in ,

കോടതിയും നിയമനിര്‍മാണ സഭയും പരസ്പര ബഹുമാനത്തോടെ വര്‍ത്തിക്കണം: സ്പീക്കര്‍

sdr
ദോഹയില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സ് പരിപാടിയില്‍ കേരള നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സംസാരിക്കുന്നു

ദോഹ: പരസ്പര ബഹുമാനവും ആദരവും നിലനിര്‍ത്തി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളാണ് കോടതിയും നിയമനിര്‍മാണ സഭയുമെന്ന് കേരള നിയമസഭാ സ്പീക്കര്‍ പി രാമകൃഷ്ണന്‍. ഇന്ത്യന്‍ മീഡിയാ ഫോറത്തിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
നിയമ നിര്‍മാണ സഭയ്ക്ക് മുകളിലല്ല കോടതി. എന്നാല്‍ വായയില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന രീതിയിലാണ് ഹൈക്കോടതിയില്‍ ചില ജഡ്ജിമാര്‍ പ്രതികരിക്കുന്നതെന്നും ശ്രീരാമകൃഷ്ണന്‍ കുറ്റപ്പെടുത്തി.
ജനപ്രതിനിധികളുടെ വിദേശ യാത്രകളെ കുറിച്ച് ചില ജഡ്ജിമാര്‍ മോശമായി പ്രതികരിക്കുന്നത് ജനാധിപത്യത്തെ അവഹേളിക്കല്‍ കൂടിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരന്നു കിടക്കുന്നവരാണ് മലയാളികള്‍. അതുകൊണ്ടുതന്നെ അവരുടെ പ്രതിനിധികളായ ജനപ്രതിനിധികള്‍ക്ക് വിദേശയാത്രകള്‍ ഒഴിച്ചുകൂടാനാവില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
യാത്രകള്‍ പലതും സര്‍ക്കാര്‍ ചെലവില്‍ നടത്തുന്നതല്ല. സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന യാത്രകള്‍ കൊണ്ട് സംസ്ഥാനത്തിനുണ്ടായ നേട്ടത്തെ കുറിച്ച് കോടതി പരിശോധിക്കാന്‍ തയ്യാറാകണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. മന്ത്രിമാരും മറ്റു നടത്തുന്ന ഇത്തരം യാത്രകളെ തുടര്‍ന്നാണ് ലോകത്തെ പല പ്രമുഖ കമ്പനികളും ഇപ്പോള്‍ കേരളത്തിലേക്ക് വരുന്നത. ലോകത്ത് എവിടെ മലയാളിയുണ്ടെങ്കിലും അവിടെ പോകാനും അവരെ കാണാനും ജനപ്രതിനിധികള്‍ക്ക് അധികാരമുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. കോടതി എന്തെങ്കിലും വിളിച്ച് പറയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് ഭരണഘടനാ മൂല്യങ്ങള്‍ വെല്ലുവിളിക്കപ്പെടുകയാണ്. നിയമ നിര്‍മ്മാണത്തിന് അതിന്റേതായ രീതികളുണ്ടായിരിക്കെ ഭരണഘടനാ ഭേദഗതി പോലും ഒരു തുണ്ട് കടലാസുമായി വന്ന് നടത്തുന്നത് അപകടകരമാണ്. അധികാര രാഷ്ട്രീയ മുന്നണികള്‍ക്കതീതമായി ഭരണഘടന സംരക്ഷിക്കാന്‍ കൂട്ടായ്മ രൂപപ്പെടണമെന്നാവശ്യപ്പെട്ട സ്പീക്കര്‍ ഭരണഘടനയുടെ സംരക്ഷണത്തിനുള്ള മുന്നണിയാണ് രാജ്യത്തിന് ആവശ്യമെന്നും പറഞ്ഞു.
ലോക ജനാധിപത്യത്തില്‍ വലിയ മാതൃകയാണ് ലോകകേരള സഭ. ജനുവരി ഒന്ന്, രണ്ട്, മൂന്ന് തിയ്യതികളില്‍ രണ്ടാം ലോകകേരള സഭ യോഗം ചേരും. ഒന്നാം ലോകകേരള സഭയില്‍ ഉണ്ടായ ഏഴ് സ്റ്റാന്റിംഗ് കമ്മറ്റികള്‍ നല്‍കിയ നിരവധി നിര്‍ദേശങ്ങള്‍ അടുത്ത സഭയില്‍ ചര്‍ച്ച ചെയ്യും. പ്രവാസി വ്യവസായിയുടെ ആത്മഹത്യയുടെ പേരില്‍ ലോകകേരള സഭ പോലുള്ള സമിതികളില്‍ നിന്ന് രാജിവെച്ചത് ശരിയായില്ലെന്നും പ്രതിപക്ഷ നേതാവിന്റെയും മുസ്‌ലിം ലീഗ് പ്രസിഡന്റ് ഹൈദരലി തങ്ങളോടും നടപടി പുന:പരിശോധിക്കാന്‍ താന്‍ അഭ്യര്‍ത്ഥിച്ചതായും സ്പീക്കര്‍ പറഞ്ഞു.
പ്രവാസികളെ പരിഗണിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. പ്രവാസി ഡിവഡന്റ്് പെന്‍ഷന്‍ സര്‍ക്കാര്‍ അംഗീകരിച്ചു. 10 കോടി രൂപ വരെ വരുന്ന നിക്ഷേപ പദ്ധതികള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ആരംഭിച്ചു. മൂന്നു വര്‍ഷംകൊണ്ട് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മതിയാകും. റോഡരികിലെ സര്‍ക്കാര്‍ സ്ഥലങ്ങള്‍ പ്രവാസികള്‍ക്ക് സംരഭങ്ങള്‍ തുടങ്ങാന്‍ അവസരം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. മടങ്ങിപ്പോകുന്ന സാധാരണക്കാരായ പ്രവാസികളുടെ പുനരധിവാസത്തില്‍ കുറച്ചുകൂടി ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.
മീറ്റ് ദി പ്രസ്സ് പരിപാടിയില്‍ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് അശ്‌റഫ് തൂണേരി അധ്യക്ഷത വഹിച്ചു. ജനല്‍ സെക്രട്ടറി ഐ എം എ റഫീക്ക്‌ സ്വാഗതവും സെക്രട്ടറി ഓമനക്കുട്ടന്‍ നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തര്‍ ദേശീയ ദിനം: കെഎംസിസി വിപുലമായ പരിപാടി സംഘടിപ്പിക്കും

ബഹറൈന്‍ ഫൈനലില്‍