in ,

കോവിഡ്-19: മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

ദോഹ: നോവല്‍ കൊറോണ വൈറസുമായി(കോവിഡ്-19) ബന്ധപ്പെട്ട് പൊതുജനാരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കോവിഡ്-19 സംബന്ധിച്ച വിവരങ്ങള്‍ തേടുന്നതിനോ ആരോഗ്യസഹായത്തിനോ അടിയന്തര നമ്പരായ 999ലേക്ക് വിളിക്കരുത്. കോവിഡ്-19മായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും സമര്‍പ്പിത ഹോട്ട്‌ലൈനായ 16000 എന്ന നമ്പരിലാണ് ബന്ധപ്പെടേണ്ടത്.
കോവിഡ് -19ന്റെ വിവിധ വശങ്ങളും ഖത്തറിലെ സ്ഥിതിയും ഉയര്‍ത്തിക്കാട്ടുന്ന ഇന്‍ഫോഗ്രാഫിക്‌സ് പരമ്പര മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്, ഒപ്പം സുരക്ഷിതമായി തുടരാന്‍ എന്തുചെയ്യണമെന്ന് പൊതുജനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
അടിയന്തര ആരോഗ്യസഹായം, അടിയന്തര വിഭാഗത്തിലേക്ക് മാറ്റേണ്ട മെഡിക്കല്‍ അത്യാഹിതങ്ങള്‍ എന്നിവക്കാണ് 999 എന്ന നമ്പര്‍. ആംബുലന്‍സ് സേവനത്തിന്റെ മെഡിക്കല്‍ ഡിസ്പാച്ചര്‍മാര്‍ക്ക് ഓരോ ദിവസവും നൂറുകണക്കിന് 999 കോളുകളാണ് പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്.
അടിയന്തിര മെഡിക്കല്‍ അവസ്ഥകളോടെ മിക്ക കോളുകളും ലഭിക്കുന്നത്. ജീവന്‍ അപകടപ്പെടുന്ന ഈ സാഹചര്യങ്ങളില്‍ 999 നമ്പറിന് മുന്‍ഗണന നല്‍കണം- മന്ത്രാലയം നിര്‍ദേശിച്ചു. കോവിഡ്-19 സംബന്ധിച്ച് ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ക്കും പൊതുജനങ്ങള്‍ക്കും ടോള്‍ ഫ്രീ കോള്‍ സെന്റര്‍ നമ്പറുമായി(16000) ബന്ധപ്പെടാം.
കൊറോണ വൈറസ് എന്താണെന്നും ഖത്തറിനെ എങ്ങനെ ബാധിക്കുന്നുവെന്നും കൊറോണ വൈറസിന്റെ ലക്ഷണങ്ങളും അടയാളങ്ങളും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം ഈ നമ്പരില്‍ നിന്നും മറുപടി ലഭിക്കും. വ്യക്തികള്‍ക്ക് കൊറോണ വൈറസ് അപകടസാധ്യതയുണ്ടെന്ന് സംശയിക്കുന്നുവെങ്കില്‍ എന്തുചെയ്യണം, ചൈനയിലേക്കും മറ്റ് ബാധിത രാജ്യങ്ങളിലേക്കുമുള്ള യാത്രയെക്കുറിച്ചുള്ള ഉപദേശങ്ങള്‍ എന്നിവയും ഇവിടെനിന്നും ലഭിക്കും. കോവിഡ് -19, ഇന്‍ഫ്‌ളുവന്‍സ, ജലദോഷം എന്നിവയുള്ളവര്‍ക്ക് പനി, ചുമ, മൂക്കൊലിപ്പ് തുടങ്ങിയ ശ്വാസകോശ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. പല ലക്ഷണങ്ങളും ഒരുപോലെയാണെങ്കിലും അവ വ്യത്യസ്ത വൈറസുകള്‍ മൂലമാണ് ഉണ്ടാകുന്നത്. അവയുടെ സമാനതകള്‍ കാരണം, രോഗലക്ഷണങ്ങളെ മാത്രം അടിസ്ഥാനമാക്കി രോഗം തിരിച്ചറിയാന്‍ പ്രയാസമാണ്.
