in ,

കാല്‍നടയാത്രക്കാര്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി

ഗതാഗത നിയമങ്ങള്‍ കര്‍ക്കശമാക്കുന്നു; നിയമലംഘകര്‍ക്ക് പിഴ

ദോഹ: ഖത്തറില്‍ കാല്‍നടയാത്രക്കാരുടെ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കുന്നു. കാല്‍നടക്കാര്‍ റോഡ് മുറിച്ചുകടക്കുമ്പോഴും മറ്റും നിയമം ലംഘിച്ചാല്‍ അവരുടെ ഖത്തര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ സഹായത്തോടെ നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്യും.

ഓഗസ്റ്റ് മുതല്‍ നിയമലംഘനങ്ങള്‍ക്ക് ശിക്ഷ നടപ്പാക്കും. അപകടരഹിത വേനല്‍ കാമ്പയിന്റെ ഭാഗമായിക്കൂടിയാണിത്. കാല്‍നടയാത്രികര്‍ ഗതാഗത നിയമലംഘനങ്ങള്‍ ലംഘിച്ചാലുള്ള പിഴയും നിശ്ചയിച്ചിട്ടുണ്ട്. കാല്‍നടയാത്രികര്‍ റോഡിന്റെ മധ്യത്തിലുള്ള ഡിവൈഡറിലൂടെ നടക്കുകയോ റോഡരികിലെ നടപ്പാത ഉപയോഗിക്കാതിരിക്കുകയോ ചെയ്താല്‍ 100 റിയാല്‍ പിഴ ഒടുക്കേണ്ടി വരും.

റോഡില്‍ കാല്‍നടയാത്രികര്‍ക്കായി പ്രത്യേക നടപ്പാത ഇല്ലെങ്കില്‍ കൂടി റോഡിന്റെ അരികില്‍ കൂടി തന്നെയാണ് നിര്‍ബന്ധമായും നടക്കേണ്ടത്. ഇല്ലെങ്കിലും 100 റിയാല്‍ പിഴ നല്‍കേണ്ടി വരും. കാല്‍നടക്കുള്ള പ്രത്യേക ഭാഗങ്ങളായ സീബ്രാലൈനുകള്‍ പോലുള്ളവ ഉപയോഗിക്കാതെയോ മറ്റ് മുന്‍കരുതല്‍ എടുക്കാതെയോ റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാര്‍ 200 റിയാല്‍ പിഴ അടക്കേണ്ടി വരും.

മറ്റ് ഗതാഗത നിയമങ്ങള്‍ പാലിക്കാത്ത ഘട്ടത്തില്‍ 500 റിയാലായിരിക്കും പിഴ. ഇന്റര്‍സെക്ഷനില്‍ റോഡ് സിഗ്‌നലിനു കാത്തുനില്‍ക്കാതെ മുറിച്ചുകടക്കല്‍, മിലിട്ടറി പരേഡ് പോലുള്ള ഘട്ടത്തില്‍ അധികൃതര്‍ മറ്റ് വാഹനങ്ങളെ തടഞ്ഞുനിര്‍ത്തുന്ന ഘട്ടത്തില്‍ അവയെ പ്രതികൂലമായി ബാധിക്കുന്ന രൂപത്തില്‍ പെരുമാറുന്ന കല്‍നടക്കാര്‍ എന്നിവരും പിഴ നല്‍കേണ്ടിവരും. ഓഗസ്റ്റ് ആദ്യം മുതല്‍ തന്നെ കാല്‍നടയാത്രികരുടെ നിയമലംഘനങ്ങള്‍ വകുപ്പ് രേഖപ്പെടുത്തിതുടങ്ങും.

ഖത്തര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗപ്പെടുത്തിയാണ് ഇത് ചെയ്യുക. വാഹനം ഓടിക്കുന്നവരേക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ കാല്‍നടയാത്രക്കാരാണ്. അതുകൊണ്ടുതന്നെ റോഡ് സുരക്ഷ പാലിക്കുന്നതില്‍ കാല്‍നടയാത്രികരുടെ പങ്ക് സുപ്രധാനമാണ്. കാല്‍നട ഗതാഗതത്തിന്റെ പുതിയ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനായി ആഭ്യന്തരമന്ത്രാലയം വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ട്.

കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗങ്ങള്‍ തന്നെ ഉപയോഗിക്കണം. ക്രോസ്‌വാക്കുകള്‍, കാല്‍നടപ്പാതകള്‍ എന്നിവയിലൂടെയായിരിക്കണം റോഡ് മുറിച്ചുകടക്കേണ്ടത്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥന്റെയോ ട്രാഫിക് സിഗ്‌നലിന്റെയോ അഭാവത്തില്‍ റോഡ് മുറിച്ചുകടക്കുന്നവരെ കൂടി പരിഗണിക്കാനും അവരുടെ സുരക്ഷയില്‍ വീഴ്ചവരുത്താതിരിക്കാനും ഡ്രൈവര്‍മാര്‍ നിര്‍ബന്ധിതരാകും. ഗതാഗതനിയമത്തില്‍ കാല്‍നടയാത്രികരുടെ കടമകളും ഉത്തരവാദിത്വത്തങ്ങളും അവകാശങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഇത് എല്ലാവരും പാലിക്കണം.

ഇതിനായി എല്ലാവരെയും ബോധവത്കരിക്കുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. കാല്‍നടയാത്രികര്‍ ഉള്‍പ്പടുന്ന റോഡ് അപകടങ്ങള്‍ 2018ല്‍ കുറഞ്ഞിട്ടുണ്ടെങ്കിലും അന്തിമ ലക്ഷ്യത്തിലേക്കെത്താന്‍ ഇനിയുമേറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് ഗതാഗത പഠന ഗവേഷണ വിഭാഗം ഓഫിസര്‍ ഫസ്റ്റ് ലഫ്റ്റനന്റ് അബ്ദുല്‍ റഹ്മാന്‍ അല്‍അവി പറഞ്ഞു.

ഇതിനായി കൂടുതല്‍ കാല്‍നടപാതകളും പാലങ്ങളും നിര്‍മിക്കേണ്ടതുണ്ട്. പ്രധാന നിരത്തുകളിലും ഹൈവേകളിലും ഉള്‍പ്പടെ പാതകളും പാലകളും നിര്‍മിക്കണം. ഇന്റര്‍സെക്ഷനുകളില്‍ കൂടുതലായി ലൈറ്റ് സിഗ്‌നലുകള്‍ വേണം. പ്രത്യേക ഇരുമ്പ് ബാറുകള്‍ കാല്‍നടക്കാരുടെ സുരക്ഷക്കായി നിര്‍മിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കാല്‍നടയാത്രികരുടെ ഉത്തരവാദിത്വങ്ങളും കടമകളും: സെമിനാര്‍ സംഘടിപ്പിച്ചു

ഡെപ്യൂട്ടി അമീര്‍ കൊറിയന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി