
ദോഹ: നോവല്‍ കൊറോണ വൈറസ്(കോവിഡ്-19) വ്യാപനത്തെത്തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്സ് യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വിവിധ ആഗോള ആരോഗ്യ മുന്നറിയിപ്പുകളും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറും കണക്കിലെടുത്താണ് ദേശീയ വിമാനക്കമ്പനി ഖത്തര്‍ എയര്‍വേയ്സ് യാത്രാ അലേര്‍ട്ട് പുറപ്പെടുവിച്ചത്. ചൈന, ഇറാന്‍, ദക്ഷിണ കൊറിയ, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ കാര്യത്തില്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി കണക്ഷന്‍ ഉള്ളവരെ മാത്രമേ യാത്രക്ക് സ്വീകരിക്കുകയുള്ളൂവെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.
ഈ തീരുമാനത്തില്‍ നിന്ന് ഖത്തരി പൗരന്മാരെ ഒഴിവാക്കിയിട്ടുണ്ട്, എന്നിരുന്നാലും ലോകാരോഗ്യ സംഘടനയുടെ നടപടികള്‍ അനുസരിച്ച് 14 ദിവസം ഐസൊലേഷന്‍ സൗകര്യത്തില്‍ തുടരാന്‍ അവരോട് ആവശ്യപ്പെടും. ഹോങ്കോംഗ്, ജപ്പാന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന എല്ലാ യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കും. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും. പോസിറ്റീവ് ടെസ്റ്റ് ഫലമാണ് പരിശോധനനയില്‍ വ്യക്തമാകുന്നതെങ്കില്‍ അത്തരം യാത്രക്കാരെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നടപടികള്‍ അനുസരിച്ച് ചികിത്സാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കും. ഈജിപ്തില്‍ നിന്നുള്ള ഖത്തര്‍ റസിഡന്‍സി പെര്‍മിറ്റ് കൈവശമുള്ളവര്‍ ഉള്‍പ്പെടെ എല്ലാ യാത്രക്കാരുടെയും ഇന്റര്‍മീഡിയറ്റ് പോയിന്റുകള്‍ മുഖേനയുള്ള പ്രവേശനവും താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ക്യുസിഎഎ)യുടെ സര്‍ക്കുലറിന് അനുസൃതമായിട്ടാണ് ഇത് നടപ്പാക്കുന്നത്.
എന്നാല്‍ ഈ തീരുമാനത്തില്‍ നിന്നും ഖത്തരി പൗരന്മാരെ ഒഴിവാക്കിയിട്ടുണ്ട്. പക്ഷെ അവരോടും 14 ദിവസം ഐസൊലേഷന്‍ സൗകര്യത്തില്‍ തുടരാന്‍ ആവശ്യപ്പെടും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ, ആരോഗ്യം എന്നിവക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. കോവിഡ്-19 സംബന്ധിച്ച ഏറ്റവും പുതിയ ഉപദേശവും മാര്‍ഗനിര്‍ദ്ദേശവും മനസിലാക്കുന്നതിനും അതനുസരിച്ച് സേവനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ദേശീയ ആഗോള അതോറിറ്റികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായും ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.
നിരവധി രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ പ്രവേശന നിയന്ത്രണങ്ങള്‍ കാരണം നേരിടുന്ന പ്രവര്‍ത്തന വെല്ലുവിളികളുമായി ദശലക്ഷക്കണക്കിന് യാത്രക്കാരുടെ ആവശ്യങ്ങള്‍ സന്തുലിതമാക്കേണ്ടതുണ്ട്. ഇതേത്തുടര്‍ന്നാണ് ചില സര്‍വീസുകള്‍ റദ്ദാക്കുകയോ ചില സര്‍വീസുകള്‍ ഭേദഗതിയോ ചെയ്യേണ്ടിവരുന്നത്- ഖത്തര്‍ എയര്‍വേയ്‌സ് ചൂണ്ടിക്കാട്ടി. ഖത്തര്‍ എയര്‍വേയ്‌സിന്റെ ബുക്കിംഗ് നിയന്ത്രിക്കുക എന്ന പേജില്‍ യാത്രക്കാരുടെ കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ കാലികമാണെന്ന് ഉറപ്പുവരുത്തണമെന്നും കമ്പനി ആവശ്യപ്പെട്ടു.