in

കുട്ടികളുടെയും അനുവാചകരുടേയും ഹൃദയം കീഴടക്കി നൗഷാദ് മാഷ്

അശ്‌റഫ് തൂണേരി

ദോഹ
ചന്ദ്രിക ഖത്തര്‍ ഓഫീസ് സന്ദര്‍ശിച്ച നൗഷാദ് മാസ്റ്റര്‍ തന്റെ രചനകള്‍ക്കൊപ്പം.

ഹൃദയ സ്പര്‍ശം (ടച്ച് ഓഫ് ദ സോള്‍) എന്നാണ് പി എ നൗഷാദ് എന്ന ഇംഗ്ലീഷ് എഴുത്തുകാരന്‍ തന്റെ ഒരു കവിതാ സമാഹാരത്തിന് നല്‍കിയ പേര്. ഇതേ ആള്‍ 26 വര്‍ഷത്തെ മികച്ച അധ്യാപനത്തിലൂടെ നൂറുകണക്കിന് കുട്ടികളുടെ ഹൃദയം കീഴടക്കിയപ്പോള്‍ കേരള സര്‍ക്കാര്‍ ഒരു ബഹുമതി നല്‍കി ആദരിക്കുന്നു; 2019-ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്‌കാരം. നവമാധ്യമങ്ങളുടെ കാലത്ത് യൂടൂബിലും വെബ്സൈറ്റിലും ഇംഗ്ലീഷ് പഠിപ്പിക്കുന്നതിലൂടെ താരമായും ശ്രദ്ധനേടിയ നാദാപുരം പേരോട് എം ഐ എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഈ അധ്യാപകന്‍ നാട്ടുകാരുടെ സ്നേഹ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ദോഹയിലെത്തിയത്.

പല നിലയില്‍ പ്രതിഭ തെളിയിച്ച തങ്ങളുടെ നാട്ടുകാരനെയാണ് കഴിഞ്ഞ ദിവസം ഖത്തര്‍ കെ എം സി സി നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചത്.
ഏഴ് ഇംഗ്ലീഷ് ഗ്രന്ഥങ്ങളുടെ രചയിതാവാണ് നൗഷാദ്. നാലു ഇംഗ്ലീഷ് കവിതാ സമാഹാരങ്ങള്‍, മലയാളത്തിലെ പ്രമുഖ കഥാകൃത്ത് അക്ബര്‍ കക്കട്ടിലിന്റെ തെരെഞ്ഞെടുത്ത കഥകളുടെ ഇംഗ്ലീഷ് വിവര്‍ത്തനം, 5 കവികളുടെ സമാഹാര ഗ്രന്ഥമായ ന്യൂവോയ്സസ്, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളുടെ ദീപ്ത വിചാരങ്ങള്‍ എന്ന രചനയുടെ ഇംഗ്ലീഷ് പരിഭാഷ എന്നിവയുള്‍പ്പെടെയാണിത്. ജിബ്രാന്റെ രചനകളെ അങ്ങേയറ്റം ആവേശത്തോടെ ഉള്ളില്‍പേറുന്ന ഈ കവി ഇംഗ്ലീഷ് എഴുത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കുന്നത് ലോക പ്രശസ്ത ഖുര്‍ആന്‍ പരിഭാഷകനായ അബ്്ദുല്ലാ യൂസുഫലിയില്‍ പ്രചോദിതനായാണ്.

മടപ്പള്ളി കോളെജിലെ ബിരുദ പഠന കാലത്ത് യൂസുഫലിയുടെ പരിഭാഷയിലെ ഒരു ആയത്ത് ഒരു ദിനം എന്ന തരത്തില്‍ മലയാള അര്‍ത്ഥം സഹിതം പഠിക്കും. ഇതൊരു വാശിയോടെ ഏറ്റെടുത്തു. മനോഹരമായ യൂസുഫലിയന്‍ ശൈലി തന്നെ ഇംഗ്ലീഷ് ഭാഷയുടെ കാമുകനാക്കി മാറ്റിയെന്നാണ് കക്കട്ടില്‍, പാതിരിപ്പറ്റ പാറയുള്ളതില്‍ വീട്ടില്‍ നൗഷാദിന്റെ പക്ഷം. ആ പ്രണയമാണ് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടാനും ഹൈദരാബാദ് ഇഫ്‌ലുവിലെ ഇംഗ്ലീഷ് ഭാഷാ പരിശീലന പരിപാടി പൂര്‍ത്തിയാക്കാനും പ്രേരകമായതെങ്കില്‍ ലോകം മുഴുക്കെ വരിക്കാരുള്ള യൂടൂബ് ചാനല്‍ ഇംഗ്ലീഷ് അധ്യാപകനായും ഇംഗ്ലീഷ് കവിതയില്‍ ഇന്ത്യന്‍ റുമിനേഷന്‍സ് അവാര്‍ഡ് നേടാനുമൊക്കെ അദ്ദേഹത്തിന് പ്രാപ്തി നല്‍കിയതും അതേ വികാരം തന്നെ.
എഴുത്തും അധ്യാപനവും മാത്രമല്ല കായിക രംഗത്തും കൃഷിയിലുമെല്ലാം മികവു തെളിയിച്ച വ്യക്തിത്വമാണ് ഈ നാല്‍പ്പത്തിയെട്ടുകാരന്റേത്.

2016-ല്‍ ആസ്ട്രേലിയയിലെ പെര്‍ത്തില്‍ നടന്ന 35- വയസ്സിനു മുകളിലുള്ളവരുടെ ഒളിംപിക്സ് എന്നറിയപ്പെടുന്ന ലോക മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 100,200 മീറ്റര്‍ ഓട്ടമത്സരങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. ഒപ്പം കളരിപ്പയറ്റ് അഭ്യാസത്തിലും ഫുട്ബോള്‍ കളിയിലും സ്വന്തം പറമ്പിലെ കൃഷിയിലും ആനന്ദം കണ്ടെത്തുന്ന ഈ അധ്യാപകന് സര്‍ഗ്ഗ സപര്യയിലൂടേയും അധ്യാപനത്തിലൂടേയും സമൂഹത്തിന് മാതൃകാപരമായ പാഠങ്ങളാണ് പങ്കുവെക്കാനുള്ളത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മഞ്ഞപ്പട തീം സോങ് ആഘോഷം

അമീര്‍ ജപ്പാനില്‍