in , , , , ,

കശ്മീരിന്റെ നേര്‍ക്കാഴ്ചകള്‍ പ്രതിഫലിപ്പിക്കുന്ന ചിത്രത്തിന് ഡിഎഫ്‌ഐ ഗ്രാന്റ്

ദി വിന്റര്‍ വിത് ഇന്‍ എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യം

ആര്‍ റിന്‍സ്
ദോഹ

കശ്മീരിന്റെ ജീവിതസംഘര്‍ഷങ്ങളും പോരാട്ടങ്ങളും പ്രതിഫലിപ്പിക്കുന്ന ആമിര്‍ ബാഷിറിന്റെ ദി വിന്റര്‍ വിതിന്‍ എന്ന ചിത്രത്തിന്റെ നിര്‍മാണപൂര്‍ത്തീകരണത്തിന് ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ(ഡിഎഫ്‌ഐ) സഹായം. ഡിഎഫ്‌ഐയുടെ ഫാള്‍ ഗ്രാന്റ് 2019 പദ്ധതിയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള സിനിമകള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായത്തില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്. ബകര്‍വാലി, ഹിന്ദി, കശ്മീരി, ഉര്‍ദു ഭാഷകളിലായാണ് സിനിമ ഒരുങ്ങുന്നത്. ഫ്രാന്‍സ്, ഇന്ത്യ, ഖത്തര്‍ സംയുക്ത സംരംഭമായാണ് സിനിമ വിഭാവനം ചെയ്തിരിക്കുന്നത്. സംവിധായകന്‍ ആമിര്‍ ബാഷിറും നിര്‍മാതാവ് ശങ്കര്‍ രാമനും ചേര്‍ന്നാണ് സിനിമക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. മുംബൈ കേന്ദ്രമായുള്ള ഷാങ്ബാസ് ഫിലിംസ് എന്ന നിര്‍മാണകമ്പനിയാണ് സിനിമയുടെ നിര്‍മാണം. കമ്പനിയുടെ ആദ്യ മുഴുനീള ചലച്ചിത്രമാണിത്. കശ്മീരിലെ ശ്രീനഗറില്‍ ജനിച്ചുവളര്‍ന്ന ആമിര്‍ ബാഷിര്‍ മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നടനും സംവിധായകനുമാണ്. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ഹാരുദി(ശരത്കാലം)ന് 2013ല്‍ മികച്ച ഉറുദു ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. ഹാരുദിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് ആമിര്‍ ബാഷിര്‍ വിന്റര്‍ വിത്ഇന്‍( ഉളളിലെ ശീതകാലം) ഒരുക്കുന്നത്.

ആമിര്‍ ബാഷിര്‍

കശ്മീരിലെ ശ്രീനഗറില്‍ ഒരു മധ്യവര്‍ഗ കുടുംബത്തിലെ വീട്ടുസഹായിയായി ജോലി ചെയ്യുന്ന നര്‍ഗീസിന്റെയും ഭര്‍ത്താവ് മന്‍സൂറിന്റെയും ജീവിതത്തിലൂടെയാണ് വിന്റര്‍ വിത്ഇന്‍ മുന്നോട്ടുപോകുന്നത്. ഇന്ത്യന്‍ ഭരണകൂടത്തിനെതിരായ സായുധകലാപത്തില്‍ പങ്കുചേര്‍ന്ന ഭര്‍ത്താവ് മന്‍സൂര്‍ അപ്രത്യക്ഷനാകുന്നു. നര്‍ഗീസിന്റെ ഭര്‍ത്താവ് ഒരു തീവ്രവാദിയാണെന്ന് അവളുടെ തൊഴിലുടമ കണ്ടെത്തുന്നതോടെ അവളെ ജോലിയില്‍ നിന്ന് പുറത്താക്കുകയും സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലാത്ത അവസ്ഥയിലേക്ക് നര്‍ഗീസ് എത്തുകയും ചെയ്യുന്നു. മന്‍സൂര്‍ തിരികെവരുമെന്ന പ്രതീക്ഷയില്‍ അവന്‍ തുടങ്ങിവെച്ച നെയ്ത്ത് ജോലി നര്‍ഗീസ് പുനരാരംഭിക്കുകയാണ്. കരകൗശലവ്യാപാരിയായ യാസീന്‍ നര്‍ഗീസിന് ജോലി നല്‍കി പിന്തുണക്കുന്നു. ജീവിതത്തില്‍ പുതിയൊരു തുടക്കത്തിന് സാധ്യത തുറക്കുമ്പോള്‍ ഒരു ദിവസം വീണ്ടും മന്‍സൂര്‍ പ്രത്യക്ഷപ്പെടുകയാണ്. തടങ്കലില്‍വെച്ച് പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടവന്ന മന്‍സൂര്‍ നേരത്തെയുണ്ടായിരുന്നതിന്റെ നിഴല്‍ മാത്രമാണിന്ന്. മന്‍സൂറിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ സ്വയംസമര്‍പ്പിക്കുന്ന നര്‍ഗീസ്. തടവില്‍ നിന്നും വിട്ടയച്ചെങ്കിലും അടുത്തുള്ള സൈനിക ക്യാമ്പില്‍ മന്‍സൂറിന് റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്.
ഒരു ദിവസം, അദ്ദേഹം ക്യാമ്പിലേക്ക് ആസൂത്രിതമല്ലാത്ത സന്ദര്‍ശനം നടത്തുന്നു. അത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്കാണ് ഇടയാക്കുന്നത്. അതോടെ സിനിമ കൂടുതല്‍ തീക്ഷ്ണമാകുന്നു. കശ്മീരിന്റെ സംഘര്‍ഷങ്ങളും ജീവിതക്കാഴ്ചകളും പ്രതിഫലിക്കുന്നതാണ് ഈ ചിത്രം.