അതുകൊണ്ടാണ് ആര്‍ക്കെങ്കിലും കോവിഡ് -19 ഉണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ ലബോറട്ടറി പരിശോധനകള്‍ ആവശ്യമായിവരുന്നതെന്ന്് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഈ ലക്ഷണങ്ങള്‍ അനുഭവിക്കുന്ന വ്യക്തി ചൈനയിലേക്കും മറ്റ് ബാധിത രാജ്യങ്ങളിലേക്കും പോയിട്ടില്ലെങ്കില്‍, അവര്‍ക്ക് കോവിഡ് -19 ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. പനി, ചുമ, ശ്വാസം മുട്ടല്‍ അല്ലെങ്കില്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് എന്നിവ കോവിഡ് -19ന്റെ സാധാരണ ലക്ഷണങ്ങളാണ്. വൈറസ് കൂടുതല്‍ കഠിനമാകുമ്പോള്‍ ന്യുമോണിയ, കടുത്ത അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം, വൃക്ക തകരാറ് തുടങ്ങിയവക്കും മരണത്തിനുപോലും കാരണമാകും.
നിങ്ങള്‍ക്ക് ഈ ലക്ഷണങ്ങള്‍ ഉണ്ടാവുകയും കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ നിങ്ങള്‍ ചൈനയിലേക്കും മറ്റ് ബാധിത രാജ്യങ്ങളിലേക്കും പോയിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യസംരക്ഷണ കേന്ദ്രത്തിലേക്ക് പോകണം, അല്ലെങ്കില്‍ കൂടുതല്‍ സഹായത്തിനായി 16000 ദേശീയ കോവിഡ് -19 ഹോട്ട്ലൈനില്‍ വിളിക്കണം. ഈ സമയത്ത് പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട പ്രത്യേക നടപടികളൊന്നുമില്ലെങ്കിലും സാധാരണ അണുബാധ തടയുന്നതിനും നിയന്ത്രണ നടപടികള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയും ജനങ്ങളെ മന്ത്രാലയം ഓര്‍മ്മപ്പെടുത്തി.
പതിവ് കൈ ശുചിത്വം, ചുമ, തുമ്മല്‍ എന്നിവയ്ക്കിടെ വായയും മൂക്കും മൂടല്‍ തുടങ്ങിയവ പാലിക്കണം. ശൈത്യകാലത്ത് മറ്റു ശ്വസന വൈറസുകള്‍ സാധാരണമാണ്. ചുമ, തുമ്മല്‍ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങള്‍ കാണിക്കുന്ന ആരുമായും ആളുകള്‍ അടുത്ത ബന്ധം ഒഴിവാക്കണം. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.
അവ ലഭ്യമല്ലെങ്കില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച്് കഴുകണം. കഴുകാത്ത കൈകളാല്‍ നിങ്ങളുടെ കണ്ണുകള്‍, മൂക്ക്്, വായ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കണം. ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ ടിഷ്യു ഉപയോഗിച്ച് വായയും മൂക്കും മൂടുക, അല്ലെങ്കില്‍ നിങ്ങളുടെ കൈമുട്ട് ഉപയോഗിക്കുക.
ഉപയോഗിച്ച ടിഷ്യൂകള്‍ ഉടന്‍തന്നെ ചവറ്റുകുട്ടയില്‍ എറിയുക. ഉടനെ കൈ ശുചിത്വം പാലിക്കുക. അസംസ്‌കൃത മാംസം, മുട്ട, പാല്‍ എന്നിവയുള്‍പ്പെടെ വേവിക്കാത്ത മൃഗ ഉല്‍പ്പന്നങ്ങള്‍ കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണം.
ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍(ആരോഗ്യപരിചരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍) ശുപാര്‍ശ ചെയ്താല്‍ മാത്രമെ ഫെയ്‌സ് മാസ്‌ക്ക് ധരിക്കാന്‍ പാടുള്ളു.
കോവിഡ്-19 സംബന്ധിച്ച വിവരങ്ങള്‍ക്ക് പൊതുജനാരോഗ്യമന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പിന്തുടരുക.

