
ദോഹ: രാസവസ്തുക്കള്‍ ഉപയോഗിച്ച് റിയാലിനെ ഡോളറാക്കി മാറ്റാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ ആഫ്രിക്കന്‍ സ്വദേശി അറസ്റ്റില്‍. ആഭ്യന്തരമന്ത്രാലയത്തിലെ കുറ്റാന്വേഷണ വിഭാഗമാണ് ഇയാളെ പിടികൂടിയത്. രണ്ടുലക്ഷം റിയാലിന്റെ തട്ടിപ്പാണ് ആഫ്രിക്കന്‍ സ്വദേശി നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇയാളുടെ താമസസ്ഥലം പരിശോധിച്ചപ്പോള്‍ വ്യാജ പേപ്പറുകളും തട്ടിപ്പിനായി ഉപയോഗിച്ച ചില വസ്തുക്കളും പിടിച്ചെടുത്തു.

തട്ടിപ്പുകാരെയും തട്ടിപ്പുരീതികളെയുംകുറിച്ച് പൊതുജനങ്ങള്‍ ബോധവാന്‍മാരായിരിക്കണമെന്ന് മന്ത്രാലയം ജാഗ്രതാനിര്‍ദേശം നല്‍കി. വളരെ പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ക്കായി തെറ്റായ മാര്‍ഗങ്ങളിലേക്ക് വീണുപോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.