
ദോഹ: കൊറോണ വൈറസി(കോവിഡ് 19)നെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി ഖത്തറിലെ പള്ളികളില്‍ സമയപരിധി നിശ്ചയിച്ചു. ഓരോ നമസ്‌കാരത്തിനും പതിനഞ്ച് മിനുട്ടിനുശേഷം പള്ളികള്‍ പൂട്ടണമെന്ന് ഔഖാഫ് ഇസ്‌ലാമികകാര്യ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. നമസ്‌കാരത്തിനുള്ള വിളിക്കും(വാങ്ക്) നമസ്‌കാരത്തിനുമിടയിലുള്ള കാത്തിരിപ്പ് സമയം അഞ്ചു മിനുട്ടായി കുറക്കണം. നമസ്‌കാരസമയത്തും അതിനുശേഷവും ശരിയായ വായുസഞ്ചാരം ഉറപ്പാക്കണം. ജാലകങ്ങള്‍ തുറന്നിടണം. പനി ലക്ഷണങ്ങളായ ചുമ, മൂക്കൊലിപ്പ് തുടങ്ങിയവയുള്ളവര്‍ പള്ളികളില്‍ പോകുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. പള്ളിയും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വൈറസ് പടരാന്‍ കാരണമായേക്കാവുന്ന എല്ലാ വസ്തുക്കളും നീക്കം ചെയ്യണം. വാട്ടര്‍കൂളറുകളിലെ പാനപാത്രങ്ങള്‍, ഹാന്‍ഡ് സോപ്പ് കഷണങ്ങള്‍, പ്രാര്‍ഥനാ ഹാളിനുള്ളിലെ മാലിന്യബോക്‌സുകള്‍ എന്നിവപോലെയുള്ള വസ്തുക്കള്‍ നീക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.