Tuesday, April 7

കഴിഞ്ഞ വര്‍ഷം ഹുകൂമി വെബ് പോര്‍ട്ടല്‍ ഉപയോഗിച്ചത് 33 ലക്ഷം പേര്‍

ദോഹ: ഖത്തറിന്റെ ഔദ്യോഗിക ഇ-ഗവണ്‍മെന്റ് പോര്‍ട്ടലായ ഹുകൂമിയുടെ ജനപ്രീതി 2019ല്‍ ഗണ്യമായി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. പോര്‍ട്ടലിലെ സന്ദര്‍ശകരുടെ എണ്ണത്തില്‍ 23 ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയത്. 3.36 ദശലക്ഷത്തിലധികം സന്ദര്‍ശകരാണ് 2019ല്‍ ഹുകൂമി പോര്‍ട്ടലിലേക്ക് പ്രവേശിച്ചത്. 2018ല്‍ ഇത് 2.73 ദശലക്ഷമായിരുന്നു. പോര്‍ട്ടലിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചത് പേജ് കാണുന്നവരുടെ എണ്ണം കൂട്ടാന്‍ സഹായിക്കുകയും തിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തു. പേജ് കാഴ്ചക്കാരുടെ എണ്ണത്തില്‍ 22 ശതമാനം വര്‍ധനയാണ് പോര്‍ട്ടലിന് ലഭിച്ചത്. 2018ല്‍ 13.9 ദശലക്ഷമായിരുന്നു ഇത്. എന്നാല്‍ 2019ല്‍ 16.9 ദശലക്ഷത്തിലെത്തി. നിലവില്‍ നിരവധി പേര്‍ ഹുക്കൂമി സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നതാണ് പേജ് വ്യുയേഴ്‌സിന്റെയും സന്ദര്‍ശകരുടെയും എണ്ണം സ്ഥിരമായ വര്‍ധിക്കുന്നതിലൂടെ പ്രതിഫലിപ്പിക്കപ്പെടുന്നത്. സേവനങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് വ്യക്തമാക്കുന്നു. 2019 ല്‍ ഏറ്റവുമധികം സന്ദര്‍ശകരുണ്ടായിരുന്ന മാസം നവംബറാണ്. നവംബറില്‍ 310,866 സന്ദര്‍ശകരാണ് പോര്‍ട്ടലിലേക്ക് പ്രവേശിച്ചത്. നവംബറിന് ശേഷം ഒക്ടോബര്‍, സെപ്റ്റംബര്‍ മാസങ്ങളില്‍ ഉയര്‍ന്ന 307,697, 307,686 സന്ദര്‍ശനങ്ങളാണ് രേഖപ്പെടുത്തയത്.242,887 സന്ദര്‍ശനങ്ങള്‍ രേഖപ്പെടുത്തിയ ജൂണ്‍ മാസത്തിലാണ് ഏറ്റവും കുറഞ്ഞ സന്ദര്‍ശനങ്ങള്‍ നടന്നത്.
പേജ് വ്യുയേഴ്‌സിന്റെ കാര്യത്തില്‍ ജനുവരി ഏറ്റവും തിരക്കേറിയ മാസമായി മാറി. മൊത്തം 1.7 ദശലക്ഷം പേജ് കാഴ്ചകള്‍ 2019 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്തു. മാര്‍ച്ചില്‍ 1.6 ദശലക്ഷം പേജ് കാഴ്ചകള്‍ രേഖപ്പെടുത്തി.
സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും പൊതു സേവന ദാതാക്കളുമായും സഹകരിച്ച് എളുപ്പത്തിലും വേഗത്തിലും ഓണ്‍ലൈനിലും വിവരങ്ങളും സേവനങ്ങളും ആക്‌സസ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് ഹുകൂമി പോര്‍ട്ടലിലൂടെ കഴിയും. നിരവധി പ്രധാന ഇ-സേവനങ്ങളും ഔദ്യോഗിക രേഖകളും സേവന അപേക്ഷാ ഫോമുകളും പൊതുവായ വിവരങ്ങളും പോര്‍ട്ടല്‍ നല്‍കുന്നുണ്ട്.

error: Content is protected !!