Thursday, January 23

കെട്ടിട പെര്‍മിറ്റ്: ഇലക്ട്രോണിക് സംവിധാനത്തില്‍ ഭേദഗതി പ്രഖ്യാപിച്ചു

Spread the love

ദോഹ: കെട്ടിട പെര്‍മിറ്റുകള്‍, നിര്‍മാണ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റുകള്‍, സേവന വിതരണത്തിനുള്ള നടപടിക്രമങ്ങള്‍ എന്നിവയ്ക്കായി ഇലക്ട്രോണിക് സംവിധാനത്തില്‍ പുതിയ ഭേദഗതികള്‍ നടപ്പാക്കുന്നതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രാലയത്തിലെ സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ്, ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പ്പറേഷന്‍(കഹ്‌റമ), പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ എന്നിവയുടെ ഏകോപനത്തിലും സഹകരണത്തിലുമാണ് പുതിയ ഭേദഗതികള്‍. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും ലളിതമാക്കാനും കെട്ടിട ലൈസന്‍സുകള്‍ക്കായുള്ള ഇലക്ട്രോണിക് സംവിധാനം മെച്ചപ്പെടുത്താനും വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് മാറ്റങ്ങള്‍. ഫെബ്രുവരി ഒന്നു മുതല്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍വരും. സൈറ്റ് ബോര്‍ഡിന് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍ കെട്ടിട അനുമതിയുടെ ഭാഗമാക്കുകയെന്നതാണ് പുതിയ ഭേദഗതികളുടെ ഭാഗമാണ്. സൈറ്റ് ബോര്‍ഡിനുള്ള ലൈസന്‍സ് ഉള്‍പ്പടെ കെട്ടിട പെര്‍മിറ്റിനായി എന്‍ജിനിയറിങ് സ്ഥാപനമോ ഡിസൈനറോ അതല്ലെങ്കില്‍ ഉടമയോ ഒരു അപേക്ഷ മാത്രം സമര്‍പ്പിച്ചാല്‍ മതിയാകും.
സൈറ്റ് ബോര്‍ഡിനായുള്ള ലൈസന്‍സിന് പ്രത്യേകമായി അപേക്ഷിക്കേണ്ടതില്ല. കെട്ടിട പെര്‍മിറ്റ് സംവിധാനത്തില്‍ സര്‍വേ റിപ്പോര്‍ട്ട് പുറപ്പെടുവിക്കുന്നതിനുള്ള നടപടിക്രമങ്ങളും ഭേദഗതികളില്‍ ഉള്‍പ്പെടുന്നു. ലൈസന്‍സ് അല്ലെങ്കില്‍ കെട്ടിട പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഭൂമിയുടെ അതിരുകള്‍ സൂചിപ്പിക്കുന്ന അടയാളങ്ങള്‍ സ്ഥാപിക്കുക, ഭൂമിയുടെ സമസ്ഥാനങ്ങള്‍(കോര്‍ഡനറ്റ്‌സ്) നിര്‍ണ്ണയിക്കുക, നിക്ഷേപകന്റെ ഭൂമിയുടെ പരിധിക്കുള്ളില്‍ ലൈസന്‍സുള്ള കെട്ടിടങ്ങളാണെന്നത് ഉറപ്പാക്കുക എന്നിവയാണ് ഈ റിപ്പോര്‍ട്ട് ലക്ഷ്യമിടുന്നത്.
പുതിയ ഭേദഗതി പ്രകാരം കെട്ടിട പെര്‍മിറ്റ് സംവിധാനത്തിന്റെ വെബ്‌സൈറ്റ് മുഖേന അപേക്ഷിച്ച് സര്‍വേ റിപ്പോര്‍ട്ടും നേടാനാകും. ഓരോ പുതിയ ലൈസന്‍സിനും കെട്ടിട പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റിനുമായി സര്‍വേ റിപ്പോര്‍ട്ട് സിസ്റ്റം വഴി വിതരണം ചെയ്യും. കൂടാതെ സര്‍വേ റിപ്പോര്‍ട്ടിന്റെ വില കെട്ടിട പെര്‍മിറ്റ് ഫീസ് അല്ലെങ്കില്‍ കെട്ടിട പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തും. പുതിയ ഭേദഗതികളില്‍ വെയര്‍ഹൗസുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ഘട്ടത്തിലുള്ള കഹ്‌റമയുടെ പരിശോധന ഒഴിവാക്കുന്നതും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വെയര്‍ഹൗസുകളുടെ നിര്‍മ്മാണ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും സേവനം ബന്ധിപ്പിക്കുന്നതിനും കഹ്‌റമയുടെ പരിശോധന നിര്‍ബന്ധമായിരുന്നു. പുതിയ കെട്ടിടത്തിലേക്ക് കഹ്‌റമയുടെ സേവനങ്ങള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനത്തിന്റെ പരിശോധന ആവശ്യമില്ല. അതേസമയം കെട്ടിടം ആസൂത്രണം ചെയ്യപ്പെട്ട പദ്ധതികളുമായി ഒത്തുപോകുന്നുണ്ടോയെന്ന് ഉറപ്പാക്കേണ്ടത് സൂപ്പര്‍വൈസിങ് എന്‍ജിനിയറുടെയും പദ്ധതി നടപ്പാക്കുന്ന കരാറുകാരന്റെയും ചുമതലയില്‍പ്പെട്ടതാണ്. വെയര്‍ഹൗസുകള്‍ക്കുള്ള ആദ്യ ഇന്‍വോയിസില്‍ കഹ്‌റമയുടെ സേവനങ്ങള്‍ക്കുള്ള ഫീസ് അടക്കുന്നതും ഭേദഗതികളില്‍ ഉള്‍പ്പെടുന്നു.
കെട്ടിട പെര്‍മിറ്റ് സംവിധാനം മുഖേന മലിനജല ശൃംഖലയിലേക്കുള്ള കണക്ഷനുള്ള അപേക്ഷയും ഭേദഗതിയുടെ ഭാഗമാണ്. കെട്ടിടം പൂര്‍ത്തീകരിക്കുന്ന ഘട്ടത്തിലുള്ള ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളുടെ പരിശോധനയും നിര്‍ത്തലാക്കും. 2014 ഫെബ്രുവരി പത്തിനാണ് കെട്ടിട ലൈസന്‍സുകള്‍ക്കായി ഇലക്ട്രോണിക് സംവിധാനത്തിന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം തുടക്കംകുറിച്ചത്.