in ,

കിലാ എ മുബാറഖിലെ നോമ്പും പെരുന്നാളും

മൊഴിമാറ്റം: ഷംസീര്‍ കേളോത്ത്

(ബസ്‌മേ ആഖിര്‍- അവസാനത്തെ കൂടിച്ചേരല്‍- എന്ന ദില്ലി ചെങ്കോട്ടയിലെ മുഗള്‍ ജീവിതത്തെ വിവരിക്കുന്ന കൃതിയുടെ ചില‘ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് പരിഭാഷപ്പെടുത്തുകയാണ് ഇവിടെ . ബസ്‌മേ ആഖിര്‍ മുഗള്‍  മഹാസാമ്രാജ്യം തകര്‍ന്നതിന് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രചിക്കപ്പെട്ടത്.

bhazam e akhir cover

ഡല്‍ഹിയിലെ ഹുമയൂണ്‍ മഖ്ബറയില്‍ നിന്നാണ് അവസാന മുഗള്‍ ചക്രവര്‍ത്തിയായ ബഹാദുര്‍ഷാ സഫര്‍ ഖാനെ ഒന്നാം സ്വാതന്ത്ര്യ സമരം അടിച്ചമര്‍ത്തിയതിന് ശേഷം ഹഡ്‌സണ്‍ സായിപ്പിന്റെ നേതൃത്വത്തില്‍ ബ്രീട്ടീഷ് സൈന്യം പിടികൂടിയത്. അന്ന് ചക്രവര്‍ത്തിയുടെ കൂടെയുണ്ടായിരുന്ന മുഗള്‍ രാജകുമാരന്‍മാരെയൊക്കെ പരസ്യമായി ദില്ലി തെരുവോരത്ത്  വെടിവെച്ച് കൊല്ലുകയും കഴുത്തറുത്തെടുത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

മുഗള്‍ കാലത്തെ പെരുന്നാളാഘോഷം ഒരു കലാകാരന്റെ ഭാവനയില്‍

ചക്രവര്‍ത്തിയെ രംഗൂണിലേക്ക് നാടുകടത്തുകയും ചെയ്തു.   പുകള്‍പറ്റ മുഗള്‍ സാമ്രാജ്യത്തിന്റെ ഓര്‍മ്മകളും അതിന്റെ സാംസ്‌ക്കാരിക പരിസരവും വരാനിരിക്കുന്ന തലമുറക്ക് നഷ്ടമാവുമോ എന്ന് ഭയന്ന മുന്‍ഷി ഫയാസുദ്ദീനാണ് 1885-ല്‍ മുഗളരുടെ കൊട്ടാര ജീവിതം വരച്ചുകാണിക്കുന്ന ഈ കൃതി എഴുതുന്നത്. അക്ബര്‍ഷാ രണ്ടാമനു കീഴിലും ബഹാദൂര്‍ഷാ സഫറിനും കീഴിലും മുഗള്‍ ജീവിതം അടുത്തറിയാന്‍ കഴിഞ്ഞ വ്യക്തിയാണ് മുന്‍ഷി ഫയാസുദ്ദീന്‍.

അവസാന മുഗള്‍ ചക്രവര്‍ത്തിയുടെ ‘ഭാര്യാപിതാവ് മിര്‍സാ ഇലാഹി ബക്ഷിയുടെ കീഴില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 1857-ലെ കലാപത്തിന് ശേഷം ബ്രിട്ടീഷുകാരുടെ തോക്കിന്‍ കുഴലിനിരയാവാത്ത ചുരുക്കം ചില മുഗള്‍ ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു.. കാരണം മറ്റൊന്നുമല്ല, ചക്രവര്‍ത്തിയെ ഒറ്റുകൊടുത്തവരില്‍ മുന്‍പന്തിയിലായിരുന്നു അദ്ദേഹത്തിന്റെ യജമാനന്‍ ചക്രവര്‍ത്തിയുടെ ‘ഭാര്യാപിതാവ് മിര്‍സാ ഇലാഹി ബക്ഷി. ബസ്‌മേ ആഖിര്‍ എന്ന ഫയാസുദ്ദീന്റെ ഉറുദു ഭാഷയിലുള്ള കൃതിയില്‍ നിന്ന് കിലാ-എ-മുബാറഖ് എന്ന് അക്കാലത്ത് മുഗളര്‍ വിളിച്ചിരുന്നതും പിന്നീട് ചെങ്കോട്ടയെന്ന പേരില്‍ പ്രസിദ്ധവുമായ കൊട്ടാരത്തിലെ നോമ്പ്-പെരുന്നാള്‍ ഓര്‍മ്മകളെ പ്രതിപാദിക്കുന്ന ‘ഭാഗം  ഖത്തര്‍ ചന്ദ്രികയുടെ വായനക്കാര്‍ക്ക് സമര്‍പ്പിക്കുകയാണ്). 

