in ,

കോവിഡ്-19: മുന്‍കരുതല്‍ പ്രതിരോധ നടപടികളുമായി കഹ്‌റാമ

ദോഹ:നോവല്‍ കൊറോണ വൈറസ്(കോവിഡ്-19) വ്യാപനം പ്രതിരോധിക്കുന്നതിനായി മുന്‍കരുതല്‍ നടപടികളുമായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പ്പറേഷന്‍(കഹ്‌റാമ). സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായും ജീവനക്കാര്‍ക്കും മറ്റുള്ള എല്ലാവര്‍ക്കും ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യാനുള്ള താല്‍പ്പര്യത്തിന്റെ ഭാഗമായാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കഹ്‌റാമ വ്യക്തമാക്കി.
കഹ്‌റാമ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിനായി സുപ്രീംകമ്മിറ്റി രൂപീകരിച്ചിരുന്നു. വൈറസ് തടയുന്നതിനും വ്യാപനം പരിമിതപ്പെടുത്തുന്നതിനുമായി നിരവധി അടിയന്തര നടപടികളാണ് കഹ്‌റാമ സ്വീകരിച്ചിരിക്കുന്നത്. എല്ലാ ജോലിസ്ഥലങ്ങളിലും വിരലടയാളം ഉപയോഗിച്ചുള്ള ബയോമെട്രിക് ഹാജര്‍ സംവിധാനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. അണുബാധ പകരാനുള്ള ഉറവിടം അവസാനിപ്പിക്കുന്നതിനായി വിരലടയാളത്തിനു പകരം സ്ഥാപന ബിസിനസ് കാര്‍ഡ് ഉപയോഗിച്ചാല്‍ മതിയാകും. കഹ്‌റാമയുടെ പ്രധാനസൗകര്യങ്ങളുടെയും പദ്ധതികളുടെയും പ്രവര്‍ത്തനനില സുപ്രീംകമ്മിറ്റി തുടര്‍ച്ചയായി നിരീക്ഷിക്കും. വൈറസ് തടയുന്നതിനും അതിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനും എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്.എന്തെങ്കിലും ഉണ്ടെങ്കില്‍ അതിന്റെ ഫലങ്ങള്‍ മറികടക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ആരോഗ്യ നുറുങ്ങുകളും ഉപദേശങ്ങളും പ്രസിദ്ധീകരിക്കുന്നതിനൊപ്പം സ്ഥാപനത്തിന്റെ വിവിധ കെട്ടിടങ്ങളിലും സൗകര്യങ്ങളിലും സബ്സ്‌ക്രൈബര്‍ സേവന കേന്ദ്രങ്ങളിലും മറ്റ് സൈറ്റുകളിലും അവ പാലിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക, ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുക, മൂക്ക്, കണ്ണുകള്‍, വായ എന്നിവ അശുദ്ധമായ കൈകളാല്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക, ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ വായ മൂടുക, ഉപയോഗത്തിന് ശേഷം തൂവാല നീക്കംചെയ്യല്‍ എന്നി മുന്‍കരുതല്‍ ആരോഗ്യനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജീവനക്കാരെ ഉള്‍പ്പടെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തി വിപുലമായ ബോധവത്കരണ കാമ്പയിനുകളും സംഘടിപ്പിക്കുന്നു. ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളുള്ള ആരുമായും അടുത്ത ബന്ധം ഒഴിവാക്കണമെന്നും വൈറസ് പടര്‍ന്നുപിടിച്ച രാജ്യങ്ങളിലേക്ക് പോകരുതെന്നും വൈറസിന്റെ ഏതെങ്കിലും ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ ആരോഗ്യ കേന്ദ്രമോ ആശുപത്രി സന്ദര്‍ശിക്കണമെന്നും ജീവനക്കാരോട് നിര്‍ദ്ദേശിച്ചു.
ആരോഗ്യം, സുരക്ഷ എന്നീ മേഖലകളില്‍ തെളിയിക്കപ്പെട്ട ഒരു ട്രാക്ക് റെക്കോര്‍ഡ് കഹ്റാമയ്ക്കുണ്ട്. തൊഴില്‍ രോഗങ്ങളില്ലാതെ ഏകദേശം 40 ദശലക്ഷം പ്രവൃത്തിസമയം കഴിഞ്ഞവര്‍ഷം കഹ്‌റാമ പൂര്‍ത്തിയാക്കിയിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ് പ്രതിരോധം: ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ അത്യാധുനിക സൗകര്യങ്ങള്‍

മാതൃദിനം: മലബാര്‍ ഗോള്‍ഡില്‍ പതക്കങ്ങളുടെ വില്‍പ്പന തുടങ്ങി