in ,

കുവൈത്ത് പ്രതിനിധിസംഘം ഹമദ് രാജ്യാന്തരവിമാനത്താവളം സന്ദര്‍ശിച്ചു

കുവൈത്ത് പ്രതിനിധിസംഘം ഹമദ് രാജ്യാന്തര വിമാനത്താവളം സന്ദര്‍ശിച്ചപ്പോള്‍

ദോഹ: കുവൈത്ത് പ്രതിനിധിസംഘം ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ സന്ദര്‍ശനം നടത്തി. കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിലെ തുറമുഖ സുരക്ഷാകാര്യങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ മന്‍സൂര്‍ മുഹമ്മദ് അല്‍അവാധിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്.

വിമാനത്താവളങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഖത്തറിന്റെ അനുഭവവും യാത്രക്കാരുടെ യാത്ര സുഗമമാക്കുന്നതിന് സ്വീകരിച്ച സാങ്കേതിക നടപടികളും അറിയുകയെന്നതായിരുന്നു സന്ദര്‍ശന ലക്ഷ്യം. രണ്ടു സഹോദരരാജ്യങ്ങള്‍ തമ്മിലുള്ള ഏകോപനം, സഹകരണം, അനുഭവങ്ങളുടെ കൈമാറ്റം എന്നിവയുടെ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ടാണ് കുവൈത്ത് പ്രതിനിധിസംഘത്തിന്റെ സന്ദര്‍ശനം.

യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എയര്‍പോര്‍ട്ട് സുരക്ഷാവകുപ്പുകള്‍ ഉപയോഗിക്കുന്ന സുരക്ഷാസംവിധാനം, ആധുനിക ഉപകരണങ്ങള്‍, നൂതനസാങ്കേതിക വിദ്യകള്‍ എന്നിവയെക്കുറിച്ച് സംഘം വിശദമായി മനസിലാക്കി.

വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളില്‍ സംഘം തൃപ്തി പ്രകടിപ്പിച്ചു. മികച്ച ക്രമീകരണങ്ങളാണ് വിമാനത്താവളത്തിലൊരുക്കിയിരിക്കുന്നതെന്ന് സംഘം ചൂണ്ടിക്കാട്ടി. എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വകുപ്പിന്റെ ചുമതലകളെക്കുറിച്ചുള്ള പ്രത്യേക അവതരണവുമുണ്ടായിരുന്നു. വകുപ്പ് സ്വീകരിച്ച ഏറ്റവും പുതിയ സാങ്കേതികനടപടികള്‍, എത്തിച്ചേരല്‍, പുറപ്പെടല്‍ ഹാളുകളിലെ ഇലക്ട്രോണിക് ഗേറ്റുകള്‍ എന്നിവയെക്കുറിച്ചെല്ലാം സംഘം മനസിലാക്കി.

വിമാനത്താവള സുരക്ഷാവകുപ്പ് ഉപയോഗിക്കുന്ന അത്യാധുനിക സംവിധാനങ്ങളെക്കുറിച്ച് കുവൈത്ത് സംഘത്തോടു വിശദീകരിച്ചതായി എയര്‍പോര്‍ട്ട് സുരക്ഷാവകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഇസ്സ അറാര്‍ അല്‍റുമൈഹി പറഞ്ഞു.

ഹമദ് വിമാനത്താവളത്തിലെ ഇലക്ട്രോണിക് ഗേറ്റ് സംവിധാനത്തെയും നേത്ര സ്‌കാനിങ് സംവിധാനത്തെയും കുവൈത്ത് സംഘം പ്രശംസിച്ചതായി എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് റാഷിദ് അല്‍മസ്‌റൂയി പറഞ്ഞു. എച്ച്‌ഐഎയുടെ സുരക്ഷാനടപടികളെ മേജര്‍ ജനറല്‍ മന്‍സൂര്‍ മുഹമ്മദ് അല്‍അവാധി പ്രശംസിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറിന്റെ വരുമാനം 27.3% ഉയര്‍ന്ന് 207.9 ബില്യണ്‍ റിയാല്‍

ഇന്‍ഡിഗോ ദോഹയില്‍ നിന്നും ഇന്ത്യയിലേക്കു രണ്ടു സര്‍വീസുകള്‍ കൂടി തുടങ്ങുന്നു