റമദാന്‍ മാസം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് പ്രത്യേക ദൂതരെ ചെങ്കോട്ടയില്‍ നിന്നും ദില്ലിയുടെ നാനാദിക്കുകളിലേക്കയക്കുകയായി. പുണ്യ നിലാവ് ദൃശ്യമായാല്‍ അത് സുല്‍ത്താനെ അറിയിക്കലാണ്  ദൗത്യം. അവരല്ല മറിച്ച് ഗ്രാമവാസികളോ കുന്നിന്‍പുറങ്ങളില്‍ നിന്നുള്ളവരോ ആണ് മാസം കാണുന്നതെങ്കില്‍ അവര്‍ ഖാളിയുടെ മുന്‍പാകെ വിവരമറിയിക്കുകയാണ് പതിവ്.

പിന്നീട് ഖാളി സുല്‍ത്താന്റെ മുന്നില്‍ വിവരത്തിന്റെ സത്യാവസ്ഥ ബോധിപ്പിക്കുകയും ശേഷം ബാദ്ഷാ പണ്ഡിതന്‍മാരോട് കൂടിയാലോചിച്ച് വിശുദ്ധ റമദാന്റെ വരവറിയിക്കുന്നതിനായി പീരങ്കിവെടി പുറപ്പെടുവിക്കാന്‍ ഉത്തരവിടുകയും ചെയ്യും. റമാദാന്‍ പിറവി ദൃശ്യമായാല്‍ പീരങ്കിയില്‍ നിന്ന് പതിനൊന്ന് തവണയാണ് വെടിയുതിര്‍ക്കുക.. ശവ്വാല്‍മാസ പിറവി റമാദാന്‍ ഇരുപത്തി ഒന്‍പതിനോ മുപ്പതിനോ ദൃശ്യമായാലും പീരങ്കി ഗര്‍ജ്ജിക്കും.

പുണ്യമാസപ്പിറവിയായാല്‍ പിന്നെ കൊട്ടാരത്തിലെ സ്ത്രീകളും കുട്ടികളും ഗായകരും, നൃത്തകരും വരിവരിയായി ബാദ്ഷായുടെ തിരുമുന്‍പാകെയെത്തി അദ്ദേഹത്തിന് ആശംസകളേകുന്ന പതിവുണ്ട്. തനിക്ക് ആശംസകളറിയിക്കുന്ന കൊട്ടാരവാസികള്‍ക്ക് സന്തോഷസൂചകമായി ചെറുമണ്‍പാത്രത്തില്‍ ബാദ്ഷാ പനീര്‍ പാല്‍കട്ടകള്‍ വിതരണം ചെയ്യുകയും ചെയ്യും.

