in ,

കൊറോണ: വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കി

Image processed by CodeCarvings Piczard ### FREE Community Edition ### on 2020-01-24 17:43:25Z | |
ഹമദ് വിമാനത്താവളത്തില്‍ ചൈനീസ് യാത്രികരെ താപ പരിശോധനക്ക് വിധേയമാക്കുന്നു

ചൈനീസ് യാത്രികരില്‍ വൈറസ് ബാധ സംബന്ധിച്ച കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ദോഹ: കൊറോണ വൈറസിനെ നേരിടുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കി. രാജ്യത്തേക്ക് എത്തുന്ന യാത്രക്കാരില്‍ നിന്ന് രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകളുടെ ഭാഗമാണ് പരിശോധന. നിരീക്ഷണ സംവിധാനത്തിന്റെ അലേര്‍ട്ട് ലെവല്‍ ഉയര്‍ത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചാണ് പ്രാദേശിക, ആഗോള തലത്തില്‍ സംശയാസ്പദമായ കേസുകള്‍ നിരീക്ഷിക്കുന്നത്. ചൈനയില്‍ നിന്നുള്ള എല്ലാ യാത്രക്കാരെയും ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ തെര്‍മല്‍ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ദേശീയ എപ്പിഡെമിയോളജി കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് ചൈനീസ യാത്രികരില്‍ താപ പരിശോധന നടത്തുന്നത്. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച കേസുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വൈറസ് ബാധിക്കാതിരിക്കാനുള്ള എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. പരിശോധിച്ചവയില്‍ എല്ലാ കേസുകളും നെഗറ്റീവായിരുന്നു. പോസിറ്റീവ് കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രാലയത്തിലെ പൊതുജനാരോഗ്യവകുപ്പിലെ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ആന്റ് കമ്യൂണിക്കബിള്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടറും ദേശീയ പകര്‍ച്ചവ്യാധി പ്രതിരോധ മുന്നൊരുക്ക കമ്മിറ്റിയുടെ സഹ ചെയര്‍മാനുമായ ഡോ.ഹമദ് അല്‍റുമൈഹി പറഞ്ഞു. വെള്ളിയാഴ്ച ആറു വിമാനങ്ങളിലായി ചൈനയില്‍നിന്നെത്തിയ 2000ത്തോളം യാത്രക്കാരെ വിമാനത്താവളത്തിനുള്ളില്‍ സജ്ജമാക്കിയ മൂന്നു താപ പരിശോധനാ സ്ഥലങ്ങളിലൂടെ പരിശോധനക്ക് വിധേയമാക്കി. ചൈനയില്‍ നിന്നുള്ള യാത്രക്കാരെ ഉയര്‍ന്ന നിലവാരമുള്ള താപ ക്യാമറകളിലൂടെയാണ് പരിശോധിക്കുന്നത്. യാത്രക്കാരുടെ ശരീരതാപനില രേഖപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും. ഹമദ് വിമാനത്താവളം, ഖത്തര്‍ എയര്‍വേയ്‌സ് എന്നിവയുമായി സഹകരിച്ചാണ് മന്ത്രാലയം പരിശോധന കര്‍ക്കശമാക്കിയത്. വിമാനത്താവളത്തിലെ പരിശോധനാ നടപടിക്രമങ്ങള്‍ ജോലി തടസപ്പെടുത്തുന്നതിനോ യാത്രക്കാര്‍ക്ക് കാലതാമസത്തിനോ ഇടയാക്കില്ല. ഒരു വിമാനത്തിലെ യാത്രക്കാര്‍ക്ക് പരിശോധനക്ക് 20 മിനുട്ടില്‍ കൂടുതല്‍ എടുക്കില്ലെന്ന് ഡോ.റുമൈഹി ചൂണ്ടിക്കാട്ടി. മന്ത്രാലയത്തിലെയും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെയും ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മേല്‍നോട്ടത്തില്‍ പത്തു താപ ക്യാമറകള്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.
