നതിനിടെയുള്ള മൂന്നാമത്തെ ദേശീയദിനാഘോഷവും പരേഡുമായിരുന്നു ഇത്തവണത്തേത്. സൈനിക പരേഡില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സല്യൂട്ട് സ്വീകരിച്ചു. പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയും അമീറിനോടൊപ്പമുണ്ടായിരുന്നു.

ഇരുവരും ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന അമീര്‍ ജനങ്ങളുടെ ആവേശത്തില്‍ പങ്കുചേര്‍ന്നു. കുട്ടികള്‍ക്കും കുരുന്നുകള്‍ക്കും കൈപിടിച്ച് ആശംസകള്‍ നേരുകയും അവരുമായി കുശലാന്വേഷണങ്ങള്‍ നടത്തുകയും ചെയ്തു. വശങ്ങളില്‍ നിന്നവര്‍ക്ക് ഹസ്തദാനം നല്‍കി മുന്നോട്ടു നീങ്ങുന്ന അമീറിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പടെ വൈറലായി. പരേഡില്‍ കലാപ്രകടനം അവതരിപ്പിച്ച ഖത്തരി ബാലികമാരെ അമീര്‍ പ്രത്യേകമായി പ്രശംസിച്ചു. കയ്യടിച്ച് അവരെ പ്രോത്സാഹിപ്പിച്ച് നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചാണ് അമീര്‍ മടങ്ങിയത്.


പ്രവാസികളുള്‍പ്പെടെ പതിനായിരങ്ങള്‍ പരേഡ് വീക്ഷിക്കാനെത്തി. ദേശസ്‌നേഹവും ആത്മവീര്യവും നിറഞ്ഞുനില്‍ക്കുന്നതായിരുന്നു പരേഡ്. മഴ പെയ്യുമോയെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും പരേഡ് സമയത്ത് മഴ മാറി നിന്നു. ഖത്തറിന്റെ പ്രതിരോധകരുത്ത് വിളിച്ചറിയിച്ച് സൈനികര്‍ മുന്നോട്ടുനീങ്ങി. സേനാംഗങ്ങള്‍ക്കു പുറമെ ഖത്തറിന്റെ അത്യാധുനിക സൈനിക സായുധ വാഹനങ്ങളും യുദ്ധോപകരണങ്ങളും പരേഡില്‍ പങ്കെടുത്തു. കരയിലും കടലിലും ആകാശത്തും ഒരേസമയം ഖത്തര്‍ സൈന്യം കരുത്തറിയിച്ചു. 18 ആചാരവെടികള്‍ക്കൊപ്പം മിലിട്ടറി ബാന്‍ഡിന്റെ ദേശീയ ഗാനാലാപനത്തോടെയും പരേഡിന് തുടക്കമായി. കുതിരപ്പടയും ഒട്ടകപ്പടയുമാണ് ആദ്യം പ്രവേശിച്ചത്. തുടര്‍ന്ന് ആകാശത്ത് വിസ്മയക്കാഴ്ചയൊരുക്കി എയര്‍ഷോ. റഫാല്‍ മള്‍ട്ടി പര്‍പ്പസ് ജെറ്റ് യുദ്ധവിമാനങ്ങള്‍, അപ്പാഷെ ആക്രമണ ഹെലികോപ്റ്ററുകള്‍, എഫ് -15 യുദ്ധവിമാനങ്ങള്‍, മറ്റ് സൈനിക ഹെലികോപ്റ്ററുകള്‍, ഗതാഗത, ചരക്ക് വിമാനങ്ങള്‍, ടൈഫൂണ്‍ മള്‍ട്ടിറോള്‍ യുദ്ധവിമാനങ്ങള്‍ എന്നിവ പങ്കെടുത്തു. പിന്നാലെ ദേശീയ പതാകയുടെ നേതൃത്വത്തില്‍ സായുധ സേനാ കാലാള്‍പ്പടയുടെ പരേഡ്. തുടര്‍ന്ന് വ്യോമസേന, കരസേന, നാവിക സേനാംഗങ്ങള്‍, കവചിത ഉദ്യോഗസ്ഥര്‍, പ്രത്യേക സേനകള്‍, സൈനിക പോലീസ, പിന്തുണാ ശക്തികള്‍, അമിരി ഗാര്‍ഡ്് എന്നിവര്‍ നീങ്ങി. ഒപ്പം കവചിത വാഹനങ്ങളും. അതിനുശേഷം, ആഭ്യന്തര, സിവില്‍ ഡിഫന്‍സ് മന്ത്രാലയത്തിന്റെ ടീമുകളുടെ സുരക്ഷാ വാഹനങ്ങളുട അകമ്പടിയോടെയുള്ള ഷോ തുടങ്ങി. വനിതാ പോലീസ്, റെസ്‌ക്യൂ പോലീസ് വകുപ്പ്(അല്‍ഫസ), ആഭ്യന്തര സുരക്ഷാ സേന(ലഖ്്‌വിയ) അംഗങ്ങള്‍ അണിനിരന്നു നീങ്ങി. തുടര്‍ന്ന് സായുധ സേനയുടെ കവചിത വാഹനങ്ങള്‍, ടാങ്കുകള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, മിലിട്ടറി പോലീസ് വാഹനങ്ങള്‍, തീവ്രവാദ വിരുദ്ധ വാഹനങ്ങള്‍, സൈനിക ആശയവിനിമയ സംവിധാനങ്ങള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ എന്നിവ പ്രദര്‍ശിപ്പിച്ചു.


യുദ്ധക്കപ്പലുകളും സ്പീഡ് ബോട്ടുകളും പരേഡിന്റെ ഭാഗമായി. വിവിധ സ്‌കൂള്‍ കുട്ടികളും അമീരി ഗാര്‍ഡിന്റെ യൂണിഫോം അണിഞ്ഞ കുട്ടികളും പരേഡിന്റെ ഭാഗമായി. ഇത്തവണ മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഒരുക്കിയിരുന്നു. എന്നാല്‍ സീറ്റുകളും കഴിഞ്ഞു റോഡിന്റെ ഇരുവശത്തുമായി തിങ്ങിനിറഞ്ഞാണു കാണികള്‍ നിന്നത്. പരേഡ് കടന്നു പോകുന്ന വീഥിയും കഴിഞ്ഞും കാണികളുടെ നിരനീണ്ടു.

കോര്‍ണിഷിലേക്കു ഇന്നലെ രാവിലെ വാഹന ഗതാഗതം തടഞ്ഞിരുന്നു. എന്നാല്‍ വിവിധ പോയിന്റുകളില്‍ നിന്നു കാണികളെ കോര്‍ണിഷിലെത്തിക്കാന്‍ ഗതാഗതസംവിധാനം ഒരുക്കിയിരുന്നു. ആഘോഷപരിപാടികള്‍ക്ക് കൊഴുപ്പേകി ഇന്നലെ രാത്രി കോര്‍ണീഷ് കടല്‍ത്തീരത്ത് വര്‍ണവിസ്മയങ്ങള്‍ തീര്‍ത്ത വെടിക്കെട്ട് പ്രകടനവും നടന്നു. തുടര്‍ച്ചയായി നടന്ന കരിമരുന്ന് പ്രയോഗവും വിവിധ വര്‍ണങ്ങളിലുള്ള വെടിക്കെട്ടും ആകാശത്ത് വര്‍ണവിസ്മയം തീര്‍ത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പാര്‍ക്കില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചു

ജനങ്ങളെ മതങ്ങള്‍ക്കനുസരിച്ച് തരംതിരിക്കുന്നത് വംശീയചിന്ത: അമീര്‍