നൃത്തവും വാദ്യോപകരണങ്ങളും, അലങ്കാരവിളക്കുകളും പാട്ടുകളും നൗബത്തിന്റെ പ്രതിധ്വനികളുമൊക്കെ ചേര്‍ന്ന് ആഘോഷത്തിന്റെ ദിനരാത്രങ്ങള്‍ ആരംഭിക്കുകയായി. നിശാപ്രാര്‍ത്ഥനക്കുള്ള സമയമായാല്‍ നാനാ‘ഭാഗത്ത് നിന്നും ഇഷാ ബാങ്കൊലിയുടെ ഇമ്പമാര്‍ന്ന സ്വരമാധുരി അന്തരീക്ഷമാകെ പരക്കും. ആദ്യ റമദാന്‍ രാവിലെ ഇഷാ ബാങ്കിന് പ്രത്യേക ചന്തമുള്ളപോലെ തോന്നാറുണ്ട്.

ചെങ്കോട്ടയുടെ പ്രധാന ഭാഗമായ ദിവാന്‍-എ-ഖാസില്‍ നിസ്‌ക്കാരത്തിനായി മുസല്ലകള്‍ വിരിച്ചാണ് രാജകുടുംബം തറാവീഹ് നിസ്‌കരിക്കുക. നിശാപ്രാര്‍ത്ഥനക്കായി പ്രഭുക്കന്‍മാരും മറ്റ് കൊട്ടാര നിവാസികളും സജ്ജരായാല്‍ ഭൃത്യന്‍ ബാദ്ഷായെ വിവരമറിയിക്കലായി. അവരോടൊപ്പം സുല്‍ത്താനുല്‍ ഹിന്ദ് നിസ്‌കാരം പൂര്‍ത്തിയാക്കും.

വിശുദ്ധ ഖുര്‍ആനിലെ ഒരു അദ്ധ്യായവും പകുതിയുമാണ് തറാവീവ് നിസ്‌കാരത്തില്‍ ഇമാം പൂര്‍ത്തിയാക്കുക. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം സുല്‍ത്താന്‍ തന്റെ അഃന്തപ്പുരത്തിലേക്ക് പോയി അല്‍പ്പനേരം ഹൂക്കവലിച്ചതിന് ശേഷം പൂര്‍ണ്ണ വിശ്രമത്തിലേക്ക് നീങ്ങും. പിന്നീടങ്ങോട്ട് അത്താഴത്തിനായുള്ള (സഹ്‌രി) ഒരുക്കങ്ങള്‍ തകൃതി. അത്താഴത്തിനായുള്ള ആദ്യ മണിമുഴങ്ങുക ചെങ്കോട്ടയിലെ നഖാര്‍ഖാനയില്‍ നിന്നും ജുമാ മസ്ജിദില്‍ നിന്നുമാണ്. രണ്ടാം മണിമുഴങ്ങുന്നതിന് മുന്‍പു തന്നെ അത്താഴത്തിനായുള്ള ദസ്താര്‍ഖാന്‍- വിരിപ്പ് ‘ഭക്ഷണങ്ങളുമായി തയ്യാറായിട്ടുണ്ടാവും. മൂന്നാമത്തെ മണി മുഴങ്ങുന്നതോടെയാണ് ബാദ്ഷാ സഹ്‌രി കഴിക്കാനാരംഭിക്കുക.

അത്താഴത്തിന് ശേഷം അദ്ദേഹം അല്‍പ്പനേരം ഹൂക്ക വലിക്കും. പിന്നീട് സുല്‍ത്താന്‍ പ്രഭാത പ്രാര്‍ത്ഥനകള്‍ക്കായി തയ്യാറാവുകയായി. സഹ്‌രിയുടെ സമയം അവസാനിച്ചത് കാണിച്ചുള്ള ഒരു പീരങ്കി വെടി മുഴങ്ങുന്നതോടെ ബാദ്ഷാ വായ കഴുകി ആബ്-എ-ഹയാത് കുടിക്കുകയും ചെയ്യും. ‘നോമ്പിനായുള്ള നിയ്യത്ത് വച്ചതിന് ശേഷം ചക്രവര്‍ത്തി ഫജ്‌റ് നിസ്‌ക്കാരം നിര്‍വഹിക്കും. പിന്നീട് ദര്‍ഗയിലെത്തി സിയാറത്ത് ചെയ്യും. ദര്‍ഗ സിയാറത്ത് പാരമ്പര്യമായി തുടരുന്ന ആചാരാമാണ്. അത് മുടക്കാനാവില്ല. കുറച്ച് നേരം ശുദ്ധവായുവിനായി പരിസരത്ത് ഉലാത്തിയതിന് ശേഷം ബാദ്ഷാ തന്റെ കൊട്ടാരത്തിലേക്ക് തിരിച്ചുപോവുകയും ചെയ്യും.

