in ,

കായികതാരങ്ങളെ വരവേല്‍ക്കാന്‍ അത്‌ലറ്റിക്‌സ് വില്ലേജ് സജ്ജമാകുന്നു

ദോഹ: സെപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ ആറുവരെ നടക്കുന്ന ഐഎഎഎഫ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പായി ഖത്തര്‍ സജ്ജമായി.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന കായികതാരങ്ങളെ വരവേല്‍ക്കാന്‍ അത്‌ലറ്റിക്‌സ് വില്ലേജ് ഒരുങ്ങി. മത്സരങ്ങള്‍ക്ക് ഇനി 21 ദിനങ്ങള്‍. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൗണ്ട്ഡൗണ്‍ സമാപനത്തിലേക്ക് അടുക്കുന്നു.

വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധങ്ങളായ പരിപാടികളാണ് അരങ്ങേറിയത്. മിഡ്‌നൈറ്റ് മാരത്തോണും 4-400 മീറ്റര്‍ മിക്ഡസ് റിലേയുമാണ് ദോഹ അത്‌ലറ്റിക്‌സിന്റെ ഏറ്റവും പ്രധാന സവിശേഷത. ലോക അത്‌ലറ്റിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് 4-400 മീറ്റര്‍ മിക്ഡസ് റിലേ സംഘടിപ്പിക്കുന്നത്.

2019 ദോഹ അത്‌ലറ്റിക്‌സ് അവിസ്മരണീയമായ അനുഭവമാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഖത്തറിന്റെ പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന അത്‌ലറ്റിക്‌സ് വില്ലേജാണ് മുഖ്യ സവിശേഷത. 210ലധികം രാജ്യങ്ങളില്‍നിന്നായി ഒട്ടനവധി കായിക താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിത്തിലായിരിക്കും ചാമ്പ്യന്‍ഷിപ്പിലെ പ്രധാന മത്സരങ്ങള്‍. ഇവിടെ സവിശേഷമായ ഫാന്‍സോണും ഒരുക്കിയിട്ടുണ്ട്. വിവിധ സംസ്‌കാരങ്ങളില്‍ന്നെത്തുന്ന അത്‌ലറ്റുകളെ ആദരിക്കുകയും ബഹുമാനിക്കുകയുമാണ് ഇവിടെ. ഖലീഫ സ്റ്റേഡിയം ആഗോള സമൂഹമായി പരിവര്‍ത്തിപ്പിച്ചിട്ടുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന കമ്യൂണിറ്റികള്‍ക്ക് അത്‌ലറ്റിക്‌സ് വില്ലേജിലെ ആഘോഷങ്ങളില്‍ പങ്കാളികളാകാം. നൃത്ത, സംഗീത പ്രകടനങ്ങളെല്ലാം നടക്കും.

വില്ലേജില്‍ വിവിധ മേഖലകളായി തിരിച്ചായിരിക്കും സംസ്‌കാരിക ആഘോഷം അരങ്ങേറുക. ആഫ്രിക്ക, നോര്‍ത്ത്- സൗത്ത് അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവയെ പ്രതിനിധിനാം ചെയ്യുന്നതായിരിക്കും മേഖലകള്‍. ഓരോ രാജ്യത്തിന്റെയും പ്രമേയത്തിനനുസരിച്ചാണ് അലങ്കരിച്ചിരിക്കുന്നത്.

വിവിധ ഭക്ഷണരുചികള്‍, വിനോദപരിപാടികള്‍, സമ്മാനങ്ങള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരം അഞ്ചുമുതലാണ് പ്രവേശനം. മത്സരടിക്കറ്റുള്ളവര്‍ക്ക് വില്ലേജില്‍ സൗജന്യപ്രവേശനമായിരിക്കും. മിഡില്‍ഈസ്റ്റില്‍ ഇതാദ്യമായാണ് ലോക അത്‌ലറ്റിക്‌സ് നടക്കുന്നതെന്ന പ്രത്യേകതയുണ്ട്. കായികലോകത്തെയൊന്നാകെ ഖത്തറിലേക്ക് സ്വാഗതം ചെയ്യാനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.

വൊളന്റിയര്‍മാര്‍, കായികവിദഗ്ദ്ധര്‍, വ്യവസായ പ്രമുഖര്‍ എന്നിവരെല്ലാം പത്തുദിവസം നീളുന്ന ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കാളിയാകാന്‍ കാത്തിരിക്കുകയാണ്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നത്തിന്റെ ഖത്തറിലെ പര്യടനം തുടരുകയാണ്.

പത്തു ദിവസങ്ങൡലായി 128 മത്സരഇനങ്ങളാണ് നടക്കുന്നത്. ഏറ്റവും മികച്ച ചാമ്പ്യന്‍ഷിപ്പിനായി ദോഹ സജ്ജമാണെന്ന് ഐഎഎഫ് വൈസ്പ്രസിഡന്റും സംഘാടകസമിതി വൈസ് ചെയര്‍മാനുമായ ദഹ് ലന്‍ അല്‍ഹമദ് പറഞ്ഞു.

സ്റ്റേഡിയങ്ങളും ഹോട്ടലുകളും മറ്റു സൗകര്യങ്ങളുമെല്ലാം സജ്ജമാണ്. ഖലീഫ സ്റ്റേഡിയത്തിലെ ശീതീകരണസംവിധാനം മികച്ചതാണെന്ന് ഐഎഎഎഫ് കൗണ്‍സിലും വ്യക്തമാക്കി. ഖത്തറിന്റെ ഒരുക്കങ്ങളില്‍ ആഗോള കായികലോകം മതിപ്പു പ്രകടിപ്പിച്ചിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സീബര്‍ഗ് എല്‍എന്‍ജി ടെര്‍മിനലില്‍ പ്രകൃതി വാതകം ഇറക്കല്‍: ഖത്തര്‍ പെട്രോളിയം കരാര്‍ ഒപ്പുവച്ചു

കാഴ്ചാവൈവിധ്യം സമ്മാനിച്ച് സുഹൈല്‍ പ്രദര്‍ശം സന്ദര്‍ശക ശ്രദ്ധയാകര്‍ഷിക്കുന്നു