in ,

കാല്‍നട യാത്രികര്‍ ഉള്‍പ്പെടുന്ന ഗതാഗത അപകടങ്ങള്‍ കുറക്കുന്നതിന് കാമ്പയിന്‍

ട്രാഫിക് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കോര്‍ണീഷില്‍ തൊഴിലാളികള്‍ക്ക് സുരക്ഷാവസ്ത്രങ്ങള്‍ നല്‍കുന്നു

ദോഹ: നിരത്തുകളിലെ സുരക്ഷ കാര്യക്ഷമമാക്കുന്നതിനും റോഡ് അപകടങ്ങള്‍ ഒഴിവാക്കുന്നതിനും ശക്തമായ നടപടികളുമായി ആഭ്യന്തരമന്ത്രാലയം. വാഹന, കാല്‍നട യാത്രികര്‍ റോഡുസുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. നിയമങ്ങള്‍ പാലിക്കാതെയും അശ്രദ്ധമായും ജാഗ്രതക്കുറവോടെയുമുള്ള യാത്രകളും നടപടികളും മരണത്തിനും ഗുരുതര പരിക്കുകള്‍ക്കുമിടയാക്കും.

കാല്‍നടയാത്രികര്‍ക്കിടയില്‍ ഗതാഗത അപകടങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് കാമ്പയിന്‍ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോര്‍ണീഷില്‍ തൊഴിലാളികള്‍ക്ക് റിഫ്‌ളക്ടീവ് സേഫ്റ്റി വെസ്റ്റ്(പ്രതിഫലന സുരക്ഷാ വസ്ത്രം) വിതരണം ചെയ്തു. നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലൂടെ റോഡ് എങ്ങനെ സുരക്ഷിതമായി മുറിച്ചുകടക്കണം എന്നതിലുള്‍പ്പടെ തൊഴിലാളികള്‍ക്കിടയില്‍ ബോധവത്കരണം നടത്തി.

കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ വലിയ വെല്ലുവിളിയാകുന്നുണ്ട്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ അടുത്തിടെയുള്ള സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെട്ട അപകടങ്ങളില്‍ 2017ല്‍ 32 മരണങ്ങളാണുണ്ടായത്. ഈ വിഷയം കൈകാര്യം ചെയ്യുന്നതിനായി ട്രാഫിക് വകുപ്പ് നിരവധി പദ്ധതികളും പരിപാടികളുമാണ് നടപ്പാക്കുന്നത്.

കൂടുതല്‍ അപകടമരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ അപകടങ്ങള്‍ കുറക്കുന്നതിനായി പ്രത്യേക കര്‍മ്മപദ്ധതി നടപ്പാക്കുന്നുണ്ട്. ട്രാഫിക് വകുപ്പിന്റെ ഇപ്പോള്‍ നടന്നുവരുന്ന അപകടരഹിത വേനല്‍ കാമ്പയിന്റെ ഭാഗമായിക്കൂടിയാണ് കോര്‍ണീഷില്‍ തൊഴിലാളികള്‍ക്കുള്‍പ്പടെ സുരക്ഷാവസ്ത്രങ്ങള്‍ വിതരണം ചെയ്തത്.

ഗതാഗത നിയമങ്ങളുടെ ലംഘനത്തിനുള്ള പിഴ ഒഴിവാക്കല്‍, ജീവന്‍ രക്ഷിക്കല്‍, അപകടമുക്തമാക്കല്‍ എന്നിവ ലക്ഷ്യമിട്ട് തൊഴിലാളികള്‍ക്കിടയിലാണ് പ്രധാനമായും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുന്നത്. ഗതാഗത ബോധവല്‍ക്കരണ വകുപ്പ്, പട്രോള്‍സ് വകുപ്പ്, ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് എന്നിവയെല്ലാം കാമ്പസിന്റെ ഭാഗമാകുന്നുണ്ട്.

