in

കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍: 82 ഫാമുകളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി

(പ്രതീകാത്മക ചിത്രം)

ദോഹ: 82 കാര്‍ഷിക ഫാമുകളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. കാര്‍ഷിക ഫാമുകളില്‍ തൊഴിലാളി ക്യാമ്പുകള്‍. വെയര്‍ഹൗസുകള്‍ സ്ഥാപിക്കല്‍ ഉള്‍പ്പടെ കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായാണ് പരിശോധനയില്‍ വ്യക്തമായത്.
അല്‍ഷഹാനിയ, അല്‍റയ്യാന്‍, അല്‍വഖ്‌റ, ഉംസലാല്‍ മുനിസിപ്പാലിറ്റികളിലാണ് ഇത്രയധികം നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ നടത്തിയ 48 ഫാമുകള്‍ പൂര്‍ണമായും അടച്ചുപൂട്ടി.
ചെറിയ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 34 ഫാമുകളില്‍ സ്ഥിതിഗതിതകള്‍ ശരിയാക്കാനും ലംഘനങ്ങള്‍ തിരുത്തുന്നതിനും നിര്‍ദേശം നല്‍കി. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ സമഗ്രമായ ദേശവ്യാപക പദ്ധതിയുടെ ഭാഗമായി വ്യവസായ വാണിജ്യ മന്ത്രാലയം, ഭരണവികസന തൊഴില്‍ സാമൂഹ്യകാര്യമന്ത്രാലയം, ആഭ്യന്തര സുരക്ഷാ സേന(ലഖ്‌വിയ) എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിന്‍. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി നിരവധി ലംഘനങ്ങള്‍ നീക്കാന്‍ കാമ്പയിന്‍ കാരണമായി.
കാര്‍ഷിക ഫാമുകള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. അല്‍ഷഹാനിയ മുനിസിപ്പാലിറ്റിയില്‍ 32 നിയമലംഘനങ്ങളാണ് ഫാമുകളില്‍ കണ്ടെത്തിയത്. 20 ഫാമുകളില്‍ ലംഘനങ്ങള്‍ നീക്കം ചെയ്യുകയും പന്ത്രണ്ട് ഫാമുകളിലെ നേരിയ ലംഘനങ്ങള്‍ ശരിയാക്കുകയും ചെയ്തു. അല്‍റയ്യാന്‍ മുനിസിപ്പാലിറ്റിയില്‍ 12 നിയമലംഘനങ്ങള്‍ നീക്കം ചെയ്യുകയും ഏഴു ലംഘനങ്ങള്‍ തിരുത്തുകയും ചെയ്തു. അല്‍വഖ്‌റ മുനിസിപ്പാലിറ്റിയില്‍ അഞ്ചു ലംഘനങ്ങള്‍ നീക്കം ചെയ്തു. എട്ടു ലംഘനങ്ങളും ശരിയാക്കി.
ജനുവരി ഒന്‍പതു മുതല്‍ അല്‍ഖോര്‍, ദഖീറ മുനിസിപ്പാലിറ്റികളില്‍ പരിശോധനാകാമ്പയിന്‍ തുടങ്ങി. ഇതുവരെ 18 ലംഘനങ്ങള്‍ കണ്ടെത്തി. ഇവിടത്തെ പരിശോധനാകാമ്പയിന്‍ പൂര്‍ത്തിയാകുന്നതോടെ ഇന്‍സ്‌പെക്ടര്‍മാര്‍ ദായേന്‍, ശമാല്‍ മുനിസിപ്പാലിറ്റികളിലേക്ക് നീങ്ങും. എല്ലാ ലംഘനങ്ങളും പരിഹരിക്കപ്പെടുന്നതുവരെ കാമ്പയിന്‍ തുടരും. കാര്‍ഷിക ഫാമുകളില്‍ ലേബര്‍ ക്യാമ്പുകള്‍, വെയര്‍ ഹൗസുകള്‍, കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത് നിയമലംഘനമാണ്. കൃഷിസ്ഥലങ്ങളിലെ കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും മുനിസിപ്പാലിറ്റികളുമായി സഹകരിക്കണമെന്നും മുനിസിപ്പല്‍, പരിസ്ഥിതി മന്ത്രാലയം ഫാം ഉടമകളോട് ആവശ്യപ്പെട്ടു. രാജ്യത്ത് ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിന് ഫാമുകളില്‍നിന്നും പ്രയോജനം നേടുകയെന്ന ലക്ഷ്യത്തോടെ മുനിസിപ്പാലിറ്റി പരിസ്ഥിതിമന്ത്രാലയത്തിന്റെ താല്‍പര്യത്തിന്റെ ചട്ടക്കൂടുകള്‍ക്കുള്ളില്‍നിന്നുകൊണ്ടാണ് കാമ്പയിന്‍.
കൃഷിസ്ഥലങ്ങള്‍ അനധികൃതമായി ചൂഷണം ചെയ്യരുതെന്നും ആഹ്വാനം ചെയ്തു. നിയമപരമായ ഉത്തരവാദിത്വം ഒഴിവാക്കുന്നതിന് എല്ലാ ലംഘനങ്ങളും നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകതയും ഉയര്‍ത്തിക്കാട്ടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഡിസംബറില്‍ ഖത്തറിന്റെ വിദേശ വ്യാപാരമിച്ചം 14.3 ബില്യണ്‍ റിയാല്‍

ഇസ്‌ലാഹി സെന്റര്‍ സെമിനാര്‍ സംഘടിപ്പിച്ചു