1000ലധികം പേരെ പരിശോധിച്ചു,
ആര്‍ക്കും വൈറസ് ബാധയില്ല

ദോഹ: രാജ്യത്ത് 1,000ത്തിലധികം പേരില്‍ നോവല്‍ കൊറോണ വൈറസ്(കോവിഡ്-19) പരിശോധന നടത്തി. ആര്‍ക്കും വൈറസ് ബാധയില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഖത്തറില്‍ കൊറോണ വൈറസ് വ്യാപനമില്ല. രാജ്യത്ത് വ്യാപനത്തിനുള്ള സാധ്യത ഇപ്പോഴും വളരെ കുറവാണെന്നും മന്ത്രാലയത്തിലെ നാഷനല്‍ പാനഡെമിക് പ്രിപ്പേര്‍ഡ്നസ് കമ്മിറ്റി സഹ അധ്യക്ഷന്‍ ഡോ.അബ്ദുള്‍ലത്തീഫ് അല്‍ഖാല്‍ പറഞ്ഞു. ഖത്തര്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഇറാനില്‍ നിന്നെത്തിയവരില്‍ വളരെ നേരത്തെ തന്നെ കണ്ടെത്താനായി.
അവരുടെ ആരോഗ്യ നില സുസ്ഥിരവും ആശ്വാസപ്രദവുമാണ്. അവര്‍ പരിചരണത്തിലും ആരോഗ്യ നിരീക്ഷണത്തിലുമാണ്. പൊതുജനാരോഗ്യ മന്ത്രാലയം ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളുടെയും അതോറിറ്റികളുടെയും സഹകരണത്തോടെ വൈറസ് പടരുന്നത് പരിമിതപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ഖത്തറിലേക്ക് വൈറസ് പ്രവേശിക്കാനുള്ള സാധ്യത കുറക്കുന്നതിനാണ് ഇപ്പോള്‍ ശ്രമം. വൈറസ് പ്രവേശിക്കുകയാണെങ്കില്‍ രോഗികളെ നേരത്തെ കണ്ടെത്തുകയും ഐസൊലേഷനിലേക്ക് മാറ്റി ചികിത്സിക്കുകയും ചെയ്യുന്നതിലൂടെ വ്യാപനം തടയാനാകും. രോഗബാധിതരായവര്‍ സാംക്രമിക രോഗ കേന്ദ്രത്തില്‍ ചികിത്സയിലാണ്. വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള സൗകര്യവും സൗകര്യപ്രദമായ മുറികളും സജ്ജമാക്കിയിട്ടുണ്ട്. രോഗികള്‍ക്ക് മികച്ച ആരോഗ്യസഹായം ലഭിക്കുന്നുണ്ട്. അവര്‍ക്ക് ചൈനയിലും മറ്റു രാജ്യങ്ങളിലും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട മരുന്നുകളാണ് നല്‍കുന്നത്. എട്ടുപേരും ഈ അവസ്ഥയില്‍ തുടരുമോ അതോ വൈറസ് അപ്രത്യക്ഷമാകുമോ എന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അറിയാനാകും. ശരീരത്തില്‍ നിന്നും വൈറസ് അപ്രത്യക്ഷമായോ ഇല്ലയോ എന്നറിയാന്‍ തുടര്‍ച്ചയായി അവരെ പരിശോധിക്കുന്നുണ്ട്.

