
ദോഹ: ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റിയുടെ(ക്യുആര്‍സിഎസ്) പരിശീലന, ഗവേഷണ, വികസന കേന്ദ്രത്തിന്റെ(ടിആര്‍ഡിസി) പ്രയോജനം ലഭിച്ചത് 1.17ലക്ഷത്തിലധികം പേര്‍ക്ക്. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സംഘടനകള്‍, സ്വകാര്യ കമ്പനികള്‍, സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, ഹോട്ടലുകള്‍, ബാങ്കുകള്‍, യൂത്ത് ക്ലബ്ബുകള്‍ എന്നിവക്കെല്ലാം വൈവിധ്യമാര്‍ന്ന സേവനങ്ങളാണ് ടിആര്‍ഡിസി ലഭ്യമാക്കുന്നത്.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ടിആര്‍ഡിസിയുടെ കോഴ്‌സുകള്‍, പ്രോഗ്രാമുകള്‍, പരിപാടികള്‍ എന്നിവയില്‍ പങ്കെടുത്ത ഗുണഭോക്താക്കളുടെ എണ്ണം 1,15,601 ആണ്. 1830ലധികം ആരോഗ്യവിദഗ്ദ്ധരും പങ്കെടുത്തു. ക്യുആര്‍സിഎസിന്റെ ലക്ഷ്യങ്ങള്‍, തത്വങ്ങള്‍ എന്നിവയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ടിആര്‍ഡിസി രാജ്യത്തിന്റെ സമീപകാല മുന്നേറ്റങ്ങള്‍ക്ക് അനുസൃതമായ മാനുഷിക സേവനങ്ങള്‍ പ്രത്യേകിച്ച് ആരോഗ്യപരിരക്ഷ വികസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.
വൈവിധ്യമാര്‍ന്ന പരിശീലനവും വിദ്യാഭ്യാസ സേവനങ്ങളുമാണ് ടിആര്‍ഡിസി ലഭ്യമാക്കുന്നത്. അത്യാധുനിക പരിശീലന ഉപകരണങ്ങള്‍, സാങ്കേതികതകള്‍ എന്നിവയെല്ലാം ഉപയോഗിച്ച് ഉയര്‍ന്ന നിലവാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് രാജ്യാന്തര പരിശീലന സംഘടനകളുടെ അക്രഡിറ്റേഷനുള്ള നിരവധി കോഴ്‌സുകളാണ് കേന്ദ്രം നടത്തിവരുന്നത്.
ഫിസിഷ്യന്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്‍സ് എന്നിവരുള്‍പ്പടെ ഖത്തറിലെ നിരവധി പ്രൊഫഷണലുകള്‍ക്ക് സേവനം ലഭ്യമാക്കുന്നു. ദുരന്ത നിവാരണ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഇടപെടല്‍ നടത്തുന്നുണ്ട്. സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തല്‍, സര്‍ക്കാര്‍ സ്വകാര്യമേഖലയിലെ ജീവനക്കാര്‍ നിര്‍മാണ അടിസ്ഥാനസൗകര്യമേഖലയിലെ തൊഴിലാളികള്‍, സോഷ്യല്‍ഗ്രൂപ്പുകള്‍ എന്നിവക്ക് ഊന്നല്‍ നല്‍കല്‍ എന്നിവയും ടിആര്‍ഡിസി ലക്ഷ്യമിടുന്നു.
പൊതുജനാരോഗ്യ മന്ത്രാലയം, ഖത്തര്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത്‌കെയര്‍ പ്രാക്ടീഷണേഴ്‌സ്, അമേരിക്കന്‍ ഹേര്‍ട്ട് അസോസിയേഷന്‍, യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി, രാജ്യാന്തര ഫെഡറേഷന്‍ ഓഫ് ദി റെഡ്‌ക്രോസ്സ് ആന്റ് റെഡ്ക്രസന്റ് സൊസൈറ്റീസ് എന്നിവയുടെ അംഗീകാരമുള്ള പ്രോഗ്രാമുകളാണ് ടിആര്‍ഡിസി നടത്തുന്നത്. രാജ്യാന്തര സര്‍ട്ടിഫിക്കേഷനോടുകൂടിയ മികച്ച പരിശീലനം ലഭിച്ച ഇന്‍സ്ട്രക്റ്റര്‍മാരാണ് പരിശീലന കോഴ്‌സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.