മദീനഖലീഫ, അല്‍റയ്യാന്‍, അല്‍മാമൂറ, ഓള്‍ഡ് എയര്‍പോര്‍ട്ട്, ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലാണ് കാല്‍നടയാത്രികര്‍ ഉള്‍പ്പെട്ട ഏറ്റവുമധികം അപകടങ്ങള്‍ നടന്നത്. ഈ മേഖലകള്‍ കേന്ദ്രീകരിച്ചാണ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നത്. വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. പ്രത്യേകിച്ചും റൗണ്ട് എബൗട്ടുകള്‍, ഇന്റര്‍സെക്ഷനുകള്‍, റോഡ് കുറുകെ കടക്കുന്ന പാത എന്നിവിടങ്ങളില്‍ വാഹനത്തിന്റെ വേഗം കുറയ്ക്കണം.

കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, അംഗപരിമിതിയുള്ളവര്‍ എന്നിവര്‍ റോഡ് കുറുകെ കടക്കുമ്പോള്‍ കൂടുതല്‍ സമയം അവര്‍ക്ക് നല്‍കണം. കാല്‍നടയാത്രക്കാരുടെ പാതകള്‍ക്ക് സമീപം വാഹനങ്ങള്‍ മറികടക്കാന്‍ ശ്രമിക്കരുത്. ആസ്പത്രികള്‍, സ്‌കൂളുകള്‍, പള്ളികള്‍, പാര്‍പ്പിട മേഖല എന്നിവിടങ്ങളിലൂടെ വാഹനം ഓടിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണം. വാഹനങ്ങള്‍ പിറകോട്ട് എടുക്കുമ്പോഴും ശ്രദ്ധിക്കണം.

കാല്‍നടയാത്രക്കാര്‍ക്ക് പോകാനായി വാഹനങ്ങള്‍ നിര്‍ത്തുമ്പോഴോ റോഡില്‍ വാഹനങ്ങള്‍ ഇല്ലാത്ത സമയങ്ങളിലോ വേഗത്തില്‍ മുറിച്ചുകടക്കാന്‍ ശ്രമിക്കരുത്. വേഗം കൂട്ടി നടക്കുകയോ ഓടുകയോ ചെയ്യുന്നത് തെന്നിവീഴാന്‍ ഇടയാകും. ശരിയായ പ്രകാശമില്ലാത്ത ഇരുണ്ട സ്ഥലങ്ങളിലൂടെ റോഡ് മുറിച്ച് കടക്കുമ്പോള്‍ പ്രതിഫലനശേഷിയുള്ളതോ തെളിച്ചമുള്ളതോ ആയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഉചിതമായിരിക്കും. ഡ്രൈവര്‍മാര്‍ക്ക് കാഴ്ച വ്യക്തമാകാന്‍ ഇത് സഹായിക്കും.

റോഡ് കുറുകെ കടക്കുമ്പോള്‍ ചെറിയ കുട്ടികളെ കൈകളിലെടുക്കണം. കാല്‍നടയാത്രക്കാര്‍ റോഡ് കുറുകെ കടക്കാന്‍ സീബ്ര ലൈന്‍, കാല്‍നടയാത്രക്കാരുടെ സിഗ്‌നല്‍ എന്നിവ ഫലപ്രദമായി പ്രയോജനപ്പെടുത്തണം. ഗതാഗത പോലീസിന്റെ സാന്നിധ്യമുണ്ടെങ്കില്‍ അവരുടെ സേവനം ഉപയോഗിക്കണം. റോഡ് മുറിച്ചുകടക്കുന്നതിനായി കാത്തു നില്‍ക്കുമ്പോള്‍ റോഡിന്റെ അറ്റത്ത് നിന്ന് പരമാവധി അകലം പാലിക്കണം.

റോഡ് ശരിയായി നിരീക്ഷിച്ചശേഷമായിരിക്കണം റോഡ് മുറിച്ചുകടക്കേണ്ടത്. വാഹനം ജാഗ്രതാ ശബ്ദം പുറപ്പെടുവിക്കുന്നുണ്ടോയെന്നും ശ്രദ്ധിക്കണം. റോഡ് കുറുകെ കടക്കാന്‍ ശ്രമിക്കുമ്പോള്‍ വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ പോയശേഷം അടുത്ത ഗതാഗത സിഗ്‌നലിനായി കാത്ത് നില്‍ക്കണമെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അല്‍റയ്യാനില്‍ 466 നിയമലംഘനങ്ങള്‍ കണ്ടെത്തി

എച്ച്എംസി യാത്രാ ക്ലിനിക്കിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചു