
ദോഹ: ജൂണില്‍ ബ്രസീലില്‍ നടക്കുന്ന കോപ്പ അമേരിക്കക്കുശേഷം ഖത്തര്‍ കൂടുതല്‍ മെച്ചപ്പെട്ട ടീമായി മാറുമെന്ന് ദേശീയ ടീമിന്റെ പരിശീലകന് ഫെലിക്സ് സാഞ്ചസ്. കോപ്പ അമേരിക്ക തീര്‍ത്തും വേറിട്ട ചാമ്പ്യന്‍ഷിപ്പാണ്. സൗത്ത് അമേരിക്കയിലെ മികച്ച ടീമുകള്‍ക്കെതിരെ കളിക്കാനുള്ള അവസരമാണ് ഖത്തറിന് ലഭിക്കുന്നത്.
വളരെ വലിയ വെല്ലുവിളിയാണ് നേരിടാന്‍ പോകുന്നത്- സാഞ്ചസ് ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിഥി രാജ്യങ്ങളായി ഖത്തറും ജപ്പാനും മത്സരിക്കുന്ന കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 16 മുതല്‍ ജൂലൈ ഏഴുവരെ ബ്രസീലിലാണ് നടക്കുന്നത്. ഗ്രൂപ്പ് ബിയിലാണ് ഖത്തര്‍. അര്‍ജന്റീന, കൊളംബിയ, പരാഗ്വെ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഈ ടിമുകളെയൊന്നും സീനിയര്‍ തലത്തില്‍ ഇതിനു മുമ്പ് ഖത്തര്‍ നേരിട്ടിട്ടില്ല.
വലിയ വെല്ലുവിളി എന്നതിനൊപ്പം വലിയ അവസരം കൂടിയാണ് കോപ്പ അമേരിക്കയെന്ന് സാഞ്ചസ് ചൂണ്ടിക്കാട്ടുന്നു. മികച്ച അനുഭവങ്ങള്‍ ആര്‍ജ്ജിക്കാന്‍ ഇതിലൂടെ സാധിക്കും. ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന പ്രധാന ടീമുകളായ ബ്രസീലും അര്‍ജന്റീനയും ഉറുഗ്വെയുമെല്ലാം ഒന്നിലധികം തവണ ലോകകപ്പ് സ്വന്തമാക്കിയവരാണ്. പ്രചോദനവും പ്രോത്സാഹനവും സ്വായത്തമാക്കാന്‍ ഖത്തര്‍ താരങ്ങള്‍ക്ക് കോപ്പ അമേരിക്ക സഹായമാകും.
ഏഷ്യന്‍ കപ്പിലെ കിരീടനേട്ടത്തിനു ശേഷം ഖത്തര്‍ താരങ്ങള്‍ക്ക് കാര്യമായ വിശ്രമം ലഭിച്ചിട്ടില്ല. വളരെ ദൈര്‍ഘ്യമേറിയ സീസണാണ് ഇത്തവണ. ദേശീയ ടീമിലെ താരങ്ങളില്‍ ഭൂരിഭാഗവും ഉള്‍പ്പെടുന്ന അല്‍സദ്ദ്, അല്‍ദുഹൈല്‍ ക്ലബ്ബുകള്‍ അമീര്‍ കപ്പ് ഫൈനലില്‍ കളിക്കുന്നു. കൂടാതെ എഎഫ്സി ചാമ്പ്യന്‍സ് ലീഗിലും. പക്ഷെ കോപ്പ അമേരിക്കയില്‍ പൂര്‍ണതോതില്‍ സമര്‍പ്പണത്തോടെ കളിക്കാന്‍ താരങ്ങള്‍ സജ്ജമാണെന്നും സാഞ്ചസ് ചൂണ്ടിക്കാട്ടി.
40 പേരുടെ പ്രാഥമിക പട്ടിക തയാറാക്കിയിട്ടുണ്ട്. ഇതില്‍നിന്നും കോപ്പക്കായുള്ള 23 അംഗ അന്തിമ ടീമിനെ ഈ മാസാവസാനം പ്രഖ്യാപിക്കും. ടൂര്‍ണമെന്റിനായി ബ്രസീലിലേക്ക് തിരിക്കുംമുമ്പ് അമേരിക്കയില്‍ പരിശീലന ക്യാമ്പുണ്ടാകും. ഇതിനുമുമ്പായി ജൂണ്‍ അഞ്ചിന് ബ്രസീലിനെതിരെ രാജ്യാന്തര സൗഹൃദ മത്സരവും ഖത്തര്‍ കളിക്കും. ആ മത്സരത്തില്‍ നെയ്മര്‍ കളിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ആക്രമണം പരമാവധി കുറയ്ക്കുന്നതിനായുള്ള ഏറ്റവും മികച്ച ശ്രമം ടീമിന്റെ ഭാഗത്തുനിന്നുണ്ടാകും. കോപ്പയിലെ ഫലത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. മത്സരത്തില്‍ ഏറ്റവും മികച്ചത് നല്‍കാനായിരിക്കും ശ്രമം.
കോപ്പയിലെ അനുഭവങ്ങള്‍ കളിക്കാര്‍ക്ക് വലിയതോതില്‍ സഹായകമാകും. അതിനുശേഷം കൂടുതല്‍ മികച്ച താരങ്ങളായി അവര്‍ മാറും. മുന്നോട്ടുള്ള വലിയ വെല്ലുവിളികളെ നേരിടാന്‍ അതവര്‍ക്ക് സഹായകമാകും. പ്രത്യേകിച്ചും 2022ലെ ലോകകപ്പില്‍. തന്നിലും ടീമിലും വിശ്വാസമര്പ്പിച്ചിരിക്കുന്നതിന് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്താനിയോടു നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.