
ദോഹ: . കെനിയയിലും എത്യോപ്യലും ഖത്തറിന്റെ വിസ സേവനകേന്ദ്രങ്ങള്‍ തുറക്കും. ആദ്യഘട്ടത്തില്‍ നിശ്ചയിച്ചിട്ടുള്ള എട്ടു രാജ്യങ്ങള്‍ക്കു പുറമെയാണ് രണ്ടാം ഘട്ടത്തില്‍ രണ്ടു രാജ്യങ്ങളില്‍കൂടി വിസ കേന്ദ്രം തുറക്കുന്നത്. കെനിയന്‍ പാര്‍ലമെന്റ് പ്രതിനിധിസംഘം കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രാലയത്തില്‍ സന്ദര്‍ശനം നടത്തുകയും പുറംരാജ്യങ്ങളിലെ ഖത്തറിന്റെ വിസ സേവനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസിലാക്കുകയും ചെയ്തു.
ആഭ്യന്തരമന്ത്രാലയം വിസ സപ്പോര്‍ട്ട് സര്‍വീസസ് വകുപ്പ് ഡയറക്ടര്‍ മേജര്‍ അബ്ദുല്ല ഖലീഫ അല്‍മുഹന്നദി, ഭരണവികസന തൊഴില്‍ സാമൂഹ്യകാര്യമന്ത്രാലയത്തിലെ പ്രതിനിധി മുഹമ്മദ് അലിഅല്‍മീര്‍ എന്നിവര്‍ചേര്‍ന്ന് പദ്ധതിയെക്കുറിച്ചുള്ള അവതരണം നടത്തി. ഖത്തരി വിസ കേന്ദ്രത്തിന്റെ പ്രയോജനങ്ങളെക്കുറിച്ച് കെനിയന്‍ സംഘത്തിന് പരിചയപ്പെടുത്തിക്കൊടുക്കുകയെന്നതായിരുന്നു യോഗത്തിന്റെ ലക്ഷ്യം.
ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്‍, ഇന്ത്യ, നേപ്പാള്‍, ഫിലിപ്പൈന്‍സ് രാജ്യങ്ങളിലാണ് കേന്ദ്രങ്ങള്‍ തുറന്നത്. സമീപ ഭാവിയില്‍തന്നെ ഇന്തോനേഷ്യ, ടുണീഷ്യ രാജ്യങ്ങളിലും ഖത്തര്‍ വിസ സേവന കേന്ദ്രങ്ങള്‍ തുറക്കും. തുടര്‍ന്നായിരിക്കും രണ്ടാം ഘട്ടത്തില്‍ കെനിയയിലും എത്യോപ്യയിലും തുറക്കുക. തുടര്‍ന്ന് മറ്റു ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലും ഖത്തര്‍ വിസ കേന്ദ്രങ്ങള്‍ തുറക്കും.
ഖത്തറിലേക്കു വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോ മെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവയ്ക്കല്‍ എന്നിവ സ്വകാര്യ ഏജന്‍സിയുടെ സഹകരണത്തോടെ മാതൃരാജ്യങ്ങളില്‍വെച്ചുതന്നെ പൂര്‍ത്തീകരിക്കാനാകും. എല്ലാ നടപടിക്രമങ്ങളും രാജ്യത്തിനു പുറത്ത് വിസ സെന്ററുകള്‍ മുഖേന പൂര്‍ത്തീകരിക്കാനാകും. വിസയുടെ കാലാവധി ഉറപ്പുവരുത്തുന്നതിനൊപ്പം ഖത്തറിലെത്തിയാലുടന്‍ തൊഴിലില്‍ പ്രവേശിക്കുന്നതിനും ഇതിലൂടെ സാധിക്കും.