in ,

കുറ്റകൃത്യങ്ങളുടെ പ്രതിരോധത്തിന് രാജ്യാന്തര സഹകരണം സുപ്രധാനമെന്ന് ഖത്തര്‍

യുഎന്നില്‍ ഉന്നതതല യോഗത്തിന് ഖത്തറിന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ശൈഖ ആലിയ ബിന്‍ത് അഹ്മദ് അല്‍താനി അധ്യക്ഷത വഹിക്കുന്നു

ദോഹ: കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനും നീതിന്യായ വ്യവസ്ഥയുടെ ഇടപെടലിനും രാജ്യാന്തര സംഘടനകളുടെ പങ്കാളിത്തവും സഹകരണവും സുപ്രധാനമാണെന്ന് ഖത്തര്‍. ഇതുമായി ബന്ധപ്പെട്ട് യുഎന്നില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ അധ്യക്ഷത വഹിക്കവെ യുഎന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ശൈഖ ആലിയ ബിന്‍ത് അഹ്മദ് അല്‍താനിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

2020 ഏപ്രിലില്‍ നടക്കാനിരിക്കുന്ന ‘കുറ്റകൃത്യം തടയലും നീതിന്യായ വ്യവസ്ഥയും’ എന്ന യുഎന്നിന്റെ പ്രത്യേക കോണ്‍ഗ്രസിന് ഈ സമ്മേളനം മുതല്‍കൂട്ടാകുമെന്നും അവര്‍ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ തടയാനുള്ള ഉന്നതല സമ്മേളനമാണ് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നടന്നത്. ഈ മേഖലയില്‍ വിവിധ രാജ്യങ്ങളിലെ സംഘടനകള്‍ പരസ്പരം സഹകരിക്കേണ്ടതിന്റെ പ്രാധാന്യം ഖത്തര്‍ ചൂണ്ടിക്കാട്ടി.

രാജ്യാന്തര സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് വിവിധ മേഖലകളിലെ കുറ്റകൃത്യങ്ങളും കുറ്റകൃത്യവുമായി ബന്ധപ്പെട്ട നീതിന്യായ പ്രശ്‌നങ്ങളും. സമ്മേളനത്തിലെ സംഘടനാപ്രതിനിധികളുടെ വര്‍ധിച്ച പങ്കാളിത്തം ഏറെ ആശ്വാസകരവും പ്രതീക്ഷാനിര്‍ഭരവുമാണെന്നും അവര്‍ പറഞ്ഞു.

ഏതൊരു രാജ്യത്തിന്റെയും മേഖലയുടെയും സ്ഥായിയായ വളര്‍ച്ചയുടെ അടിസ്ഥാനം അവിടത്തെ തുല്യമായ നീതിന്യായ വ്യവസ്ഥയെയും നീതിന്യായ സംവിധാനങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ്. എല്ലാവര്‍ക്കും തുല്യമായ നീതിയും വ്യവസ്ഥയും സാധ്യമായാലേ ശരിയായ വികസനമുണ്ടാകു. സ്ഥായിയായ വികസനം ലക്ഷ്യമാക്കിയുള്ള യുഎന്‍ 2030 അജണ്ടയുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനായി എല്ലാ തരത്തിലുമുള്ള സംഘടനകളും സ്ഥാപനങ്ങളും അവരവരുടേതായ സംഭാവനകള്‍ നല്‍കേണ്ടതുണ്ട്.

ഇതിനായി ഉടന്‍ തന്നെ ഉന്നതതല രാഷ്ട്രീയ ഫോറം ചേരും. കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള സാമൂഹികസാമ്പത്തിക മേഖലകള്‍ ചര്‍ച്ച ചെയ്യാനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് അടുത്ത സെപ്തംബറില്‍ ഫോറം ചേരുന്നത്. ഈ വിഷയത്തില്‍ നടന്ന ദോഹ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചക്കായുള്ള കമ്മിറ്റിയുടെ ചെയര്‍മാനും ഖത്തര്‍ ആഭ്യന്തരമന്ത്രിയുടെ ഉപദേശകനുമായ മേജര്‍ ജനറല്‍ ഡോ.

അബ്ദുല്ല അല്‍ മാലും സമ്മേളനത്തില്‍ സംസാരിച്ചു. ജിസിസി രാജ്യങ്ങള്‍ക്ക് ഈ വിഷയങ്ങളില്‍ ചെയ്യാനേറെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംയുക്ത വെല്ലുകള്‍ ഒരുമിച്ച് നേരിടാന്‍ മേഖലയിലെ സംഘടനകളും സംവിധാനങ്ങളും യോജിക്കേണ്ടതുണ്ട്. കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇതിലൂടെ കഴിയും. എന്നാല്‍ പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് വിപരീത ഫലം ചെയ്യും.

ഇതിനാല്‍ ഇത്തരം കാര്യങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണം. കുറ്റകൃത്യങ്ങള്‍ തടയാനുള്ള അന്താരാഷ്ട്ര തലത്തിലുള്ള ഏത് ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പിന്തുണയും അദ്ദേഹം വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഫിബ ഏഷ്യാകപ്പ് ബാസ്‌ക്കറ്റ്‌ബോള്‍ യോഗ്യത: ഖത്തര്‍ ഗ്രൂപ്പ് ഇയില്‍

അമീര്‍- ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച ജൂലൈയില്‍ വൈറ്റ്ഹൗസില്‍