
ദോഹ: കോവിഡ്-19 വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികളുടെ ഭാഗമായി തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണവുമായി ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം.
തൊഴിലാളികളുടെ താമസകേന്ദ്രങ്ങള്‍ പരിശോധിക്കുന്നതിനായി പ്രത്യേക ടീമിനെ രൂപീകരിച്ചിട്ടുണ്ട്. കോവിഡ്-19നെതിരെ ഉചിതമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലാളികള്‍ക്ക് വിവിധ ഭാഷകളില്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങളടങ്ങിയ ബ്രോഷറുകള്‍ വിതരണം ചെയ്യുന്നുണ്ട്.
കൊറോണ വൈറസിനെ സ്വയംപ്രതിരോധിക്കുന്നതിനായി തൊഴിലാളികള്‍ക്ക് മാസ്‌ക്കുകളും സാനിറ്റൈസറുകളും മന്ത്രാലയം വിതരണം ചെയ്യുന്നുണ്ട്.
ഖത്തര്‍ ചാരിറ്റിയുടെ സഹകരണത്തോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. തൊഴിലാളികള്‍ക്ക് ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കാന്‍ മന്ത്രാലയം എല്ലാ കമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. രോഗം പടരുന്നതിനെതിരെ എല്ലാ മുന്‍കരുതലും ജീവനക്കാര്‍ക്ക് അണുബാധ പകരാതിരിക്കാനുള്ള പ്രതിരോധ നടപടികളും സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
മന്ത്രാലയം കമ്മ്യൂണിറ്റി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിവരുന്നുണ്ട്.
ആവശ്യമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടംവഹിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, ചില ബാങ്കുകളും മറ്റ് സംഘടനകളും രോഗം പടരാതിരിക്കാന്‍ പണരഹിതമായ ഇടപാടുകള്‍ നടത്താന്‍ ഉപഭോക്താക്കളോടു ആവശ്യപ്പെട്ടു. ബില്ലുകള്‍ അടക്കുന്നതിന് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കണമെന്ന് ഊരിദൂവും ഉപഭോക്താക്കളോടു ആവശ്യപ്പെട്ടു. ഊരിദൂ ആപ്പിന്റെയോ ഊരിദൂ വെബ്‌സൈറ്റിന്റെയോ സേവനവും ഉപയോഗപ്പെടുത്താം.
പണമിടപാടിന് പകരം കാര്‍ഡുകളോ ഓണ്‍ലൈന്‍ പേയ്മെന്റോ ഉപയോഗിക്കണമെന്ന് ഖത്തര്‍ ഇസ്‌ലാമിക് ബാങ്ക് ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.കൊറോണ വൈറസ് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമത്തിന്റെ ഭാഗമായി സാധ്യമാകുമ്പോഴെല്ലാം പണത്തിനുപകരം കാര്‍ഡ് ഉപയോഗിക്കാനാണ് ബാങ്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.
എല്ലാ സാമ്പത്തിക ആവശ്യങ്ങള്‍ക്കും ക്യുഐബി മൊബൈല്‍ ആപ്ലിക്കേഷനും ഇന്റര്‍നെറ്റ് ബാങ്കിങ് ഉപയോഗപ്പെടുത്തണം.
ചികിത്സയേക്കാള്‍ പ്രതിരോധമാണ് നല്ലതെന്നും ബാങ്ക് വ്യക്തമാക്കി.