നിരവധി ജനങ്ങള്‍ ദൈന്യംദിന പരാതികളുമായി അദ്ദേഹത്തെ കാത്തിരിപ്പുണ്ടാവും. അതൊക്കെ പൂര്‍ണ്ണമായി ശ്രവിക്കുകയും പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നത് കാണാം. ഉച്ചതിരിഞ്ഞ് കൊട്ടാരത്തിലെ തന്തൂര്‍ അടുപ്പുകള്‍ പുകയുകയായി. കടുവയുടെ ശിരസ്സിനോട് സാമ്യത തോന്നിക്കുന്ന കാലുകളുള്ള കൊത്തുപണികള്‍ കൊണ്ടലങ്കൃതമായ പട്ടുശീല വിരിച്ച സ്വര്‍ണ്ണ സിംഹാസനം രജാവിനായി തന്തൂര്‍ തയ്യാറാവുന്നതിന് സമീപം കൊണ്ടുവരപ്പെടുകയും സുല്‍ത്താന്‍ അതില്‍ അതിലിരിക്കുകയും  ചെയ്യുക പതിവാണ്.

കൊട്ടാരം സ്ത്രീകളും രാജകുമാരിമാരുമൊക്കെ ചേര്‍ന്ന് സ്വന്തം കരങ്ങളാല്‍ റൊട്ടി പാകം ചെയ്യുന്നത് ബാദ്ഷാ നോക്കി നില്‍ക്കും. നല്ല റൊട്ടികള്‍ ഉണ്ടാക്കിയവരെ പ്രശംസിക്കുകയും കരിഞ്ഞുപോയവരെ മറ്റുള്ളവര്‍ തമാശയാക്കുകയും ചെയ്യുന്നുണ്ടാവും. നിരവധി അടുപ്പുകള്‍ കാണാം.

പലവിധത്തിലുള്ള വിഭവങ്ങളാണ്  പാചകം ചെയ്യപ്പെടാറ്. മേതി കാ സാഗ്, മോതി കാ ഫൂല്‍, ബാഇഗാന്‍ കാ ദുല്‍മാ, ബാദ്ഷാക്കാ പസന്ദ- കരേല തുടങ്ങിയവയൊക്കെയുണ്ടാവും. മറ്റൊരു മൂലയില്‍ മാംസ വിഭവങ്ങളും തയ്യാര്‍ചെയ്യപ്പെടും. ശീക് കബാബ്, ഹുസൈനി കബാബ്, ടിക്കാ കബാബ്, നാന്‍ പാഒ കെ ടുക്‌ഡെ, ഗാജര്‍ക്കാ ലച്ചാ തുടങ്ങി വിവിധ രുചിഭേദങ്ങളോട് കൂടിയവയാണ്  കൊട്ടാരത്തില്‍ ഇഫ്താറിനായി തയ്യാര്‍ ചെയ്യപ്പെടുക. നോമ്പ്തുറക്കുള്ള ഒരുക്കങ്ങളില്‍ അസറ് നിസ്‌കാരത്തിന് ശേഷം തന്നെ എല്ലാവരും വ്യാപൃതരായി കഴിഞ്ഞിട്ടുണ്ടാവും.

