ആര്.റിന്‍സ്
ദോഹ

കോപ്പ അമേരിക്കയില്‍ ഖത്തറിനും അര്‍ജന്റീനയ്ക്കും ഇന്നു നിര്‍ണായകം. മത്സരം ജയിച്ചില്ലെങ്കില്‍ അര്‍ജന്റീന പുറത്താകും. അര്‍ജന്റീനയെ തോല്‍പ്പിച്ചാല്‍ ഖത്തറിന് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടാം. കൊളംബിയ മികച്ച ഗോള്‍ വ്യത്യാസത്തിന് പരാഗ്വയെ തോല്‍പ്പിക്കുകയും ഖത്തര്‍ അര്‍ജന്റീനയെ സമനിലയില്‍ തളയ്ക്കുകയും ചെയ്താല്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ഖത്തറിന് യോഗ്യത നേടാനാകും. അര്‍ജന്റീനക്കെതിരെ സമനില നേടിയാല്‍പോലും മൂന്നു ഗ്രൂപ്പിലെയും ഏറ്റവും മികച്ച രണ്ടു മൂന്നാംസ്ഥാനക്കാരിലൊരാളായി യോഗ്യത ലഭിക്കാന്‍ സാധ്യതയുണ്ട്.

ബ്രസീല്‍ പോര്‍ട്ടോ അലഗ്രെയിലെ അറീന ഡു ഗ്രെമിയോ സ്റ്റേഡിയത്തില്‍ ദോഹ സമയം ഇന്നു രാത്രി പത്തിനാണ് മത്സരം(ജൂണ്‍ 23 ഞായര്‍). ലാറ്റിനമേരിക്കന്‍ കരുത്തരായ പ്രതിയോഗികള്‍ക്കു മുന്നില്‍ ദുര്‍ബലരല്ലെന്ന് രണ്ടു മത്സരങ്ങള്‍കൊണ്ടുതന്നെ ഖത്തര്‍ തെളിയിച്ചു.
2022 ഫിഫ ലോകകപ്പിനായി ഖത്തര്‍ ഒരുങ്ങുന്നത് രണ്ടും കല്പ്പിച്ചുതന്നെയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനും ഏഷ്യന്വന്കരയിലെ ഫുട്ബോള്‍ രാജാക്കാന്മാര്ക്ക് കഴിഞ്ഞു. സീസണിലുടനീളം മികച്ച ഫോമിലാണ് അന്നാബികള്‍. ഇന്നു ഖത്തറിനെ നേരിടുന്ന അര്‍ജന്റീന കനത്ത സമ്മര്‍ദത്തിലാണ്. ആദ്യ മത്സരത്തില്‍ കൊളംബിയയോടു തോല്‍ക്കുകയും രണ്ടാംമത്സരത്തില്‍ പരാഗ്വെയോടു സമനില വഴങ്ങുകയും ചെയ്ത മെസ്സിക്കും സംഘത്തിനും ഇന്നു ഖത്തറിനെതിരെ ജീവന്മരണപോരാട്ടമാണ്.
മെസ്സിയുടെയും അഗ്യൂറോയുടെയും എയ്ഞ്ചല്‍ ഡിമരിയയുടെയും ആക്രമണങ്ങളെ പ്രതിരോധിക്കുകയും പ്രത്യാക്രമണത്തിനു ഊന്നല്നല്കുകയും ചെയ്തുകൊണ്ടുള്ള ശൈലിയായിരിക്കും ഇന്ന് ഖത്തര്‍ അവലംബിക്കുക. ടീമിന്റെ പ്രകടനത്തില്‍ ഖത്തരി പരിശീലകന് ഫെലികസ് സാഞ്ചസ് സംതൃപ്തനാണ്. സൗഹൃദ മത്സരം, കോപ്പ അമേരിക്ക എന്നിവയിലായി ബ്രസീല്‍, പരാഗ്വെ, കൊളംബിയ ടീമുകള്‍ക്കെതിരെ ഖത്തര്‍ ആകെ വഴങ്ങിയത് അഞ്ചു ഗോളുകള്‍ മാത്രമാണ്.
രണ്ടെണ്ണം തിരിച്ചടിക്കുകയും ചെയ്തു. ബ്രസീലിനെതിരെ ഒരു പെനാലിറ്റി നഷ്ടപ്പെടുത്തുകയും ചെയ്തു. ലോക ഫുട്ബോളില്‍ ഖത്തര്‍ ശരിയായ ദിശയിലാണ്. ഖത്തറും അര്‍ജന്റീനയും ഇതിനു മുമ്പ് ഒരു മത്സരത്തില്‍ മാത്രമാണ് പരസ്പരം ഏറ്റുമുട്ടിയത്, 2005ല്‍. അന്ന് അര്‍ജന്റീന മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഖത്തറിനെ തോല്‍പ്പിച്ചിരുന്നു.യുവാന്‍ റോമന്‍ റിക്വല്‍മി, ജൂലിയോ ക്രൂസ്, റോബര്‍ട്ടോ അയാള എന്നിവരാണ് അന്ന് അര്‍ജന്റീനക്കായി ഗോളുകള്‍ സ്കോര്‍ ചെയ്തത്.
കോപ്പയിലെ ആദ്യ മത്സരത്തില്‍ പരാഗ്വെക്കെതിരെ രണ്ടു ഗോളിനു പിന്നിട്ടുനിന്നശേഷം തിരിച്ചടിച്ച് സമനില നേടിയിരുന്നു. കൊളംബിയക്കെതിരെ അവസാന മിനുട്ടികളിലെ ഒരു ഗോളിന് തോല്‍ക്കുകയായിരുന്നു. കൊളംബിയക്കെതിരെ സമനില അര്‍ഹിച്ചിരുന്നതായും അര്‍ജന്റീനക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ഖത്തറിന്റെ പ്രതിരോധ നിരയിലെ താരം താരെക് സല്മാന് പറഞ്ഞു.
കൊളംബിയക്കെതിരായ മത്സരത്തിനുശേഷം സല്മാന് വിഖ്യാതതാരം ജെയിംസ് റോഡ്രിഗ്വസുമായി ജഴ്സി കൈമാറിയിരുന്നു. സല്‍മാന്റെ പ്രകടനത്തെ റോഡ്രിഗ്വസ് പ്രശംസിക്കുകയും ചെയ്തു. കൊളംബിയക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഖത്തറിനായി. നിരവധി അവസരങ്ങളും ഖത്തറിന് ലഭിച്ചു.
പക്ഷെ കൊളംബിയ തങ്ങളുടെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നാണ് അന്നാബികള്ക്കെതിരെ പുറത്തെടുത്തതെന്നും സല്മാന് പറഞ്ഞു. മുന്‍ലോക ചാമ്പ്യന്മാരായ അര്‍ജന്റീനക്കെതിരെ മികച്ച പ്രകടനംതന്നെ പുറത്തെടുക്കും. അടുത്തറൗണ്ടിലേക്ക് യോഗ്യത നേടാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും സല്മാന് പറഞ്ഞു.