ഖത്തറില്‍ മൂന്നുപേര്‍ക്ക് കൂടി നോവല്‍
കൊറോണ വൈറസ് സ്ഥിരീകരിച്ചു

ദോഹ: ഖത്തറില്‍ മൂന്നു പേര്‍ക്കു കൂടി നോവല്‍ കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചു. രണ്ടു സ്വദേശികളിലും മറ്റൊരുരാജ്യത്തെ പൗരത്വമുള്ള കുടുംബാംഗത്തിനുമാണ് പുതിയതായി കേസ് സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്നാണ് ഇവരെത്തിയത്. ഇതോടെ ഖത്തറില്‍ സ്ഥിരീകരിക്കപ്പെട്ട നോവല്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പതിനൊന്നായി ഉയര്‍ന്നു. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
രോഗബാധിതര്‍ ഖത്തറിലെത്തിയ ഉടന്‍തന്നെ ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. കമ്യൂണിറ്റി അംഗങ്ങളുമായി അവര്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല.
അതുകൊണ്ടുതന്നെ ഖത്തറില്‍ വൈറസ് വ്യാപനത്തിനുള്ള സാധ്യത വളരെ കുറവാണ്. മൂന്നു പേരും ഇപ്പോള്‍ സാംക്രമിക രോഗ കേന്ദ്രത്തില്‍ ചികിത്സയിലാണ്. അവരുടെ ആരോഗ്യനില സുസ്ഥിരമാണ്.
രാജ്യത്തേക്ക് എത്തുന്ന എല്ലാവരെയും താപക്യാമറകളുടെ സഹായത്തോടെ പ്രാഥമിക പരിശോധന്ക്ക് വിധേയമാക്കുന്നുണ്ട്.
നേരത്തെ എട്ടു പേരില്‍ നോവല്‍ കൊറോണ വൈറസ്(കോവിഡ് 19) സ്ഥിരീകരിച്ചിരുന്നു. അമീറിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ഫെബ്രുവരി 27ന് ഇറാനില്‍ നിന്ന് പ്രത്യേകം വിമാനത്തില്‍ സ്വദേശികളെയും അവര്‍ക്കൊപ്പമുണ്ടായിരുന്ന ജീവനക്കാരെയും ദോഹയിലെത്തിച്ചിരുന്നു. പ്രത്യേക വിമാനത്തിലെത്തിച്ച ഇവരെ ദോഹയിലെ ഒരു ഹോട്ടലില്‍ 14 ദിവസത്തേക്ക് ഐസലേഷന്‍ മുറികളിലേക്ക് മാറ്റുകയായിരുന്നു.
പരിശോധനയില്‍ കോവിഡ്-19 ബാധിച്ചതായി കണ്ടെത്തിയവരെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കീഴിലെ സാംക്രമിക രോഗ ചികിത്സാ കേന്ദ്രത്തിലെ ഐസലേഷന്‍ മുറികളിലേക്ക് മാറ്റിയിട്ടുണ്ട്. എല്ലാവരുടെയും ആരോഗ്യനില സുസ്ഥിരമായി തുടരുന്നതായി മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്നും തിരികെയെത്തിയ മറ്റുള്ളവരും പൂര്‍ണ നിരീക്ഷണത്തിലാണ്.
കര്‍ശനമായ അണുബാധ നിയന്ത്രണ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. സ്ഥിരീകരിച്ച കേസുകളിലെല്ലാം അവര്‍ പൊതുജനങ്ങളുമായി യാതൊരു തരത്തിലും ബന്ധപ്പെടുകയോ ഇടപഴകുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
അതുകൊണ്ടുതന്നെ പൊതുജനങ്ങള്‍ക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ വിരളമാണ്.
വൈറസ് വ്യാപന രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശനമായി നിരീക്ഷിക്കുന്നു.
ഇവരെ ഒറ്റക്ക് താമസിപ്പിച്ച് നിരീക്ഷിക്കുന്നതിനും ആരോഗ്യപരിചരണം ഉറപ്പാക്കുന്നതിനും നടപടികളെടുത്തിട്ടുണ്ട്.കൊറോണ വൈറസ് രോഗവുമായി(കോവിഡ്19) ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഉത്തരം നല്‍കുന്നതിന് മന്ത്രാലയം 24 മണിക്കൂര്‍ കോള്‍ സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. 16000 എന്ന ഹോട്ട്‌ലൈന്‍ നമ്പര്‍ ടോള്‍ ഫ്രീ ആണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ദേശീയ മ്യൂസിയത്തിന്റെ ഗ്യാലറികള്‍ എട്ടു മുതല്‍ അടക്കും

സത്യസന്ധമായ മാധ്യമപ്രവര്‍ത്തനത്തെ കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നു: ഇന്ത്യന്‍ മീഡിയാ ഫോറം ഖത്തര്‍