in ,

ക്യുആര്‍സിഎസ് സുഡാനില്‍ ജലപരിശോധനാ കിറ്റുകള്‍ ലഭ്യമാക്കി

ക്യുആര്‍സിഎസ് സുഡാന്‍ വൈറ്റ് നൈല്‍ സ്‌റ്റേറ്റിലെ വെള്ളപ്പൊക്ക ബാധിത മേഖലകള്‍ക്കായി ജല പരിശോധനാ കിറ്റുകള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍ നിന്ന്

ദോഹ: ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്) സുഡാന്‍ വൈറ്റ് നൈല്‍ സ്‌റ്റേറ്റിലെ വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ ജല പരിശോധനാ കിറ്റുകള്‍ ലഭ്യമാക്കി. സുഡാനില്‍ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതബാധിതരെ സഹായിക്കുന്നതിനും റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുമായി ക്യുആര്‍സിഎസ് അടിയന്തര ഇടപെടല്‍ നടത്തിവരുന്നുണ്ട്.

ഇതിന്റെ ഭാഗമായി ക്യുആര്‍സിഎസ് ദൗത്യസംഘത്തിലെ റിലീഫ് ടീം വൈറ്റ് നൈല്‍ സ്റ്റേറ്റില്‍ സന്ദര്‍ശനം നടത്തി സാഹചര്യങ്ങള്‍ നേരിട്ടുമനസിലാക്കി. സംഘം ആരോഗ്യമന്ത്രാലയത്തിന് ഡെല്‍ഗ്വ പോര്‍ട്ടബിള്‍ ജലപരിശോധനാ കിറ്റുകള്‍ കൈമാറി. ജൈവ രാസ ജല പരിശോധനക്കായാണ് ഈ കിറ്റുകള്‍ ഉപയോഗിക്കുന്നത്.

വെള്ളത്തിലെ ക്ലോറിന്റെ അളവ് കണക്കുകൂട്ടുന്നതിനും ഈ കിറ്റ് ഉപയോഗിക്കുന്നുണ്ട്. കുടിവെള്ളത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും വയറിളക്കം പോലെയുള്ള ജലജന്യരോഗങ്ങള്‍ കുറക്കുന്നതിനും ഇത് സഹായിക്കും. സുഡാനീസ് റെഡ്ക്രസന്റ് സൊസൈറ്റിയുടെയും സ്‌റ്റേറ്റ് സെക്രട്ടറിയേറ്റിന്റെയും റിപ്പോര്‍ട്ടുകള്‍ പ്രകാരം വൈറ്റ് നൈലില്‍ വെള്ളപ്പൊക്കത്തില്‍ മൂന്നു മരണങ്ങളാണുണ്ടായത്.

8615 കുടുംബങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. 5000 വീടുകള്‍ പൂര്‍ണമായും നശിച്ചു. 4408 വീടുകള്‍ ഭാഗികമായി നശിച്ചു. പ്രാഥമിക സ്ഥിതി വിലയിരുത്തലിന്റെ ഭാഗമായി ക്യുആര്‍സിഎസ് ടീം വൈറ്റ്‌നൈല്‍ ഗവര്‍ണര്‍ മേജര്‍ ജനറല്‍ ഹൈദര്‍ അല്‍തുറൈഫിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.

ദുരിതബാധിത കുടുംബങ്ങളുടെ ദാരുണമായ അവസ്ഥകളെക്കുറിച്ചും ഏറ്റവും അടിയന്തര ആവശ്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ക്യുആര്‍സിഎസിന്റെ സംഭാവനകള്‍ക്കും നിരന്തരമായ സഹായങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ അടിയന്തര മാനുഷികസഹായം വിമാനമാര്‍ഗം എത്തിക്കുകയും ചെയ്തു.

കൂടാരങ്ങള്‍, കിടക്ക,അടുക്കള ഉപകരണങ്ങള്‍ എന്നിവയെല്ലാം ലഭ്യമാക്കി. സുഡാനില്‍ ഖത്തര്‍ നടപ്പാക്കുന്ന നിരവധി മാനുഷിക പദ്ധതികള്‍, ദാര്‍ഫുര്‍ സമാധാനശ്രമങ്ങള്‍ എന്നിവയെ മേജര്‍ ജനറല്‍ അല്‍തുറൈഫി പ്രശംസിച്ചു.

പല സുഡാനീസ് സംസ്ഥാനങ്ങളിലും സഹോദരങ്ങള്‍ നേരിടുന്ന കടുത്ത സാഹചര്യങ്ങളില്‍ പെട്ടെന്നുള്ള മാനുഷിക പ്രതികരണം ഒഴിച്ചുകൂടാനാകാത്തതാണെന്ന് ക്യുആര്‍സിഎസിന്റെ റിലീഫ് – രാജ്യാന്തര വികസന ഡിവിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് എസ്.ഇബ്രാഹിം പറഞ്ഞു.

പ്രാദേശിക സമൂഹത്തിന്റെ ജീവിതത്തില്‍ വ്യക്തവും സമയബന്ധിതവുമായ മാറ്റം വരുത്തുന്നതിന് സുഡാന്‍ റെഡ്ക്രസന്റുമായി യോജിച്ചു പ്രവര്‍ത്തിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഹ്രസ്വ കാലയളവില്‍ നേരിട്ടുള്ള ഫലങ്ങള്‍ ലഭ്യമാക്കുന്നതിന് ഭക്ഷ്യ ഭക്ഷ്യേതര സഹായങ്ങളും ക്യുആര്‍സിഎസ് ലഭ്യമാക്കുന്നുണ്ട്.

തുടര്‍ന്ന് തകര്‍ന്ന വീടുകളുടെ പുനരധിവാസവും അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടുന്ന ഇടത്തരം ദീര്‍ഘകാല ഇടപെടല്‍ നടത്തുന്നതിനും പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

2340 ടണ്‍ മാലിന്യങ്ങളും 243 ടയറുകളും നീക്കം ചെയ്തു

ഇന്ത്യ- ഖത്തര്‍ സാംസ്‌കാരിക വര്‍ഷം: ഫോട്ടോഗ്രാഫര്‍മാരുടെ പ്രദര്‍ശനം കത്താറയില്‍