
കത്താറയില്‍ സ്ഥിരം കഹ്‌റമന്‍ സെന്റര്‍ സ്ഥാപിക്കുന്നു
ആര്‍ റിന്‍സ്
ദോഹ
കുന്തിരിക്കമുത്തുകള്‍ ഉപയോഗിച്ചുള്ള വിവിധ തരം ഉത്പന്നങ്ങളുടെ വേറിട്ട പ്രദര്‍ശനത്തിന് ജനുവരി എട്ടിന് കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ തുടക്കമാകും. രണ്ടാമത് കഹ്‌റമാന്‍ ആംബര്‍ എക്‌സിബിഷന്‍ ജനുവരി പതിനൊന്നുവരെ തുടരും. മേഖലയില്‍ തന്നെ കുന്തിരിക്ക മുത്തുകളുടെ ഇത്ര വിപുലമായ പ്രദര്‍ശനം ഖത്തറിലാണ് സംഘടിപ്പിക്കുന്നത്. പ്രഥമ പ്രദര്‍ശനം വലിയ വിജയമായിരുന്നു. കഹ്‌റമാന്‍ ആംബര്‍ പ്രേമികളുടെ വലിയ പങ്കാളിത്തമുണ്ടായിരുന്നു. ത്തറിനു പുറമേ കുവൈത്ത്, തുര്‍ക്കി, പോളണ്ട്, ലബനാന്‍, റഷ്യ, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള മുത്തു നിര്‍മാതാക്കളും വ്യാപാരികളും പങ്കെടുത്തു. ഇത്തവണയും കൂടുതല്‍ രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടാകും. മുത്തുകളുടെ നിര്‍മാണം, നിറം നല്‍കല്‍, തുടങ്ങിയ വിഷയങ്ങളില്‍ ശില്‍പശാലകളും പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കഹ്‌റമന്‍ ആംബര്‍ വ്യാപാരികളുടെയും നിര്‍മാതാക്കളുടെയും പങ്കാളിത്തമുണ്ടാകും. കുന്തിരിക്ക മുത്തുകള്‍ കൊണ്ട് നിര്‍മിച്ച ബ്രേസ് ലെറ്റുകള്‍, ആഭരണങ്ങള്‍, ആന്റ്വിക് ഉത്പന്നങ്ങള്‍ എന്നിവ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കും. ദശലക്ഷക്കണക്കിന് റിയാല്‍ വരെയാണ് ഇവയുടെ വില. ഒട്ടേറെ ാളുകളുണ്ടാകും. രാജ്യാന്തര ആംബര്‍ അസോസിയേഷന്റെ സ്റ്റാളും പ്രദര്‍ശനത്തിലുണ്ടാകും. വ്യാപാരികള്‍, ശേഖരിക്കുന്നവര്‍, നിര്‍മാതാക്കള്‍, ആംബര്‍ ഉത്പാദകര്‍ എന്നിവരുടെ കൂട്ടായ്മയാണ് അസോസിയേഷന്‍.
33 രാജ്യങ്ങളില്‍ നിന്നായി 360 അംഗങ്ങളുണ്ട്. സ്വാഭാവിക മുത്തുകളണു പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഗുണമേന്മയ്ക്കും നിറത്തിനും അനുസരിച്ച് ആയിരം മുതല്‍ 10 ലക്ഷം റിയാല്‍ വരെ ഇവയ്ക്കു വില വരും. കുന്തിരിക്കം ഉപയോഗിച്ചുള്ള വിവിധ തരം ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട സ്ഥിരം കഹ്‌റമന്‍ സെന്റര്‍ കത്താറയില്‍ സ്ഥാപിക്കുന്നു. കുന്തിരിക്കമുത്തുകളുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രദര്‍ശനങ്ങളും പരിപാടികളും കത്താറ സംഘടിപ്പിക്കും. ‘കഹ്‌റമന്‍ ആംബര്‍ എക്‌സിബിഷന്‍’ രണ്ടാം എഡീഷനോടനുബന്ധിച്ച് സ്ഥിരം കഹ്‌റമന്‍ സെന്ററിന്റെ ഉദ്ഘാടനം നടക്കും. സെന്ററില്‍ ലബോറട്ടറിയുമുണ്ടാകും. കുന്തിരിക്ക ഉത്പന്നങ്ങളുടെ വ്യാപാരികള്‍ക്കും ശേഖരിക്കുന്നവര്‍ക്കും വിവിധങ്ങളായ സേവനങ്ങള്‍ സെന്റര്‍ നല്‍കും. യഥാര്‍ഥ കുന്തിരിക്ക ഉത്പന്നങ്ങളെ തിരിച്ചറിയുന്നതിനും തരവും ഉറവിടവും മനസിലാക്കുന്നതിനും വ്യാപാരികളെ സഹായിക്കും. കുന്തിരിക്ക മുത്തുകള്‍ ഉപയോഗിച്ചുള്ള കലാസൃഷ്ടികളുടെ പ്രദര്‍ശനവും സെന്ററിലുണ്ടാകും. ആംബര്‍(കുന്തിരിക്കം) കലക്ഷനുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ സെന്ററിലുണ്ടാകും. കുട്ടികള്‍ക്കായി വിവിധങ്ങളായ പരിപാടികളും മറ്റും നടക്കും. പ്രഭാഷണങ്ങളും സെമിനാറുകളും സംഘടിപ്പിക്കും. ആംബറുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ കത്താറ പ്രസിദ്ധപ്പെടുത്തും. പ്രഥമ പ്രദര്‍ശനത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പുസ്തകം പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ടാം എഡീഷനില്‍ രണ്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.
അറബിക്കില്‍ കഹ്‌റമന്‍ എന്നറിയപ്പെടുന്ന മുത്തുകള്‍ കുന്തിരിക്ക മരത്തിന്റെ കറയില്‍നിന്നു കൈകള്‍കൊണ്ടു രൂപപ്പെടുത്തിയെടുക്കുന്നതാണ്. മാസങ്ങള്‍ നീളുന്ന സംസ്‌കരണത്തിലൂടെയാണു പല രൂപത്തിലും നിറത്തിലുമുള്ള മുത്തുകള്‍ നിര്‍മിക്കുന്നത്. നിറത്തിനും മേന്മയ്ക്കും അനുസരിച്ചാണു വില. ഇവകൊണ്ടുള്ള ആഭരണങ്ങള്‍ക്കും വലിയ വിലയാണ്. കുന്തിരിക്ക മുത്തുകളുടെ നിര്‍മാണവും വിപണനവും റഷ്യയ്ക്കും കിഴക്കന്‍ യൂറോപ്പിനുമിടയിലാണു വളര്‍ന്നതും വികസിച്ചതും. എന്നാല്‍ ഇവകൊണ്ടുള്ള ആഭരണനിര്‍മാണത്തില്‍ ചൈനയാണു മുന്നില്‍. രത്‌നങ്ങള്‍പോലെ വിലയേറിയ സമ്പാദ്യമായാണ് അറബികള്‍ ഇതിനെ കാണുന്നത്.