in ,

കാല്‍നടയാത്രികരുടെ ഉത്തരവാദിത്വങ്ങളും കടമകളും: സെമിനാര്‍ സംഘടിപ്പിച്ചു

മലയാളത്തില്‍ ഉള്‍പ്പടെ ബോധവത്കരണ കാമ്പയിന്‍

ആഭ്യന്തരമന്ത്രാലയം ട്രാഫിക് ആസ്ഥാനത്ത് സംഘടിപ്പിച്ച സെമിനാറില്‍ നിന്ന്

ദോഹ: കാല്‍നടക്കാരുടെ ഉത്തരവാദിത്തങ്ങളും കടമകളും വിശദീകരിച്ച് ആഭ്യന്തരമന്ത്രാലയം ട്രാഫിക് ആസ്ഥാനത്ത് സെമിനാര്‍ സംഘടിപ്പിച്ചു. ട്രാഫിക്ക് ജനറല്‍ ഡയറക്ടറേറ്റാണ് ഗതാഗത ബോധവത്കരണ വകുപ്പ്, ആഭ്യന്തരമന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുമായി ചേര്‍ന്ന് സെമിനാര്‍ നടത്തിയത്. റോഡ് സുരക്ഷയില്‍ കാല്‍നടക്കാര്‍ക്കും വലിയ ഉത്തരവാദിത്തങ്ങളാണുള്ളത്.

ജാഗ്രതയില്ലാതെയും ഇഷ്ടാനുസരണവും റോഡു മുറിച്ചുകടക്കല്‍, സിഗ്‌നലുകള്‍ ശ്രദ്ധിക്കാതിരിക്കല്‍ തുടങ്ങിയവ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് സെമിനാറില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. തെരുവുകളും റോഡുകളും സുരക്ഷിതമായി ഉപയോഗിക്കുക, ഗതാഗത നിയമങ്ങള്‍ പാലിക്കുക തുടങ്ങിയവയില്‍ പൊതുജനങ്ങള്‍ക്ക് അറിവു പകര്‍ന്നുനല്‍കുകയാണ് സെമിനാറിലൂടെ ലക്ഷ്യമിടുന്നത്്.

ഓഗസ്റ്റ് ഒന്നുമുതല്‍ കാല്‍നടക്കാരുടെയും നിയമലംഘനങ്ങള്‍ മന്ത്രാലയം നിരീക്ഷിക്കുകയും കുറ്റങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യും. ഇക്കാര്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതുകൂടി സെമിനാറിന്റ ഭാഗമായിരുന്നു. ഗതാഗതവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കേണല്‍ നാസര്‍ ദര്‍മാന്‍ അല്‍ ഹജ്‌രി, ബോധവത്കരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ ജാബര്‍ മുഹമ്മദ് ഉദൈബ എന്നിവര്‍ പങ്കെടുത്തു.

വിവിധ വകുപ്പ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും പങ്കാളികളായി. രാജ്യത്തെ പൗരന്‍മാരുടെയും താമസക്കാരുടെയും റോഡിലെയും നിരത്തുകളിലെയും സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയില്ലെന്നും അതിനാലാണ് ഇത്തരത്തിലുള്ള ബോധവത്കരണ പരിപാടികള്‍ മന്ത്രാലയം സ്ഥിരമായി നടത്തുന്നതെന്നും ലെഫ്റ്റനന്റ് കേണല്‍ ജബര്‍ മുഹമ്മദ് ഉദൈബ പറഞ്ഞു.

കാല്‍നടക്കാരുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികള്‍ വിവിധ കമ്പനികളുമായും സ് ഥാപനങ്ങളുമായും വിദേശി കമ്മ്യൂണിറ്റികളുമായും മാധ്യമങ്ങളുമായും സഹകരിച്ചാണ് നടത്തുക. ഏഷ്യന്‍ കമ്മ്യൂണിറ്റികള്‍ക്കിടയില്‍ കൂടുതലായി ബോധവത്കരണപരിപാടികള്‍ നടത്തും. പ്രവാസികളില്‍ നല്ലൊരുപങ്കും ഏഷ്യക്കാര്‍ ആണെന്നതിനാലാണിത്. അറബിക്, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, നേപ്പാളീസ്, മലയാളം ഭാഷകളില്‍ പരിപാടികള്‍ നടത്തും.

പ്രാദേശിക മാധ്യമങ്ങള്‍, സമൂഹ മാധ്യമങ്ങള്‍, സെമിനാറുകള്‍, ഫീല്‍ഡ് ബോധവത്കരണം തുടങ്ങിയവ ഉപയോഗപ്പെടുത്തും. കാല്‍നടപ്പാതകളിലും ഇന്റര്‍സെക്ഷനുകളിലും ട്രാഫിക് സിഗ്‌നലുകളിലും വിന്യസിച്ചിരിക്കുന്ന ട്രാഫിക് പൊലീസ് പട്രോള്‍ സംഘത്തിന്റെ നിര്‍ദേശങ്ങള്‍ എല്ലാ കാല്‍നടക്കാരും പാലിക്കണം.

എതിരെ വരുന്ന വാഹനങ്ങളുടെ വേഗത പലപ്പോഴും മുന്‍കൂട്ടി അനുമാനിക്കാന്‍ കഴിയില്ല. ഇതിനാല്‍ എല്ലാവരും നിര്‍ദേശിക്കെപ്പട്ട ഭാഗത്തുകൂടി മാത്രമേ റോഡ് മുറിച്ചുകടക്കാവൂ എന്നും അധികൃതര്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ പെട്രോളിയത്തിന്റെ പ്രാദേശികവല്‍ക്കരണ പദ്ധതിക്ക് മികച്ച പ്രതികരണം

കാല്‍നടയാത്രക്കാര്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി