
ദോഹ: ഖത്തര്‍ കെഎംസിസി തിരൂര്‍ മണ്ഡലം കമ്മിറ്റി ശിഹാബ് തങ്ങള്‍ അനുസ്മരണവും യാത്രയയപ്പും സംഘടിപ്പിച്ചു. ഖത്തര്‍ പ്രവാസം നിര്‍ത്തി നാട്ടിലേക്ക് പോകുന്ന മണ്ഡലം ജനറല്‍ സെക്രട്ടറി വി ഇ മുഹമ്മദ് ഷാഫിക്കാണ് കൗണ്‍സില്‍ യോഗത്തില്‍ യാത്രയയപ്പ് നല്‍കിയത്. തുമാമ ഖത്തര്‍ കെഎംസിസി ഹാളില്‍ നടന്ന പരിപാടി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ഈസ ഉദ്്ഘാടനം നിര്‍വഹിച്ചു.
മണ്ഡലം സബ്കമ്മിറ്റി ഇന്‍സ്പയര്‍ വിഭാഗം പരിശീലകന്‍ സഫ്‌വാന്‍ ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. പുതിയ മണ്ഡലം ജനറല്‍ സെക്രട്ടറിയായി നിലവിലെ ട്രഷറര്‍ അബ്ദുള്ള തറമ്മലിനേയും ട്രഷററായി നിലവിലെ സെക്രട്ടറി തെയ്യംപാട്ടില്‍ റഷീദിനെയും സെക്രട്ടറിയായി ശംസുദ്ധീന്‍ ആലുക്കലിനെയും തെരഞ്ഞെടുത്തു.
കെഎംസിസി ഉപദേശക സമിതി അംഗം സി വി ഖാലിദ്, സംസ്ഥാന സെക്രട്ടറി പൂഴിക്കല്‍ ഇസ്മായില്‍, സെക്യൂരിറ്റി സ്‌കീം വൈസ് ചെയര്‍മാന്‍ പി പി റഷീദ്, ജില്ലാ ട്രഷറര്‍ അലി മൊറയൂര്‍, ജില്ലാ യൂത്ത് വിങ് ചെയര്‍മാന്‍ സവാദ് വെളിയംകോട്, തിരൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ കൊളംബന്‍, വിവിധ മുനിസിപ്പല്‍ പഞ്ചായത്ത് നേതാക്കള്‍ ആശംസകള്‍ നേര്‍ന്നു. മണ്ഡലം കമ്മിറ്റിയുടെ മൊമെന്റോ സി വി ഖാലിദ്, ഷാഫിക്കു കൈമാറി. വിവിധ മുനിസിപ്പാലിറ്റി പഞ്ചായത്ത് കമ്മിറ്റികളുടെ മൊമന്റോകളും കൈമാറി.
മണ്ഡലം പ്രസിഡന്റ് സി വി സൈതാലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുള്ള തറമ്മല്‍ സ്വാഗതവും സെക്രട്ടറി മുജ്തബ നന്ദിയും പറഞ്ഞു. മുനീര്‍ ഹുദവി പ്രാര്‍ത്ഥന നടത്തി.