‘ഭക്ഷണതളികയുടെ ഒരു ഭാഗത്ത് നല്ല തിളക്കമുള്ള പിഞ്ഞാണ പാത്രവും മറുഭാഗത്ത് പുത്തന്‍ ഭരണികളും പ്രോസെലീന്‍ പാത്രങ്ങളുമാണ് നിരത്തിവെക്കുക. വെജിറ്റബ്ള്‍ സലാഡുകളും ഉണക്കുപഴങ്ങളും തയ്യാര്‍ ചെയ്ത് വെച്ചിട്ടുണ്ടാവും. കുറച്ച് പച്ചക്കറികള്‍ വേവിച്ചും അല്ലാതെയുമുണ്ടാവും. ചിലതിന് മേല്‍ അല്‍പ്പം മുളക് പൊടിയോ കുരുമുളക് പൊടിയോ ചേര്‍ത്ത രീതിയിലാണ് തയ്യാറാക്കുക.

ഉപ്പുചേര്‍ത്ത നാരങ്ങ, റാഹതെ-എ-ജഹാന്‍ സലാഡ്, വാഴപഴം തുടങ്ങിയവയൊക്കെ കാണാം. ശമാം ഭംഗിയായി വെട്ടി പഞ്ചസാര വിതറി കൂജകളിലാക്കി വെച്ചിട്ടുണ്ടാവും. ചെറുപയര്‍ വറുത്തത്, സ്വാദേറിയ വെള്ളക്കടല, പ്രത്യേക തരത്തില്‍ തയ്യാക്കിയ ഉണക്ക്പഴങ്ങള്‍ എന്നിവയൊക്കെ ഭക്ഷണ തളികയില്‍ നിരത്തി വെക്കപ്പെടും. ഞാറപഴം, ഉറുമാമ്പഴം, മുന്തിരി തുടങ്ങിയവയില്‍ നിന്നാണ് ഷെര്‍ബത് ഉണ്ടാക്കുക.

പളുങ്ക്പാനപാത്രങ്ങളില്‍ നാരങ്ങാവെള്ളം നോമ്പുകാരനെയും കാത്ത് തയ്യാറായിരിക്കും. വ്രതക്ഷീണത്തിന്റെ അവശത വൈകുന്നേരമായാല്‍ എല്ലാവരുടെയും മുഖത്ത് കാണാം. ഒരാള്‍ തൊണ്ടവരളുന്നതായി പരാതി പറയുമ്പോള്‍ മറ്റൊരുവന്‍ വിശപ്പിനെ പറ്റിയും ഇനിയും പീരങ്കി ഗര്‍ജ്ജിക്കാന്‍ വൈകുന്നതിനെ പറ്റിയും പിറുപിറുക്കുന്നുണ്ടാവും. ഓരോ നിമിഷവും അനന്തമായി തോന്നുകയായി.

അവസാനം സൂര്യാസ്തമായതോടെ ബാദ്ഷാ പീരങ്കിവെടി പൊട്ടിക്കാന്‍ ഉത്തരവിടും. ഹാര്‍കരാസ്-സന്ദേശകവാഹകര്‍ അവരുടെ പതാക വീശുകയും പീരങ്കി ഗര്‍ജ്ജിക്കുകയും ചെയ്തതോടെ  ബാങ്കൊലികള്‍ മുഴങ്ങുകയായി. ആനന്ദത്തിന്റെ പുതുനാമ്പുകള്‍ പട്ടണത്തെയാകെ മൂടുന്നതായാണ് അപ്പോള്‍ തോന്നുക. ആബ-എ-സംസം (മുഗള്‍ രാജാക്കന്‍മാര്‍ ഗംഗാജലം മാത്രമായിരുന്നു കുടിക്കാന്‍ ഉപയോഗിച്ചിരുന്നത്.

അവര്‍ അതിനെ വിളിച്ചിരുന്ന പേര് പുണ്യതീര്‍ത്ഥമായ സംസമിനെ സ്മരിക്കുന്ന ആബ് എ സംസം എന്നാണ്), മക്കത്ത് നിന്ന് കൊണ്ടുവന്ന ഈത്തപ്പഴം എന്നിവയോട് കൂടിയാണ് ബാദ്ഷാ നോമ്പ് തുറക്കുക. ശേഷം ശര്‍ബത്ത് കുടിക്കും. ഒരുക്കിവച്ച വിഭവങ്ങളില്‍ നിന്ന് അല്‍പ്പം കഴിച്ച് നേരെ നിസ്‌ക്കാരത്തിനായി പുറപ്പെടുകയാണ് ചെയ്യുക. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം വെറ്റില മുറുക്കുന്നതും സുല്‍ത്താന്റെ രീതിയായിരുന്നു.

