
ദോഹ: വടക്കന്‍ ഇറാഖില്‍ ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റിയുടെ റിലീഫ് സേവനങ്ങളുടെ പ്രയോജനം ലഭിച്ചത് മൊസൂളിലെ 16 ലക്ഷം പേര്‍ക്ക്. നിനെവെ ഗവര്‍ണറേറ്റിലെ മൊസൂളില്‍ തിരിച്ചെത്തിയവര്‍ക്കായി വെള്ളം, ശുചീകരണം, ശുചിത്വം(വാട്ടര്‍, സാനിറ്റേഷന്‍, ഹൈജീന്‍-വാഷ്) സേവനങ്ങളാണ് നടപ്പാക്കിയത്.
16,20,125പേര്‍ക്ക് പ്രയോജനം ലഭിച്ചു. യുഎന്നിന്റെ ചില്‍ഡ്രന്‍സ് ഫണ്ടിന്റെ(യൂനിസെഫ്) സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ഇറാഖിലെ ക്യുആര്‍സിഎസിന്റെ പ്രതിനിധിസംഘം നേതൃത്വം നല്കി.
കിഴക്കന്‍ മൊസൂളില്‍ 1.30ലക്ഷം ഗുണഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുന്നതിനായി വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. പമ്പിങ് റൂം, വെള്ളം വലിച്ചെടുക്കുന്നതിനുള്ള കനാല്‍ എന്നിവ കിഴക്കന്‍ മൊസൂളില്‍ നിര്‍മിച്ചു.
ഇതിലൂടെ അല്‍ഹംദാനിയ ജില്ലയില്‍ കുടിവെള്ളം എത്തിക്കാനാകുന്നുണ്ട്. അല്അസ്ബഖ് സ്റ്റേഷനില്‍ മറ്റൊരു ജലശേഖരണ, സംസ്കരണ സൗകര്യം നിര്‍മിച്ചിട്ടുണ്ട്. നദിയില്‍ നിന്നും വെള്ളം പമ്പ് ചെയ്തശേഷം അരിച്ചെടുത്ത് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിനായാണ് ഈ സംവിധാനം ഇവിടെ ഒരുക്കിയിരിക്കുന്നത്. നഗരത്തിലെയും സമീപ ഗ്രാമങ്ങളിലേക്കും ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്.
അഷൂര്‍, മനാറ എന്നീ മേഖലകളിലും രണ്ടു വാട്ടര്‍ സ്റ്റേഷന് പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. ഇവിടങ്ങളിലെ നിരവധി റസിഡന്‍ഷ്യല്‍ മേഖലകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. നഗരമധ്യത്തിലായി ജലവിതരണസംവിധാനങ്ങള്ക്കിടയിലെ വിടവ് നികത്തുന്നതിനായി വാട്ടര്‍ സ്റ്റേഷന് സ്ഥാപിച്ചിട്ടുണ്ട്.
അല്‍നജാര്‍, അല്ജൗസഖ് ജില്ലകളിലെ 9000 ഗുണഭോക്താക്കള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ ഈ പ്ലാന്റിലൂടെ സാധിക്കുന്നു. പടിഞ്ഞാറന്‍ മൊസൂളില്‍ ഒന്‍പതു ലക്ഷമാണ് ജനസംഖ്യ. ഇവിടെ തല്അഫാര് ജില്ലയില്‍ വാട്ടര്‍ സ്റ്റേഷന് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പമ്പിങ് സ്റ്റേഷന് നവീകരിക്കുകയും ചെയ്തു.
വാട്ടര്‍ പമ്പുകള്‍ സജ്ജമാക്കി സ്ഥാപിക്കുകയും പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കുകയും ചെയ്തു. ഇവക്കെല്ലാം പുറമെ ക്യുആര്‍സിഎസ് ബാദുഷ് വാട്ടര്‍ സ്റ്റേഷന് പദ്ധതിയും നടപ്പാക്കി. തല്അഫാര്, പടിഞ്ഞാറന്‍ മൊസൂള്‍ എന്നിവിടങ്ങളില്‍നിന്നും വെള്ളം വിതരണം ചെയ്യാന്‍ ഇതിലൂടെ സാധിക്കുന്നു.