
ദോഹ: നോവല്‍ കൊറൊണ വൈറസ്(കോവിഡ് 19) വ്യാപനത്തിന്റെ സാഹചര്യത്തില്‍ രാജ്യത്തെ കഫേകളും റസ്റ്റോറന്റുകളും ശീഷയും ഹൂക്കയും നിരോധിച്ചു. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെയാണ് നിരോധനം. തീരുമാനം ലംഘിക്കുന്നവര്‍ക്ക് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുമെന്നും ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. എല്ലാ കമ്പനികളും വ്യക്തികളും അവരുടെ സുരക്ഷയും സമൂഹത്തിന്റെ സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി പ്രതിരോധ നടപടികള്‍ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. കഫേകളിലുള്‍പ്പടെ ശീഷ വില്‍പ്പന നിര്‍ത്തിവെക്കണമെന്ന് നേരത്തെ സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സിലും(സിഎംസി) ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് പടരാതിരിക്കാനുള്ള പ്രതിരോധ നടപടിയെന്ന നിലയിലാണ് ശീഷ വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്നാണ് ഖത്തറിലെ റസ്റ്റോറന്റുകളോടും ഭക്ഷണശാലകളോടും സിഎംസി ആവശ്യപ്പെട്ടത്. ശീഷ വില്‍ക്കരുതെന്നും പുകവലിക്കായി ഹുക്കകള്‍ നല്‍കരുതെന്നും സൂഖ് വാഖിഫ് മാനേജ്‌മെന്റ് തങ്ങളുടെ പരിധിയിലുള്ള ഔട്ട്‌ലെറ്റുകള്‍ക്ക് നിര്‍ദേശം നല്‍കി. ആഗോള പകര്‍ച്ചവ്യാധിയെ നേരിടാന്‍ ഖത്തര്‍ തുടക്കംകുറിച്ച ഏറ്റവും പുതിയ നടപടികളിലൊന്നാണിത്. നിലവില്‍ ഖത്തറില്‍ നോവല്‍ കൊറൊണ വൈറസുമായി ബന്ധപ്പെട്ട് പതിനെട്ട് കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടത്. വൈറസ് വ്യാപനം തടയുന്നതിനായി ശക്തമായ നടപടികളാണ് ഖത്തര്‍ സ്വീകരിക്കുന്നത്. ഇന്ത്യ ഉള്‍പ്പടെ പതിനാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ താല്‍ക്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ സ്‌കൂളുകളും സര്‍വകലാശാലകളും ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അവധിയും നല്‍കിയിട്ടുണ്ട്. അതേസമയം പല യൂണിവേഴ്‌സിറ്റികളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍(വിര്‍ച്വല്‍ ക്ലാസ്‌റൂം) മുഖേന ക്ലാസുകള്‍ നടത്തുന്നുണ്ട്.