
ദോഹ: കാലാഹരണപ്പെടല്‍ തീയതിയില്‍ മാറ്റംവരുത്തിയ നിലയില്‍ ഒരു ടണ്ണിലധികം ഭക്ഷ്യോത്പന്നങ്ങള്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പിടിച്ചെടുത്തു. കാലാവധി കഴിഞ്ഞ ഉത്പന്നങ്ങള്‍ തീയതി മാറ്റി വില്‍ക്കാനുള്ള ശ്രമമാണ് അധികൃതര്‍ പരാജയപ്പെടുത്തിയത്. മധുരപലഹാരങ്ങളും ഭക്ഷ്യവിത്തുകളും ഉള്‍പ്പടെ പിടിച്ചെടുത്തു. അല്‍മുര്‍റ വെസ്റ്റിലെ ഒരു വീട്ടില്‍നിന്നാണ് ഇത്രയധികം ഉത്പന്നങ്ങള്‍ കണ്ടെടുത്തത്.ഈ വര്‍ഷം സെപ്തംബര്‍ ഒന്‍പതിന് കാലാവധി കഴിഞ്ഞ 350 കിലോ മധുരപലഹാരങ്ങള്‍, ഈ മെയ് നാലിന് കാലാവധി തീര്‍ന്ന 30 കിലോ മധുരപലഹാരങ്ങള്‍, 2019 ജൂലൈ 25ന് കാലാവധി കഴിഞ്ഞ 360കിലോ തണ്ണിമത്തന്‍ വിത്തുകള്‍, 2019 ജൂലൈ 25ന് കാലാവധി കഴിഞ്ഞ സൂുപ്പര്‍റോസ്റ്റഡ് വിത്തുകള്‍ എന്നിവ ഉള്‍പ്പടെയാണ് പിടിച്ചെടുത്തത്.
അല്‍ഖോര്‍ അല്‍ദഖീറ മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥരില്‍നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ അല്‍റയ്യാന്‍ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ നിരീക്ഷണ യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍മാരാണ് റെയ്ഡിനു നേതൃത്വം നല്‍കിയത്. റെയ്ഡിനു മുമ്പായി മതിയായ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചശേഷമാണ് ഇന്‍സ്‌പെക്ടര്‍മാര്‍ വസതിയില്‍ റെയ്ഡ് നടത്തിയത്.
ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നതായിരുന്നു ഈ വീട്. കാലാവധികഴിഞ്ഞ ഭക്ഷ്യോത്പന്നങ്ങളുടെ കാലഹരണപ്പെടല്‍ തീയതില്‍ മാറ്റംവരുത്തി റീപാക്കേജിങ് നടത്തുന്ന സമയത്താണ് ഇന്‍സ്‌പെക്ടര്‍മാര്‍ നിയമലംഘകരെ പിടികൂടിയത്. റീപാക്കേജിനുശേഷം രാജ്യത്തൊട്ടാകെ വിതരണം ചെയ്യാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അധികൃതര്‍ ഈ നീക്കം പൊളിക്കുകയായിരുന്നു. മനുഷ്യ ഉപഭോഗത്തിനായുള്ള ഭക്ഷ്യവസ്തുക്കള്‍ നിയന്ത്രിക്കുന്നതു സംബന്ധിച്ച 1990ലെ എട്ടാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഇന്‍സ്‌പെക്ടര്‍മാര്‍ ലംഘനങ്ങള്‍ രേഖപ്പെടുത്തി. അല്‍റയ്യാന്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ 60 ദിവസത്തേക്ക് സ്റ്റോര്‍ (വീട്) അടച്ചുപൂട്ടാനുള്ള ഭരണപരമായ തീരുമാനം പുറപ്പെടുവിച്ചു. നിയമലംഘകരെ കൂടുതല്‍ നിയമനടപടികള്‍ക്കായി സുരക്ഷാ ഏജന്‍സികള്‍ക്കു കൈമാറി.