അര്‍ജന്റീനയെയും വെള്ളം കുടിപ്പിച്ച് അന്നാബികള്‍

ആര്‍.റിന്‍സ്
ദോഹ
ലാറ്റിനമേരിക്കന്‍ കരുത്തര്‍ മാറ്റുരച്ച കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഖത്തര്‍ പുറത്തായെങ്കിലും നാട്ടിലേക്ക് മടങ്ങുന്നത് അഭിമാനത്തോടെ. ഫുട്‌ബോളിലെ വന്‍ശക്തികള്‍ക്കെതിരെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ അന്നാബികള്‍ക്കായി. ലോകറാങ്കിങില്‍ 55-ാം സ്ഥാനത്തുള്ള ഖത്തര്‍ റാങ്കിങില്‍ തങ്ങളേക്കാള്‍ ബഹുദൂരം മുന്നിലുള്ള ടീമുകളെ വിറപ്പിച്ചാണ് കീഴടങ്ങിയത്. കോപ്പയില്‍ ഗ്രൂപ്പിലെ അവസാനമത്സരത്തില്‍ അര്‍ജന്റീനയെയും ടീം വെള്ളംകുടിപ്പിച്ചു.
മത്സരത്തിന്റെ തുടക്കത്തിലും അവസാനത്തിലും നേടിയ ഓരോ ഗോളുകള്‍ക്കാണ് മെസ്സിയും കൂട്ടരും ഖത്തറിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലേക്ക് കടന്നുകൂടിയത്. മൂന്നു മത്സരങ്ങളില്‍ രണ്ടു തോല്‍വിയും ഒരു സമനിലയുമായി ഗ്രൂപ്പില്‍ നാലാമതാണ് ഖത്തര്‍. പരാഗ്വെക്കെതിരെ രണ്ടു ഗോളിനു പിന്നിട്ടുനിന്നശേഷം തിരിച്ചടിച്ച് മത്സരം സമനിലയിലാക്കുകയായിരുന്നു.

കൊളംബിയക്കെതിരെ ഒരു ഗോളിനാണ് തോറ്റത്. ഏറ്റവുമൊടുവില്‍ അര്‍ജന്റീനക്കെതിരെ രണ്ടു ഗോളിനും. ഈ മത്സരങ്ങളിലെല്ലാം ഖത്തറിനും അവസരങ്ങള്‍ തുറന്നുകിട്ടിയിരുന്നു. ഫിനിഷിങിലെ പോരായ്മകള്‍ ടീമിനു തിരിച്ചടിയായി. എങ്കില്‍തന്നെയും 2022 ഫിഫ ലോകകപ്പ് ആതിഥേയരായ ഖത്തര്‍ ഏഷ്യന്‍ ഫുട്‌ബോള്‍ ജേതാക്കളുടെ പെരുമക്കൊത്ത മികവ് പ്രകടിപ്പിച്ചു. ധീരതയോടെയായിരുന്നു ഖത്തര്‍ ഈ രാജ്യങ്ങളെ നേരിട്ടത്.
കോപ്പയ്ക്കു മുമ്പായി ഫുട്‌ബോളിലെ പ്രബലന്‍മാരായ ബ്രസീലിനെതിരായ രാജ്യാന്തര സൗഹൃദ മത്സരത്തിലും മികച്ച പ്രകടനമായിരുന്നു ഖത്തറിന്റേത്. മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ഖത്തറിന്റെ തോല്‍വി. ബ്രസീലിനെതിരെയും കോപ്പ അമേരിക്കയിലേതുമായി നാലു മുന്‍നിര ടീമുകള്‍ക്കെതിരായ മത്സരത്തില്‍ കേവലം ഏഴു ഗോളുകള്‍ മാത്രമാണ് ഖത്തര്‍ വഴങ്ങിയത്.
രണ്ടു ഗോളുകള്‍ തിരിച്ചടിക്കുകയും ചെയ്തു. ബ്രസീലിനെതിരെ ഒരു പെനാലിറ്റി നഷ്ടപ്പെടുത്തുകയും ചെയ്തു. കോപ്പയിലെ പരാജയത്തിലും തല ഉയര്‍ത്തിയാണ് ഖത്തര്‍ താരങ്ങള്‍ ബ്രസീലില്‍ നിന്നും മടങ്ങുന്നത്. അര്‍ജന്റീനക്കെതിരെ ഭയപ്പെടാതെയാണ് ഖത്തര്‍ ഇറങ്ങിയത്. പ്രതിരോധത്തില്‍ മൂന്നു പേരെയും മധ്യനിരയില്‍ അഞ്ചുപേരെയും വിന്യസിച്ചുകൊണ്ട് 3-5-2 എന്ന ശൈലിയിലാണ് ഖത്തര്‍ കളിച്ചത്. മത്സരത്തിന്റെ 46 ശതമാനം പന്ത് ഖത്തര്‍ താരങ്ങളുടെ കാലിലായിരുന്നു.

പാസുകളുടെ കൃത്യത അര്‍ജന്റീനിയന്‍ താരങ്ങളുടേത് 86ശതമാനമായിരുന്നു. ഖത്തറിന്റേത് 82ശതമാനവും. ഫൗളുകളുടെ കാര്യത്തില്‍ അര്‍ജന്റീനയായിരുന്നു മുന്നില്‍ 17 ഫൗളുകള്‍ അവര്‍ വരുത്തിയപ്പോള്‍ 16 എണ്ണം ഖത്തറിന്റെ ഭാഗത്തുനിന്നുണ്ടായി. അര്‍ജന്റീനക്കെതിരെ പരിചയക്കുറവാണ് ഖത്തറിനു തിരിച്ചടിയായതെന്ന് ഖത്തര്‍ പരിശീലകന്‍ ഫെലിക്‌സ് സാഞ്ചസ് മത്സരശേഷം പ്രതികരിച്ചു. ഭാവിയില്‍ ഗുണപരമായ ഫലങ്ങള്‍ സൃഷ്ടിക്കാന്‍ ഖത്തറിന്റെ യുവതാരങ്ങള്‍ക്ക് കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
മൂന്നു മത്സരങ്ങളിലും നിര്‍ണായകസമയങ്ങളില്‍ വരുത്തിയ പിഴവുകളാണ് ഖത്തറിന് തിരിച്ചടിയായത്. അര്‍ജന്റീന ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തത് ഖത്തര്‍ പ്രതിരോധ താരത്തിന്റെ നേരിട്ടുള്ള പാസില്‍ നിന്നായിരുന്നു. ഇത്തരത്തിലുള്ള പിഴവുകള്‍ക്ക് വലിയ വിലയാണ് നല്‍കേണ്ടിവന്നത്. അനുഭവസമ്പത്തിന്റെ കുറവ് തെറ്റുകള്‍ വരുത്താനിടയാക്കി. പുതിയ അനുഭവങ്ങളും അറിവുകളുമാണ് കോപ്പ അമേരിക്ക ഖത്തര്‍ ടീമിന് സമ്മാനിച്ചത്.
2020ലെ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിലും ഖത്തര്‍ മത്സരിക്കുന്നുണ്ട്. അതിനായി മികച്ച തയാറെടുപ്പുകള്‍ നടത്തും. അടുത്ത കോപ്പയില്‍ മികച്ച ഫലങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും സാഞ്ചസ് പറഞ്ഞു.