
ദോഹ: നോവല്‍ കൊറോണ വൈറസിനെ(കോവിഡ്-19) പ്രതിരോധിക്കുന്നതിനും നേരിടുന്നതിനും ഖത്തര്‍ സ്വീകരിക്കുന്നത് പൂര്‍ണവും സമഗ്രവുമായ നടപടികള്‍. രാജ്യത്തിന്റെ തുറമുഖങ്ങളും വിമാനത്താവളവും ഉള്‍പ്പടെ എന്‍ട്രി പോയിന്റുകളില്‍ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
കോവിഡ്-19ല്‍ നിന്നും ഖത്തറിലെ ജനങ്ങളെ സംരക്ഷിക്കാന്‍ അധികൃതര്‍ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും(എച്ച്എംസി) പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനും(പിഎച്ച്‌സിസി) തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകളില്‍ വിശദീകരിച്ചിട്ടുണ്ട്.
എല്ലാ രാജ്യങ്ങളില്‍ നിന്നും ദോഹയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍ക്കായി ഹമാദ് രാജ്യാന്തര വിമാനത്താവളത്തിലും തുറമുഖങ്ങളിലും ശക്തമായ താപ പരിശോധനാ നടപടിക്രമങ്ങളാണുള്ളത്.
കോവിഡ്-19ന്റെ സാധാരണ ലക്ഷണങ്ങളിലൊന്നായ പനി ബാധിച്ച യാത്രക്കാരെ തിരിച്ചറിയാന്‍ ഈ പരിശോധന സഹായിക്കുന്നു.
സംശയിക്കപ്പെടുന്ന എല്ലാ യാത്രക്കാരെയും പരിശോധിക്കുന്നതിനും അഭിമുഖം നടത്തുന്നതിനുമായി ഹമദ് വിമാനത്താവളത്തില്‍ പ്രത്യേക ക്ലിനിക്ക് സജ്ജമാക്കിയിട്ടുണ്ട്. ക്വാറന്റൈന്‍ മാനദണ്ഢങ്ങള്‍ പാലിക്കുന്നവരെ ഒറ്റക്ക് താമസിപ്പിക്കുന്നതിനായി പ്രത്യേക താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണ തൊഴിലാളികള്‍ക്ക് അധിക പരിശീലനം, അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും ലബോറട്ടറി നടപടിക്രമങ്ങള്‍ ശക്തിപ്പെടുത്തല്‍ എന്നിവക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്.
സമൂഹത്തിനിടയില്‍ അവബോധം വ്യാപിപ്പിക്കുന്നതിനായി വിപുലമായ പ്രചാരണ കാമ്പയിന്‍ നടത്തിവരുന്നുണ്ട്. സമര്‍പ്പിത ദേശീയ വെബ്്‌സൈറ്റ്്്, മെഡിക്കല്‍ വിദഗ്ധരുമായുള്ള ടിവി, റേഡിയോ അഭിമുഖങ്ങള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മുഖേനയുള്ള സന്ദേശങ്ങള്‍, പത്രമാധ്യമങ്ങള്‍ എന്നിവയിലൂടെയാണ് ജനങ്ങളിലേക്ക് സന്ദേശമെത്തിക്കുന്നത്.
അറബ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഫ്രഞ്ച്, ചൈനീസ് ഭാഷകളിലാണ് അവബോധ കാമ്പയിന്‍.
ആരോഗ്യ സംരക്ഷണ- പകര്‍ച്ചവ്യാധി പ്രതിരോധ ടീമുകളുടെ നേതൃത്വത്തില്‍ ആസ്പത്രികളിലും തീവ്രപരിചരണ വിഭാഗങ്ങളിലും പതിവായി സജീവമായ നിരീക്ഷണ സന്ദര്‍ശനങ്ങള്‍ നടത്തുന്നുണ്ട്.
ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ശ്വാസകോശ സംബന്ധമായ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും അത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന സാഹചര്യം ഒഴിവാക്കാനുമാണ് ഇത്തരം സന്ദര്‍ശനങ്ങള്‍. നോവല്‍ കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 16000 എന്ന 24 മണിക്കൂര്‍ ഹോട്ട്‌ലൈനില്‍ ബന്ധപ്പെടുകയോ വേണം.