ആര്യ റോത്തി

ഇന്ത്യ-റുമാനിയ-ഇറ്റലി- ഖത്തര്‍ സംയുക്ത സംരംഭമായ എ റൈഫിള്‍ ആന്റ് എ ബാഗ് എന്ന ചിത്രവും ഡിഎഫ്‌ഐ ഗ്രാന്റിന് അര്‍ഹമായിട്ടുണ്ട്. ഇന്ത്യയില്‍ പൂനൈയില്‍നിന്നുള്ള സ്വതന്ത്ര ചലച്ചിത്ര സംവിധായിക ആര്യ റോത്തി, റുമാനിയന്‍ ഫിലിംമേക്കര്‍ ക്രിസ്റ്റീന ഹെയ്ന്‍സ്, റോം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സംവിധായിക ഇസബെല്ല റിനാള്‍ഡി എന്നീ മുന്നുവനിതകള്‍ തിരക്കഥയൊരുക്കി നിര്‍മിച്ച് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ആര്യ റോത്തിയുടെ ഹ്രസ്വചിത്രം മകളുടെ മാതാവിന്റെ ആദ്യപ്രദര്‍ശനം 61-ാമത് ഡോക് ലീപ്‌സിഗ് ഫിലിം ഫെസ്റ്റിവലിലായിരുന്നു. ഇന്ത്യയിലെ ഗോത്ര സമുദായങ്ങളുടെ അവകാശങ്ങള്‍ക്കായി 1960കള്‍ മുതല്‍ പോരാടുന്ന മാവോയിസ്റ്റ് ഗറില്ലയായ സോമിയും സുഖ്‌റാമും പോര്‍മുഖത്ത് വെച്ച് കണ്ടുമുട്ടുന്നതും അവിടെ ഉടലെടുക്കുന്ന പ്രണയവുമെല്ലാമാണ് റൈഫിള്‍ ആന്റ് എ ബാഗിന്റെ പ്രമേയം.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും പ്രസ്ഥാനം ഉപേക്ഷിച്ച് പോലീസിന് മുന്നില്‍ കീഴടങ്ങി. മറ്റ് മുന്‍ സഖാക്കളുമായി അവര്‍ നിര്‍മ്മിച്ച ഒരു സെറ്റില്‍മെന്റിലാണ് ഇപ്പോള്‍ താമസിക്കുന്നത്, എന്നാല്‍ കീഴടങ്ങിയ നക്‌സലൈറ്റുകള്‍ എന്ന നിലയിലുള്ള അവരുടെ സാമൂഹിക നില അവരുടെ രണ്ട് മക്കളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുകയാണ്. തങ്ങളുടെ കുട്ടികള്‍ക്ക് സാധ്യമായ ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കാന്‍ അവര്‍ ആഗ്രഹിക്കുന്നു, പക്ഷേ അപകടങ്ങളും പ്രതിസന്ധകളും നേരിടേണ്ടതായിവരുന്നു. അവരുടെ പോരാട്ടങ്ങളും ഭൂതകാലത്തില്‍നിന്നും പുറത്തുവരാനുള്ള ശ്രമങ്ങളുമെല്ലാമാണ് സിനിമ ചിത്രീകരിക്കുന്നത്.