ഈ ഒരു ദിനചര്യയിലാണ് റമാദാന്‍ മാസം പൂര്‍ണ്ണമായി കഴിഞ്ഞു പോവുക. അല്‍വിദാ-വിടവാങ്ങല്‍ വെള്ളിയാഴ്ച്ച റമദാനിലെ പ്രധാന ദിവസമാണ്. രാജപരിവാരങ്ങള്‍ക്കൊപ്പമാണ് അന്ന് ബാദ്ഷാ മസ്ജിദിലേക്ക് പോവുക.. പള്ളി പടവുകളിലെത്തിയാല്‍ ആനപ്പുറത്ത് നിന്ന് ഇറങ്ങി അദ്ദേഹം തുറന്ന വെള്ളി പല്ലക്കില്‍ ഉപവിഷ്ടനാവും. ജമാ മസ്ജിദിന്റെ മധ്യേയുള്ള ഹൗളില്‍ നിന്നാണദ്ദേഹം അംഗസ്‌നാനം ചെയ്യുക.

‘ഭൃത്യന്‍മാര്‍ ബാദ്ഷായുടെ സാന്നിധ്യം ഉച്ചത്തില്‍ വിളംബരം ചെയ്യുകയും അത് കേട്ട് ജനങ്ങള്‍ രണ്ട് വശത്തേക്കും മാറിനിന്ന് ചക്രവര്‍ത്തിയെ ‘ഭവ്യതയോടെ നോക്കിനില്‍ക്കുകയും ചെയ്യും. രാജകുമാരന്‍മാരും പ്രഭുക്കളുമാണ് ബാദ്ഷായെ അനുഗമിക്കുക. ഇമാമിന് തൊട്ടുപിറകിലായാണ് ബാദ്ഷായുടെ മുസല്ല. കിരീടാവകാശിയായ രാജകുമാരന്‍ അദ്ദേഹത്തിന്റെ ഇടത് വശത്തും. വലത് ഭാഗത്ത് മറ്റ് രാജകുമാരന്‍മാരാണ് ഉപവിഷ്ടരാവുക.  ഖുതുബ-പ്രഭാഷണം നിര്‍വ്വഹക്കാന്‍ ചക്രവര്‍ത്തി ഇമാമിനോട് പിന്നീട് നിര്‍ദ്ദേശിക്കും.

പ്രസംഗ പീഠത്തിലേക്ക് കയറി ഇമാം പ്രഭാഷണമാരംഭിക്കുകയായി. ആയുധശാലയുടെ മേല്‍നോട്ടക്കാരന്‍ അതിനിടെ ഇമാമിന്റെ അരയില്‍ വസ്ത്രതലപ്പിനോട് ചേര്‍ത്ത് വാള്‍ കെട്ടിനല്‍കിയിട്ടുണ്ടാവും. ആ വാള്‍ പിടിച്ചാണ് ഇമാം പ്രസംഗിക്കുക. മുഗള്‍ പാരമ്പര്യത്തിലുള്ള എല്ലാ ചക്രവര്‍ത്തിമാരുടെ പേരുകളും ഖുതുബ കഴിഞ്ഞാല്‍ വിളിച്ചുപറയപ്പെടും.

