പരാജയപ്പെട്ടത് 86-ാം മിനുട്ടിലെ ഗോളിന്; തോല്‍വിയിലും ഖത്തറിന് കയ്യടി
ആര്.റിന്‍സ്
ദോഹ

കോപ്പ അമേരിക്കയില്‍ ഖത്തറിന്റെ മികച്ച പ്രകടനം തുടരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഫിഫ റാങ്കിങില്‍ 13-ാം സ്ഥാനത്തുള്ള കരുത്തരായ കൊളംബിയയോടു ഖത്തര്‍ പരാജയപ്പെട്ടത് മത്സരത്തിന്റെ 86-ാം മിനുട്ടില്‍ പിറന്ന ഒരൊറ്റ ഗോളിന്.
രണ്ടുദിവസം മുന്‍പ് കരുത്തരായ അര്‍ജന്റീനയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത കൊളംബിയക്കെതിരെ മികച്ച പോരാട്ടവീര്യമാണ് ഖത്തര്‍ പുറത്തെടുത്തത്. അന്നാബികളുടെ ശക്തമായ പ്രതിരോധപ്പൂട്ട് പൊളിക്കാന്‍ കൊളംബിയയ്ക്ക് 86മിനുട്ടുകള്‍ വരെ കാത്തിരിക്കേണ്ടിവന്നുവെന്നത് ഖത്തറിന്റെ മികവ് വ്യക്തമാക്കുന്നു.
സാവോപോളോയിലെ മൊറുംബി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ദുവാന് സപാറ്റയാണ് കൊളംബിയയ്ക്കായി വിജയഗോള്‍ സ്കോര്‍ ചെയ്തത്. വിഖ്യാത താരം ജെയിംസ് റോഡ്രിഗ്വസാണ് അസിസ്റ്റ് ചെയ്തത്. ഇതൊഴിച്ചാല്‍ മത്സരത്തില്‍ കാര്യമായി തിളങ്ങാന്‍ ജെയിംസിനായില്ല. മത്സരത്തിന്റെ ഏറിയപങ്കും പന്ത് കൊളംബിയന്‍ താരങ്ങളുടെ കാലിലായിരുന്നുവെങ്കിലും അവരുടെ മുന്നേറ്റങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഖത്തറിനായി.

തുടര്‍ച്ചയായ ആക്രമണങ്ങളാണ് കൊളംബിയ നടത്തിയത്. 13 കോര്‍ണറുകളാണ് അവര്‍ നേടിയത്. ഖത്തറിനാകട്ടെ ഒന്നും. പാസുകളുടെ കൃത്യത കൊളംബിയയുടേത് 84 ശതമാനമായിരുന്നു, ഖത്തറിന്റേത് 72 ശതമാനവും. ആറാം മിനുട്ടില്‍ യെരി മിന ഹെഡറിലൂടെ ഖത്തറിന്റെ വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ അബ്ദുല്‍അസീസ് ഹാതിമിന്റെ ഹാന്‍ഡ്ബോളില്‍ പെനാലിറ്റി വിധിച്ചെങ്കിലും വിഡിയോ പരിശോധിച്ചതില്‍ മനപൂര്‍വമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് റഫറി തീരുമാനം തിരുത്തി. മത്സരത്തിലുടനീളം ഖത്തരി ഗോള്‍കീപ്പര്‍ സാദ് അല്ഷീബിന്റെ പ്രകടനവും മികച്ചതായിരുന്നു ഗോളെന്നുറപ്പിച്ച ഷോട്ടുകള്‍ അദ്ദേഹം രക്ഷപ്പെടുത്തി. 2017 ഡിസംബറിലെ ഗള്‍ഫ് കപ്പ് നേഷന്സിനുശേഷം സൗഹൃദ മത്സരങ്ങളിലല്ലാതെ ഖത്തര്‍ നേരിടുന്ന ആദ്യത്തെ തോല്‍വിയാണിത്.
ഗ്രൂപ്പില്‍ നാലു ടീമുകളും രണ്ടുവീതം മത്സം പൂര്‍ത്തിയാക്കിയപ്പോള്‍ ഒരുപോയിന്റുമായി മൂന്നാംസ്ഥാനത്താണ് ഖത്തര്‍. ലോകറാങ്കിങില്‍ 11-ാം സ്ഥാനത്തുള്ള കരുത്തരായ അര്‍ജന്റീന ഇതേ പോയിന്റുമായി നാലാം സ്ഥാനത്താണ്. ഇന്നലത്തെ മത്സരത്തില്‍ പരാഗ്വെയോടും അര്‍ജന്റീന സമനില വഴങ്ങി. അവസാന മത്സരത്തില്‍ അര്‍ജന്റീനയാണ് ഖത്തറിന്റെ എതിരാളികള്‍.

