in , , ,

കായിക ചാമ്പ്യന്‍ഷിപ്പുകള്‍ ഫിഫ ലോകകപ്പിന് സഹായകരം: അല്‍തവാദി

ദോഹ: ഖത്തറില്‍ നടക്കുന്ന വിവിധ രാജ്യാന്തര കായിക ചാമ്പ്യന്‍ഷിപ്പുകള്‍ 2022ലെ ഫിഫ ലോകകപ്പ് മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിന് സഹായകരമാണെന്ന് സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദി. അറേബ്യന്‍ ഗള്‍ഫ് കപ്പ്, ഫിഫ ക്ലബ് വേള്‍ഡ് കപ്പ് എന്നിവ സംഘടിപ്പിച്ചതില്‍ നിന്ന് ടിക്കറ്റിങ്, സുരക്ഷ, ആശയവിനിമയം, യാത്ര, താമസം, പ്രോട്ടോക്കോള്‍ തുടങ്ങി എല്ലാ പ്രവര്‍ത്തന മേഖലകളിലും ധാരാളം കാര്യങ്ങള്‍ പഠിക്കാനായതായും സുപ്രീംകമ്മിറ്റി വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ അല്‍തവാദി വ്യക്തമാക്കി.
രണ്ട് ടൂര്‍ണമെന്റുകളും 2022ല്‍ മികച്ച ഒരു ലോകകപ്പ് ഉറപ്പാക്കുന്നതിനുള്ള ശരിയായ പാതയിലാണെന്ന് ഞങ്ങള്‍ തെളിയിച്ചു. രണ്ട് ചാമ്പ്യന്‍ഷിപ്പുകളും വിലമതിക്കാനാവാത്തതാണ്. 2020ല്‍ നടക്കുന്ന ക്ലബ് ലോകകപ്പും 2021ല്‍ ആതിഥേയത്വം വഹിക്കുന്ന പരിപാടികളും സമാനമായിരിക്കും. അവയെല്ലാം സുപ്രധാന പഠനാനുഭവങ്ങളാണ്- അല്‍തവാദി വിശദീകരിച്ചു. വിജയങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആസ്വാദകര്‍ക്കും കളിക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും 2022ല്‍ അവിസ്മരണീയമായ ലോകകപ്പ് അനുഭവം പ്രദാനം ചെയ്യുന്നതിന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ധാരാളം വെല്ലുവിളികള്‍ അവശേഷിക്കുന്നു.
എങ്കില്‍ത്തന്നെയും രണ്ട് ടൂര്‍ണമെന്റുകളുടെയും സംഘാടനത്തില്‍ അഭിമാനമുണ്ട്. ഇതുവരെ ലഭിച്ച പ്രതികരണങ്ങളില്‍ സന്തുഷ്ടരാണ്. സൃഷ്ടിപരമായ വിമര്‍ശനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വിലയിരുത്തുകയും 2020ലും അതിനുശേഷവും പഠിച്ച പാഠങ്ങള്‍ പ്രയോഗിക്കുകയും ചെയ്യും- അല്‍തവാദി പറഞ്ഞു. ഫിഫ ക്ലബ്ബ് ലോകകപ്പില്‍ ലോകമെമ്പാടുനിന്നും ഫുട്‌ബോള്‍ ആസ്വാദകരുടെ ഒഴുക്കുണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഇതൊരു പ്രധാന പരീക്ഷണമായിരുന്നു. ആസ്വാദകരെ തുറന്ന കൈകളോടെയാണ് സ്വാഗതം ചെയ്തത്. ഖത്തരി അറബ് ആതിഥ്യമര്യാദ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് തങ്ങള്‍ എല്ലായ്‌പ്പോഴും പറഞ്ഞിട്ടുണ്ട്.
അതാണ് ക്ലബ് ലോകകപ്പിലും ഖത്തര്‍ ചെയ്തത്- അല്‍തവാദി മറുപടി നല്‍കി. ആസ്വാദക അനുഭവം മെച്ചപ്പെടുത്തേണ്ട മേഖലകള്‍ ഇനിയുമുണ്ട്. ആശയവിനിമയ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് മുന്‍ഗണന നല്‍കേണ്ട ചില കാര്യങ്ങളുണ്ട്. യാത്ര, സുരക്ഷ, ടിക്കറ്റിങ് എന്നിവ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍. ആസ്വാദകര്‍ക്ക് ഖത്തറിലെ സാംസ്്കാരിക മാനദണ്ഡങ്ങള്‍ പരിചിതമാണെന്നും രാജ്യം സന്ദര്‍ശിക്കുന്നത് സുഖകരവും സംതൃപ്തവുമാണെന്ന്് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2022ലെ ഏറ്റവും വലിയ വെല്ലുവിളി എല്ലാ വിഭാഗം ജനങ്ങളെയും കൈകാര്യം ചെയ്യുകയെന്നതാണ്. ഹോട്ടലുകള്‍, പരിശീലന സൈറ്റുകള്‍, സ്റ്റേഡിയങ്ങള്‍, ഫാന്‍ സോണുകള്‍ എന്നിവയ്ക്കിടയില്‍ കാണികള്‍, കളിക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഗതാഗത നീക്കങ്ങളിലും ചലനങ്ങളിലും ശ്രദ്ധാപൂര്‍വമായ ആസൂത്രണം ആവശ്യമാണ്. അടുത്തിടെ നടന്ന രണ്ട് ടൂര്‍ണമെന്റുകളിലും ദോഹ മെട്രോയുടെ പ്രവര്‍ത്തനം വലിയ നേട്ടമായിരുന്നു. ഇത് എല്ലാവര്‍ക്കും വളരെ സൗകര്യപ്രദമാണ്. ഖത്തറിന്റെ ചുറ്റും സഞ്ചരിക്കുന്നതിന് ചെലവുകുറഞ്ഞതും വേഗമേറിയതുമായ മാര്‍ഗമാണ് മെട്രോയെന്നും അദ്ദേഹം പറഞ്ഞു. അല്‍ജാനൂബ് സ്റ്റേഡിയം പ്രവര്‍ത്തനം തുടങ്ങിയത് 2019ലെ ശ്രദ്ധേയ നേട്ടമാണ്. നാലു സ്റ്റേഡിയങ്ങള്‍ അവസാന ഘട്ടത്തിലാണ്. എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം, അല്‍ബയ്ത്ത് സ്റ്റേഡിയം, അല്‍റയ്യാന്‍ സ്റ്റേഡിയം, അല്‍തുമാമ സ്റ്റേഡിയം എന്നിവ. മറ്റു രണ്ടു സ്റ്റേഡിയങ്ങളായ റാസ് അബുഅബൗദ്, ലുസൈല്‍ സ്റ്റേഡിയങ്ങളും പൂര്‍ത്തിയായിവരുന്നു. ലോകകപ്പിന് വളരെ മുമ്പ് അവയും സജ്ജമാകുമെന്നും അല്‍തവാദി പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

‘മതപൗരനല്ല; രാജ്യ പൗരന്‍’ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു

ഒരു വര്‍ഷം ആകര്‍ഷക പരിപാടികള്‍; ഖത്തര്‍-ഇന്ത്യ സാംസ്‌കാരികവര്‍ഷം സമാപിച്ചു