വിമാനത്താവളത്തിലെ ക്ലിനിക്കില്‍ അത്യാഹിത വിഭാഗം ഡോക്ടര്‍, നഴ്‌സ് എന്നിവരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ആംബുലന്‍സ് സേവനവുമുണ്ട്. സംശയിക്കപ്പെടുന്ന ഏത് കേസും ഉടന്‍തന്നെ കൈകാര്യം ചെയ്യാന്‍ പൂര്‍ണമായും സജ്ജമാണെന്നും ഡോ.അല്‍റുമൈഹി പറഞ്ഞു.
സ്റ്റാന്‍ഡേര്‍ഡ് നിര്‍വചനവുമായി പൊരുത്തപ്പെടുന്ന എന്തെങ്കിലും സ്ഥിരീകരിച്ചാല്‍ രോഗിയെ ഉടനടി ആസ്പത്രിയിലേക്ക് കൊണ്ടുപോകും.ഇവയ്ക്ക് പുറമേ, ചൈനയില്‍ നിന്നുള്ള വിമാനങ്ങളില്‍ രോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടികളും നടക്കുന്നു. രോഗലക്ഷണങ്ങളുള്ള ആര്‍ക്കും അക്കാര്യം ഫ്‌ളൈറ്റ് ക്രൂവിനോട് വെളിപ്പെടുത്താം.
രോഗലക്ഷണങ്ങളുള്ളവര്‍ ഹമദില്‍ എത്തിയാല്‍ ഉടന്‍ തന്നെ എച്ച്‌ഐഎയിലെ ക്ലിനിക്കിലേക്ക് കൊണ്ടുപോകും. അതുകൊണ്ടുതന്നെ ലക്ഷണങ്ങളുള്ളവര്‍ തുറന്നുപറയണമെന്ന് യാത്രക്കാരോടു ആവശ്യപ്പെടുന്നുണ്ട്. വൈറസ് ബാധിത രാജ്യങ്ങളിലെ യാത്രക്ക് ശേഷം ദോഹയിലേക്ക് മടങ്ങിയെത്തിയവരില്‍ പതിനാല് ദിവസത്തിനുള്ളില്‍ ശ്വാസകോശ സംബന്ധമായ അണുബാധയുള്ളതായി സംശയിക്കപ്പെടുന്നുണ്ടെങ്കില്‍ അക്കാര്യവും അധികൃതരെ അറിയിക്കണം. ഈ ദിവസങ്ങളില്‍ രോഗലക്ഷണങ്ങളുണ്ടോയെന്ന് നിരീക്ഷിക്കേണ്ടത് സുപ്രധാനമാണ്. വൈറസ് രൂപപ്പെടുന്നതിനും വളരുന്നതിനുമുളള നിര്‍ണായക കാലഘട്ടമാണ് രണ്ടാഴ്ചക്കാലമെന്നതിനാലാണ് ഇക്കാര്യം ആവര്‍ത്തിച്ച് ഉണര്‍ത്തുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഈ നടപടിക്രമങ്ങള്‍ ബാധകമാക്കുന്നതിനെക്കുറിച്ചും ഡോ. അല്‍ റുമൈഹി വിശദീകരിച്ചു. മറ്റു രാജ്യങ്ങളിലെ എല്ലാ കേസുകളും ചൈനയില്‍ നിന്നാണ് ഉത്ഭവിച്ചത്. മറ്റ് രാജ്യങ്ങളിലേക്ക് രോഗം പടര്‍ന്നാല്‍ ആ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ബാധകമാകുമെന്ന് ഡോ. അല്‍റുമൈഹി പറഞ്ഞു. തെര്‍മല്‍ ക്യാമറകളിലൂടെ കടന്നുപോയതിന് ശേഷം സംശയിക്കപ്പെടുന്ന കേസുകള്‍ ഉടന്‍ തന്നെ വൈദ്യപരിശോധനയിലേക്കും തുടര്‍ന്ന് ആസ്പത്രിയിലേക്കും മാറ്റുമെന്ന് മന്ത്രാലയത്തിന്റെ ഹെല്‍ത്ത് കെയര്‍ കമ്മ്യൂണിക്കേഷന്‍ കമ്മിറ്റി ചെയര്‍മാനും എച്ച്എംസി ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസറുമായ അലി അല്‍ഖാതിര്‍ പറഞ്ഞു. അണുബാധ വൈറസുമായി ബന്ധപ്പെട്ടതാണോ അല്ലയോ എന്ന് നിര്‍ണയിക്കുന്നതിനാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയില്‍ പ്രത്യക്ഷപ്പെടുകയും മറ്റു വിവിധ രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

2020ലെ കായിക കലണ്ടര്‍ ക്യുഒസി പ്രഖ്യാപിച്ചു; 65 ചാമ്പ്യന്‍ഷിപ്പുകള്‍

മാള്‍ ഓഫ് ഖത്തറില്‍ അക്രോബാറ്റിക് ഷോ ആകര്‍ഷകമായി