
ദോഹ: കെഎംസിസി ഹെല്‍ത്ത് വിങ്, ഇന്ത്യന്‍ ഫിസിയോതെറാപ്പി ഫോറം(ഐപിഎഫ്) ഖത്തറിന്റെ സഹകരണത്തോടെ മൂവ്‌മെന്റ് ഫോര്‍ ഹെല്‍ത്ത് എന്ന വിഷയത്തെ ആസ്പദമാക്കി സംവേദനാത്മക ക്ലാസ്സും തല്‍സമയ അവതരണവും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 17 വ്യാഴാഴ്ച രാത്രി എട്ടിന് തുമാമ കെഎംസിസി ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ പ്രമുഖ കാര്‍ഡിയോ റെസ്പിറേറ്ററി ഫിസിയോതെറാപ്പി സ്‌പെഷ്യലിസ്റ്റ് മുഹമ്മദ് അലീഫ് ക്ലാസിന് നേതൃത്വം നല്‍കും.
തുടര്‍ന്ന് നടക്കുന്ന തല്‍സമയ അവതരണത്തില്‍ ചലനത്തിലൂടെ എങ്ങനെ ആരോഗ്യം സംരക്ഷിക്കാമെന്നു ഐപിഎഫ് വൊളന്റിയര്‍മാര്‍ ബോധ്യപ്പെടുത്തും. കഷ്ടപ്പാടുകള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും ഇടയിലൂടെയുള്ള ഓട്ടത്തില്‍ സ്വന്തം ആരോഗ്യത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നതിനും ആരോഗ്യകരമായ ജീവിതം നയിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തിരക്കുപിടിച്ച ജീവിതത്തില്‍ മരുന്നുകള്‍ നമ്മുടെ ദിനചര്യകള്‍ നിയന്തിക്കാന്‍ എത്തുന്നതിനു മുന്‍പ് അല്‍പ്പസമയം സ്വന്തം ആരോഗ്യത്തിനായി ചെലവഴിക്കാന്‍ പ്രവാസികള്‍ തയാറാകണമെന്ന് ആഹ്വാനം ചെയ്യുകയാണ് ഇത്തരമൊരു പരിപാടി.