in

കൊറോണ വൈറസ്; മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം

ദോഹ: കൊറോണ വൈറസിനെ നേരിടാന്‍ ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പൊതുജനാരോഗ്യമന്ത്രാലയം. ചൈനയില്‍ പ്രത്യക്ഷപ്പെടുകയും മറ്റു വിവിധ രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. രോഗ സാഹചര്യങ്ങളെക്കുറിച്ച് തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച കേസുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വൈറസ് ബാധിക്കാതിരിക്കാനുള്ള എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം വൈറസിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് മന്ത്രാലയത്തിലെ ദേശീയ എപിഡമിക് പ്രിപ്പറേഷന്‍ കമ്മിറ്റി ഉന്നതതലയോഗം വിളിച്ചുചേര്‍ത്തിരുന്നു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍, ഹമദ് രാജ്യാന്തര വിമാനത്താവളം, ഖത്തര്‍ എയര്‍വേയ്സിന്റെ മെഡിക്കല്‍ സര്‍വീസ് വിഭാഗം എന്നിവിടങ്ങളിലെ പ്രതിനിധികള്‍ ഈ യോഗത്തില്‍ പങ്കെടുത്തു. കൊറോണ വൈറസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, എല്ലാ കക്ഷികളും തമ്മിലുള്ള സംയുക്ത ഏകോപന സംവിധാനം തുടങ്ങിയവ ചര്‍ച്ച ചെയ്തു. രാജ്യത്തേക്ക് എത്തുന്ന യാത്രക്കാരില്‍ നിന്ന് രോഗം പടരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. നിരീക്ഷണ സംവിധാനത്തിന്റെ അലേര്‍ട്ട് ലെവല്‍ ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള മുന്‍കരുതല്‍ ശുപാര്‍ശകള്‍ കമ്മിറ്റി പുറപ്പെടുവിച്ചു. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് പ്രാദേശിക, ആഗോള തലത്തില്‍ സംശയാസ്പദമായ കേസുകള്‍ നിരീക്ഷിക്കും. ചൈനയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ തെര്‍മല്‍ പരിശോധന നടത്തും. ചൈനയില്‍ നിന്നുള്ള യാത്രക്കാരില്‍ താപ പരിശോധന നടത്തുന്നതിന് ദേശീയ എപ്പിഡെമിയോളജി കമ്മിറ്റി അംഗീകാരം നല്‍കി.

രോഗബാധിതരെ പരിചരിക്കല്‍: ദേശീയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

ദോഹ: കൊറോണ വൈറസുമായി ബന്ധപ്പെട്ട പുതിയ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ദേശീയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൊതുജനാരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. രോഗ ബാധിതരെ പരിചരിക്കുന്നതിനായി ദേശീയ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയിട്ടുണ്ട്.
ശ്വാസകോശ സംബന്ധമായ എന്തെങ്കിലും അണുബാധയോ മറ്റോ ഉണ്ടായിട്ടുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ രാജ്യത്തെ എല്ലാ ആസ്പത്രികള്‍ക്കും നിര്‍ദേശം നല്‍കി. വൈറസ് ബാധിത രാജ്യങ്ങളിലെ യാത്രക്ക് ശേഷം ദോഹയിലേക്ക് മടങ്ങിയെത്തിയവരില്‍ പതിനാല് ദിവസത്തിനുള്ളില്‍ ശ്വാസകോശ സംബന്ധമായ അണുബാധയുള്ളതായി സംശയിക്കപ്പെടുന്നുണ്ടെങ്കില്‍ അക്കാര്യവും അധികൃതരെ അറിയിക്കണം. രോഗ ലക്ഷണങ്ങളോടെ ആരും രാജ്യത്തെ ആസ്പത്രികളില്‍ എത്തിയിട്ടില്ലെന്ന് ഉറപ്പാക്കാന്‍ മന്ത്രാലയത്തിന്റെ അന്വേഷണ സംഘം ദിവസേന ആസ്പത്രികള്‍ സന്ദര്‍ശിക്കും. രാജ്യത്തെ എല്ലാ ആസ്പത്രികള്‍ക്കും രോഗബാധ സംബന്ധിച്ച മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന ശരീര ഊഷ്മാവ്, ചുമ, ശ്വാസതടസം തുടങ്ങിയ കൊറോണ വൈറസ് ലക്ഷണങ്ങളെക്കുറിച്ച് യാത്രക്കാര്‍ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണവും നടത്തും. ഖത്തറില്‍ നിന്ന് ചൈന ഉള്‍പ്പെടെ കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും മന്ത്രാലയം നിര്‍ദേശിച്ചു. രോഗ ബാധിത രാജ്യങ്ങളില്‍ ചെന്നാല്‍ മൃഗങ്ങളുമായുള്ള സമ്പര്‍ക്കം പാടില്ല. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുമായി അടുത്തിടപെഴകരുത്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ എല്ലായ്പ്പോഴും കഴുകി ശുചിയായി സംരക്ഷിക്കണം. മന്ത്രാലയത്തിലെ ദ്രുതകര്‍മ വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായിരിക്കും. സംശയാസ്പദമായ കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 66740948, 66740951 എന്നീ ഹോട്ലൈന്‍ നമ്പറുകളില്‍ വിളിച്ചറിയിക്കാം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഗള്‍ഫ് പ്രതിസന്ധി: ക്രിയാത്മകവും നിരുപാധികവുമായ ചര്‍ച്ചകള്‍ക്ക് സന്നദ്ധത ആവര്‍ത്തിച്ച് ഖത്തര്‍

പൗരത്വവും മതവും തമ്മില്‍ കൂട്ടിക്കുഴക്കരുത്: കാതോലിക്ക ബാവ