42 ചലച്ചിത്ര പദ്ധതികള്‍ക്ക് ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫാള്‍ ഗ്രാന്റ്‌

ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ(ഡിഎഫ്‌ഐ) ഫാള്‍ ഗ്രാന്റ്‌സ് 2019ന് അര്‍ഹമായ 42 ചലച്ചിത്ര പദ്ധതികള്‍ പ്രഖ്യാപിച്ചു. ആദ്യമായോ രണ്ടാമതായോ സംവിധാനം ചെയ്യുന്നവരുടെയും മെന മേഖലയിലെ പ്രതിഭാധനരായ സംവിധായകരുടെയും സിനിമകള്‍ക്കാണ് ഈ ഗ്രാന്റ് ലഭിക്കുന്നത്. 42പദ്ധതികളില്‍ ഇരുപതെണ്ണം ഖത്തരികള്‍ ഉള്‍പ്പടെയുള്ള അറബ് വനിതാ സംവിധായകരുടേതാണെന്നതും സവിശേഷതയാണ്. ഇത്തവണയും വനിതാ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് വര്‍ധിച്ച പ്രാധാന്യമാണ് ഡിഎഫ്‌ഐ നല്‍കിയിരിക്കുന്നത്. ഗ്രാന്റ് പദ്ധതികളില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഇത്തവണ.
വളര്‍ന്നു വരുന്ന പ്രതിഭകളെ സഹായിക്കുകയും സിനിമാ നിര്‍മാതാക്കള്‍ക്കിടയില്‍ സൃഷ്ടിപരമായ കൊടുക്കല്‍ വാങ്ങല്‍ സാധ്യമാക്കുകയും ചെയ്യുന്നതിനൊപ്പം സിനിമാലോകവുമായി ബന്ധപ്പെട്ട ഒരു ഡിഎഫ്‌ഐ അലുംനി ഉണ്ടാക്കിയെടുക്കുകയും ചെയ്യുകയാണ് സാമ്പത്തിക സഹായ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, മുഴുനീള ചിത്രങ്ങള്‍, ടിവി സീരിസ് തുടങ്ങിയവ സഹായത്തിന് അര്‍ഹമായവയില്‍പ്പെടും. ഖത്തരി പ്രതിഭകളുടെ രണ്ടു പദ്ധതികള്‍ക്ക് ടിവി സീരിസ് വിഭാഗത്തില്‍ ഗ്രാന്റ് അനുവദിക്കുന്നുണ്ട്. ഡിഎഫ്‌ഐയുടെ ഫാള്‍ ഗ്രാന്റ്‌സ് 2019ന് അര്‍ഹമായ 42 ചലച്ചിത്രപദ്ധതികളില്‍ 35 എണ്ണം മെന മേഖലയില്‍ നിന്നാണ്. ഏഴു പദ്ധതികള്‍ ഖത്തരി സംവിധായകരുടേതാണ്. ഏഴു പദ്ധതികള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ളവയാണ്. ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്, മെക്‌സിക്കോ, സ്വിറ്റ്‌സര്‍ലന്റ്, ഇന്ത്യ, റുമാനിയ, ഇറ്റലി, ഉക്രെയിന്‍, അര്‍ജന്റീന രാജ്യങ്ങളില്‍ നിന്നുള്ള പദ്ധതികള്‍ക്കാണ് ഈ വിഭാഗത്തില്‍ ഗ്രാന്റ് ലഭിക്കുക. പുതിയ സിനിമാറ്റിക് ശബ്ദങ്ങളെയും കഴിവുകളെയും തിരിച്ചറിയുന്നതിനും സാര്‍വത്രികമായി പ്രതിധ്വനിക്കുന്ന കഥകള്‍ കണ്ടെത്തുന്നതിനുമുള്ള പ്രധാന സംരംഭമായി ഡിഎഫ്‌ഐ ഗ്രാന്റ് പ്രോഗ്രാം മാറിയിട്ടുണ്ട്. സിനിമയിലെ യഥാര്‍ത്ഥ ശബ്ദങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് മേഖലയിലെ ചലച്ചിത്ര പ്രവര്‍ത്തകരെ അവരുടെ കഥാവതരണവുമായി ബന്ധപ്പെട്ട അഗ്രഹ സാക്ഷാത്കാരത്തെ പിന്തുണയ്ക്കുന്നതില്‍ പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അറബ് ലോകത്ത് ശക്തമായ ഒരു ചലച്ചിത്ര പരിതസ്ഥിതി സ്ഥാപിക്കുന്നതിന് സൃഷ്ടിപരമായ ആശയവിനിമയവും സര്‍ഗാത്മകതയും പ്രോത്സാഹിപ്പിക്കുകയും ചലച്ചിത്ര നിര്‍മാണത്തിലുടനീളം ക്രിയാത്മക പിന്തുണ നല്‍കുകയും ചെയ്യുകയെന്നതും ഡിഎഫ്‌ഐ ഗ്രാന്റ് പദ്ധതിയുടെ ലക്ഷ്യമാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അല്‍വതന്‍ സെന്ററില്‍ ഇന്റര്‍ടെക് ഹുവായ് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

പരിസ്ഥിതി പരിപാലനം: ഇപിആറിന്റെ ഇക്കോ ഡോം തുറന്നു