
ദോഹ: നോവല്‍കൊറോണ വൈറസ്(കോവിഡ്-19) ബാധിച്ചതായി സംശയിക്കുന്ന വ്യക്തികളെ പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ക്വാറന്റൈന് ചെയ്യുന്നതിനുമുള്ള കേന്ദ്രമായി മൈദര്‍ ഹെല്‍ത്ത് സെന്ററിനെ സജ്ജമാക്കി. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനാണ്(പിഎച്ച്സിസി) ഇക്കാര്യം അറിയിച്ചത്. മൈദര്‍ ഹെല്‍ത്ത് സെന്ററില്‍ നേരത്തെയുള്ള എല്ലാ അപ്പോയിന്റ്മെന്റുകളും പുനക്രമീകരിച്ച് വജ്ബ ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റും. അപ്പോയിന്റ്മെന്റ് ഇല്ലാതെ മൈദര്‍ ഹെല്‍ത്ത് സെന്ററിലേക്ക് പോകാന്‍ താല്പര്യപ്പെടുന്ന രോഗികളും സമീപ കേന്ദ്രങ്ങളായ അബൂബക്കര്‍ സിദ്ദീഖ് ഹെല്‍ത്ത് സെന്റര്‍, അല്‍റയ്യാന്‍ ഹെല്‍ത്ത് സെന്റര്‍, അല്‍വജ്ബ ഹെല്‍ത്ത് സെന്റര്‍, അല്‍വാബ് ഹെല്‍ത്ത് സെന്റര്‍ എന്നിവയിലേതെങ്കിലുമൊന്നിലേക്കാണ് പോകേണ്ടത്. അനിവാര്യമല്ലാത്ത എല്ലാ അപ്പോയിന്റ്മെന്റുകളും കഴിയുന്നതും വേഗം മറ്റൊരു തീയതിയിലേക്ക് പുനക്രമീകരിക്കും.
കോവിഡ് പരിശോധിക്കാന്‍ ഏറ്റവും മികച്ച
സാങ്കേതികവിദ്യ ഖത്തറില്‍
ദോഹ: നോവല്‍ കൊറോണ വൈറസ്(കോവിഡ്-19) പരിശോധിക്കുന്നതിനും നിര്‍ണയിക്കുന്നതിനുമുള്ള ഏറ്റവും മികച്ച സാങ്കേതികവിദ്യകളാണ് ഖത്തറിലുള്ളതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 6000ലധികം വ്യക്തികളെ പരീക്ഷിക്കാന്‍ ഈ സാങ്കേതികവിദ്യ രാജ്യത്തെ പ്രാപ്തമാക്കി.
ഇക്കാര്യത്തില്‍ ആഗോളതലത്തില്‍ ദക്ഷിണകൊറിയക്കു പിന്നില്‍ രണ്ടാമതാണ് ഖത്തര്‍. പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടര്‍ ശൈഖ് ഡോ മുഹമ്മദ് ബിന്‍ ഹമദ് അല്‍താനി കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ സാങ്കേതികവിദ്യയുള്ള ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ഖത്തര്‍. ബുധനാഴ്ചവരെ 262 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചുവെങ്കിലും ആരും ഗുരുതരാവസ്ഥയിലല്ല. ഇതുവരെയും മരണമൊന്നും സംഭവിട്ടില്ല. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ദക്ഷിണകൊറിയക്കുശേഷം ഏറ്റവുമധികം പൗരന്മാരെ പരിശോധിച്ചത് ഖത്തറാണ്. മരണങ്ങളൊന്നുമില്ലതെയുള്ള കേസുകളുടെ എണ്ണത്തില്‍ ജര്‍മ്മനിക്കുശേഷം ലോകത്ത് രണ്ടാംസ്ഥാനത്ത് ഖത്തറാണ്.
ഇതുവരെ ഒരുകേസുപോലും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. മിക്ക കേസുകളിലും ആരോഗ്യാവസ്ഥ സുസ്ഥിരമാണ്. 90ശതമാനം കേസുകളിലും രോഗലക്ഷണങ്ങളില്ല. ഏതുസാഹചര്യങ്ങളെയും നേരിടാന്‍ ഖത്തര്‍ സജ്ജമാണെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ഖത്തറില്‍ സജീവമായ നിരീക്ഷണസംവിധാനമാണുള്ളത്.
രോഗബാധിതര്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെ നേരത്തെ തിരിച്ചറിഞ്ഞ് ക്വാറന്റൈനിലേക്ക് മാറ്റാന്‍ സാധിക്കുന്നുണ്ട്. ക്വാറന്റൈന് സൗകര്യങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണ്. അണുബാധക്കുള്ള യാതൊരു സാധ്യതയുമില്ല. വൈറസ് ചികിത്സിക്കാന്‍ കഴിയുന്നതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് ശൈഖ് ഡോ മുഹമ്മദ് ബിന്‍ ഹമദ് അല്‍താനി ജനങ്ങളോടു ആഹ്വാനം ചെയ്തു.
മന്ത്രാലയം നടത്തിയ തീവ്രമായ പ്രചാരണത്തിന്റെ ഫലമായാണ് കേസുകള്‍ നേരത്തെ കണ്ടെത്താനായത്. നാഷണല്‍ എപ്പിഡെമിക് പ്രിപ്പറേഷന്‍ കമ്മിറ്റിയുടെ കോ-ചെയറും ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് (എച്ച്എംസി) പകര്‍ച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്ലതിഫ് അല്‍ഖാല്‍, പൊതുജനാരോഗ്യ വകുപ്പിലെ ആരോഗ്യ സംരക്ഷണ, സാംക്രമിക രോഗ നിയന്ത്രണ ഡയറക്ടറും ദേശീയ പകര്‍ച്ചവ്യാധി തയ്യാറാക്കല്‍ സമിതിയുടെ സഹ ചെയര്‍മാനുമായ ഡോ. ഹമദ് അല്‍ റുമൈഹി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.