ആദ്യ മത്സരത്തില്‍ പരാഗ്വെക്കെതിരെ രണ്ടു ഗോളിന് പിന്നിട്ടുനിന്നശേഷം തിരിച്ചടിച്ച് ഖത്തര്‍ സമനില നേടിയിരുന്നു. 2022 ഫിഫ ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന ഖത്തറിന് ലോകത്തിന്റെ മുന്നില്‍ തങ്ങളുടെ ഫുട്ബോള്‍ മികവ് ഒരിക്കല്‍ക്കൂടി പ്രദര്‍ശിപ്പിക്കാന്‍ കൊളംബിയക്കെതിരായ മത്സരം സഹായിച്ചു. സമീപകാലയളവില്‍ തകര്‍പ്പന്‍ ഫോമിലാണ് ഖത്തര്‍. വര്‍ഷാദ്യം ഏഷ്യയിലെ കരുത്തര്‍ മത്സരിച്ച ഏഷ്യന്‍ കപ്പില്‍ പരാജയമറിയാതെ കിരീടം നേടാനായിരുന്നു.
സൗഹൃദ മത്സരത്തില്‍ ബ്രസീലിനോടു രണ്ടു ഗോളിനു തോറ്റെങ്കിലും കാനറികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താനായി. കൊളംബിയക്കെതിരായ ഏറ്റുമുട്ടല്‍ ദുഷ്കരമായിരുന്നുവെങ്കിലും ടീമിന്റെ പ്രകടനം തൃപ്തികരമാണെന്ന് മത്സരശേഷം ഖത്തര്‍ പരിശീലകന് ഫെലിക്സ് സാഞ്ചസ് പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നിനോടാണ് തങ്ങള്‍ ഏറ്റുമുട്ടിയത്. പരാജയത്തിനിടയിലും അവസാന വിസില്‍വരെ പോരാട്ടവീര്യം പുറത്തെടുക്കാനായി.
ഇത് ടീമിനു കൂടുതല്‍ കരുത്തേകുന്നുണ്ട്. ഭാവിയിലേക്ക് മികച്ച രീതിയില്‍ സജ്ജമാകാന്‍ പിന്ബലമാകുന്നതാണ് ഈ അനുഭവസമ്പത്തെന്നും സാഞ്ചസ് പറഞ്ഞു. ഖത്തര്‍ മികച്ച രീതിയിലാണ് കളിച്ചത്. അവസരങ്ങളും ലഭിച്ചു. അവസാനമിനുട്ടുകളില്‍ ഗോള്‍ വഴങ്ങുന്നത് നിര്‍ഭാഗ്യമാണ്. കൊളംബിയയുടെ ഗെയിംപ്ലാന്‍ വിശദമായി പഠിച്ചിരുന്നു. ഗ്രൗണ്ടില്‍ ഖത്തറിന്റെ സമീപനം ശരിയായിരുന്നു.
കൊളംബിയന്‍ താരങ്ങളുടെ മുന്നിലുള്ള സ്ഥലം അടയ്ക്കാനാണ് ഖത്തര്‍ താരങ്ങള്‍ നോക്കിയത്. താരങ്ങള്‍ക്ക് സ്വതന്ത്രമായി കളിക്കാനുള്ള അവസരം നിഷേധിക്കുകയായിരുന്നു ലക്ഷ്യം. കൊളംബിയയുടെ വേഗതയെയും ടെക്നിക്കിനെയും സാഞ്ചസ് പ്രശംസിച്ചു. പ്രത്യാക്രമണത്തിനായിരുന്നു കൊളംബിയ ഊന്നല്‍ നല്‍കിയത്. അത്തരത്തില്‍ ഉയര്‍ന്നനിലയില്‍ കളിക്കുന്ന ടീമിനെതിരെ മത്സരിക്കുന്നത് ശ്രമകരമാണെന്നും സാഞ്ചസ് പറഞ്ഞു.