in , , ,

കൂടുതല്‍ ലോകകപ്പ് തൊഴിലാളികള്‍ക്ക് റിക്രൂട്ട്‌മെന്റ് ഫീസ് തിരികെ നല്‍കുന്നു

ദോഹ: 2022 ഫിഫ ലോകകപ്പ് പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ തൊഴിലാളികള്‍ക്ക് റിക്രൂട്ട്‌മെന്റ് ഫീസ് മടക്കി നല്‍കുന്നു. ഖത്തറിലേക്ക് പുറപ്പെടുന്നതിന് മുമ്പ് നല്‍കിയ റിക്രൂട്ട്‌മെന്റ് ഫീസാണ് കരാറുകാര്‍ തൊഴിലാളികള്‍ക്ക് മടക്കിനല്‍കുന്നത്. ഈ വര്‍ഷം ഇത്തരത്തില്‍ മുപ്പത് മില്യണ്‍ ഡോളര്‍ തൊഴിലാളികള്‍ക്ക് മടക്കിനല്‍കുമെന്ന് ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദി അറിയിച്ചു. ആയിരക്കണക്കിന് തൊഴിലാളികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഈ വര്‍ഷത്തോടെ ലോകകപ്പ് പദ്ധതികളിലെ 83ശതമാനം തൊഴിലാളികള്‍ക്കും റിക്രൂട്ട്‌മെന്റ് തുക മടക്കിലഭിക്കും. ഇത്തരത്തില്‍ 30 മില്യണ്‍ ഡോളറാണ് നല്‍കുക. ഇതിനായി കരാറുകാര്‍ സമ്മതിച്ചിട്ടുണ്ട്. 50ശതമാനം പേര്‍ സുപ്രീംകമ്മിറ്റികളുടെ തൊഴിലാളികളും 50ശതമാനം പേര്‍ ലോകകപ്പ് പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന കരാറുകാരുടെ തൊഴിലാളികളുമാണ്- അല്‍തവാദി വിശദീകരിച്ചു. ഖത്തര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച എജ്യൂക്കേഷന്‍ സിറ്റി സ്പീക്കേഴ്‌സ് സീരിസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ ക്ഷേമത്തിനായി ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്നും സാര്‍വത്രിക മിനിമം വേതനം നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുപ്രീംകമ്മിറ്റി പദ്ധതികളില്‍ ജോലി ചെയ്യാനുള്ള അവസരങ്ങള്‍ ലഭിക്കുന്നതിന് പല തൊഴിലാളികള്‍ക്കും അവരുടെ രാജ്യങ്ങളില്‍ റിക്രൂട്ട്മെന്റ് ഫീസായി അമിത തുക നല്‍കേണ്ടിവന്നത് നിര്‍ഭാഗ്യകരമാണ്. അത്തരം കാര്യങ്ങളെക്കുറിച്ച് അറിഞ്ഞ ശേഷം ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി പദ്ധതിക്ക് തുടക്കംകുറിച്ചു. കരാറുകാര്‍ ഇതുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കുകയും റിക്രൂട്ട്‌മെന്റ് ഫീസ് മടക്കിനല്‍കുന്ന പദ്ധതിയുമായി സഹകരിക്കാമെന്ന് അറിയിക്കുകയും ചെയ്തു. 2022 ലെ ഫിഫ ലോകകപ്പിനുള്ള അടിസ്ഥാന സൗകര്യവികസനം വിപുലമായ ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം മൂന്ന് സ്റ്റേഡിയങ്ങള്‍ കൂടി പൂര്‍ത്തീകരിക്കും. പ്രധാന എക്‌സ്പ്രസ് ഹൈവേകളെല്ലാം ഈ വര്‍ഷാവസാനത്തോടെ പൂര്‍ത്തീകരിക്കും.
ദോഹ മെട്രോ ഇതിനകം പ്രവര്‍ത്തനക്ഷമമാണ് – ഈ വര്‍ഷം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും. ടൂര്‍ണമെന്റിനുള്ള സന്നദ്ധത പരിശോധിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷവും ലോക ക്ലബ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കും. വരും ദിവസങ്ങളില്‍ ടൂര്‍ണമെന്റിന്റെ മറ്റ് ക്രമീകരണങ്ങളും സജ്ജമാകും.ടൂര്‍ണമെന്റിനായി നടക്കുന്ന വികസനങ്ങള്‍ രാജ്യത്തിന്റെ കാഴ്ചപ്പാടിന് അനുസൃതവും രാജ്യത്തിന്റെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നതുമാണ്. ദോഹ മെട്രോയ്ക്ക് വളരെയധികം സാധ്യതകളുണ്ട് ലോകകപ്പ് അതിന് ഒരു ഉത്തേജകമാണ്. ഫിഫ ലോകകപ്പ് ഏറ്റവും നൂതനമായ ടൂര്‍ണമെന്റായി മാറ്റുന്നതില്‍ ഗവേഷണവും പുതുമയും അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ടൂര്‍ണമെന്റിന്റെ കാതല്‍ നവീനതയാണെന്നും ക്യുഎഫിന്റെ ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റി(എച്ച്ബികെയു) ഒരു പ്രത്യേക പദ്ധതി ഉയര്‍ത്തിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എച്ച്ബികെയു പദ്ധതി മികച്ചതായിരിക്കും. ഇപ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല, പക്ഷേ 2022ന് അപ്പുറം ഉപയോഗപ്പെടുത്തും. മാത്രമല്ല ഇത് ആഗോളതലത്തില്‍ വലിയ സ്വാധീനം ചെലുത്തും. അടിസ്ഥാനസൗകര്യ വികസനത്തിന് നിരവധി സുസ്ഥിര രീതികളും സാമഗ്രികളും പ്രയോഗിച്ചു. ടൂര്‍ണമെന്റിനെ ഒരു കാര്‍ബണ്‍ ന്യൂട്രല്‍ ഇവന്റാക്കി മാറ്റാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് ഖത്തറിന് മാത്രമല്ല, മുഴുവന്‍ മേഖലക്കുമുള്ള അവസരമാണ്.
ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിനായി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സുപ്രീംകമ്മിറ്റി സന്നദ്ധപ്രവര്‍ത്തകര്‍ക്കായി ഒരു പരിപാടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റിനെ സംബന്ധിച്ചിടത്തോളം, ടിക്കറ്റിംഗ് തന്ത്രം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതുവഴി പ്രാദേശിക ആസ്വാദകര്‍ക്ക് ഒരു പ്രധാന ഭാഗം ലഭിക്കും. അതേസമയം മറ്റൊരു പ്രധാന ഭാഗം അന്താരാഷ്ട്ര ആസ്വാദകര്‍ക്കായിരിക്കും- അല്‍തവാദി വിശദീകരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വിവ മെഡിക്കല്‍, രക്ത ദാന ക്യാമ്പ് സംഘടിപ്പച്ചു

വിദേശരാജ്യങ്ങളില്‍ ചികിത്സ നിയന്ത്രിക്കല്‍: കരട് നിയമത്തിന് അംഗീകാരം