നിലവിലെ ബാദ്ഷായുടെ പേര് വിളച്ചുപറയപ്പെട്ടാല്‍ ഇമാമിനെ മുഗള്‍ ഉദ്യോഗസ്ഥര്‍ പ്രത്യേക സ്ഥാനവസ്ത്രം ധരിപ്പിക്കുന്നത് ഒരു ചടങ്ങാണ്. ജമാമസ്ജിദിന്റെ  വടക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന ആസാറെ ഷരീഫ് (പ്രവാചകന്റെ (സ) തിരുശേഷിപ്പുകള്‍ സൂക്ഷിച്ചു വെച്ചിടം) നിലകൊള്ളുന്ന ഭാഗം സന്ദര്‍ശിക്കുകയാണ് ബാദുഷാ ജുമുഅക് ശേഷം ചെയ്യുക. പിന്നീട് ചെങ്കോട്ടയിലേക്ക് മടങ്ങിപ്പോവുകയും ചെയ്യും.

റമാദാനിന്റെ ഇരുപൊത്തിയൊമ്പതാം നാളില്‍ പെരുന്നാള്‍പിറ കാണാന്‍ സുല്‍ത്താന്‍ പ്രത്യേക സംഘത്തെ അയക്കുന്ന പതിവുണ്ട്. ജനങ്ങളെല്ലാം പെരുന്നാള്‍പിറകാണാന്‍ ആകാശത്ത് കണ്ണുംനട്ടിരിക്കുന്ന ദിനമാണന്ന്. ആരെങ്കിലും നിലാവൊളിയെ കണ്ടാല്‍ അല്ലങ്കില്‍ ആരെങ്കിലും കണ്ടതായി സ്ഥിരീകരിക്കപ്പെട്ടാല്‍ പിന്നീട് ആഘോഷം ആരംഭിക്കുകയായി. പെരുന്നാളാണന്നതിന്റെ ആഘോഷസൂചകമായി ചെങ്കോട്ടയിലെ നഖാര്‍ഖാനയില്‍ നിന്നും ഇരുപത്തിയഞ്ച് തവണ പീരങ്കി ഗര്‍ജ്ജിക്കും. വെടിക്കോപ്പുകളും, ശാമിയാന-കൂടാരങ്ങളും, വിരിപ്പുകളും രാത്രി തന്നെ ഈദ്ഗാഹിലെത്തിച്ചിട്ടുണ്ടാവും.

അമ്പാരിയും നെറ്റിപട്ടവും ചമയങ്ങളുമായാണ് പെരുന്നാള്‍ ദിനത്തിനായി ആനകളെ  ഒരുക്കി നിര്‍ത്തുക. പ്രഭാതമാവുന്നതോടെ നേരത്തെ തന്നെ സ്‌നാനവും കഴിഞ്ഞ് പവിഴങ്ങളാലലങ്കൃതമായ വേഷവിധാനങ്ങളാല്‍ അണിഞ്ഞൊരുങ്ങി ചക്രവര്‍ത്തി പെരുന്നാള്‍ നിസ്‌ക്കാരത്തിന് പുറപ്പെടാന്‍ തയ്യാറാവുകയായി.

 സേമിയവും പാലും ചേര്‍ത്തുള്ള വിഭവവും, മിഠായികളും, ഉണക്ക്പഴങ്ങളുമൊക്കെയുള്ള സുപ്പറ വിരി അപ്പോഴേക്കും ഭൃത്യന്‍മാര്‍ രാജാവിനായൊരുക്കിയിട്ടുണ്ടാവും. ബാദ്ഷാ സശ്രദ്ധം ഓരോ വിഭവവും രുചിച്ച് നോക്കും.  ജസോള്‍നി-ഭൃത്യ രാജാവിന്റെ വരവ് കൊട്ടാരമാകെ ഉച്ചത്തില്‍ വിളിച്ചറിയിക്കും. കുഴല്‍വാദ്യത്തോടെ ചക്രവര്‍ത്തിയുടെ ഘോഷയാത്ര ആരംഭിക്കുകയായി.

ചക്രവര്‍ത്തി വരുന്നതും കാത്ത്  അപ്പോഴേക്കും മുഗള്‍ സൈനികന്‍ ആനയെ മുട്ടുകുത്തി നിര്‍ത്തിയിട്ടുണ്ടാവും. വെള്ളപല്ലക്കില്‍ നിന്നും ആനപ്പുറത്തേറി ബാദ്ഷാ പരിവാരങ്ങളോടുകൂടി ദിവാന്‍-എ-ആം ലക്ഷ്യമാക്കി നീങ്ങുകയായി. ചക്രവര്‍ത്തിയുടെ ഘോഷയാത്ര ദിവാന്‍-എ-ആം നിലകൊള്ളുന്ന ‘ഭാഗത്തെത്തിയാല്‍ പരേഡ് ഗ്രൗണ്ടില്‍ നിന്നും ഇരുപത്തിയൊന്ന് വെടി മുഴങ്ങും. 

ഈദ്ഗാഹ് മൈതനത്ത് ബാദുഷാ എത്തിയാല്‍ വീണ്ടും വെടിമുഴങ്ങും. ചക്രവര്‍ത്തിയുടെ സംഘം ഈദ്ഗാഹില്‍ വച്ച്    രണ്ടായി പിരിയും. ബാദ്ഷായും കിരീടാവകാശിയായ രാജകുമാരനും പല്ലക്കിലായാണ്  ഈദ്ഗാഹില്‍ പ്രവേശിക്കുക. മറ്റുള്ളവര്‍ കാല്‍നടയായും ഈദ്ഗാഹിലേക്ക് കടക്കും. രാജകീയ കൂടാരത്തില്‍ ചക്രവര്‍ത്തിക്കായി ഒരുക്കിയ മുസല്ലയില്‍ അദ്ദേഹം പ്രവേശിച്ചാല്‍ മുഅദ്ദിന്‍ തക്ബീര്‍ മുഴക്കുകയായി.

ഈദ് നിസ്‌ക്കാരത്തിന് ശേഷം ചക്രവര്‍ത്തിയും കിരീടാവാകാശിയുമൊഴിച്ച് മറ്റുള്ളവരല്ലാം എഴുന്നേറ്റ് നില്‍ക്കും. ഖുതുബയില്‍ ചക്രവര്‍ത്തിയുടെ പേര് പരാമര്‍ശിക്കപ്പെട്ടാല്‍ ഇമാമിന് ഒരിക്കല്‍കൂടി സ്ഥാനവസ്ത്രം ധരിപ്പിക്കപ്പെടും.

പെരുന്നാള്‍ ഖുതുബയോടുള്ള ആദരസൂചകമായി ഒരു തവണ പീരങ്കി വെടിയുതിര്‍ക്കാറുണ്ട്. ചക്രവര്‍ത്തി ചടങ്ങുകള്‍ക്ക് ശേഷം നഗ്ദാംബറില്‍-ആസനസ്ഥനായി കൊട്ടാരത്തിലേക്ക് തിരിച്ച് പോവുകയായി. പിന്നീട് ദിവാന്‍-എ-ഖാസില്‍ മയൂരസിംഹാസനത്തില്‍ ഉപവിഷ്ടനായ ചക്രവര്‍ത്തി ഇന്ത്യാമഹാരാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അദ്ദഹത്തെ തേടിയെത്തിയ പ്രഭുക്കന്മാരെയും രാജക്കന്‍മാരെയും സ്വീകരിക്കും.

പ്രതിനിധികള്‍ കൊണ്ടുവന്ന ഉപഹാരങ്ങള്‍ സ്വീകരിക്കുകയും അവര്‍ക്ക് പെരുന്നാള്‍ സമ്മാനങ്ങള്‍ നല്‍കുകയും പതിവാണ്. ശേഷം അഃന്തപുരത്തിലെത്തി കൊട്ടാരം മഹിളാരത്‌നങ്ങള്‍ നല്‍കുന്ന കാണിക്കകള്‍ വെള്ളി സിംഹാസനത്തിലിരുന്നു ബാദ്ഷാ സ്വീകരിച്ചുപോരുകയും ചെയ്തു.
What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പെരുന്നാള്‍ മധുരത്തിന്റെ മഹല്ലബിയ

കെഎംസിസി പെരുമണ്ണ ക്ലാരി ഈദ് സംഗമം