
ദോഹ: ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗില്‍ ശനിയാഴ്ച നടന്ന മത്സരങ്ങളില്‍ അല്ഗരാഫക്കും അല്വഖ്റക്കും ജയം. അല്‍സദ്ദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് അല്‍ഗരാഫ തോല്‍പ്പിച്ചത്. 67-ാം മിനുട്ടിലും 73-ാം മിനുട്ടിലും ഉത്മാന് അല്യഹ്രി ഗരാഫക്കായി ഇരട്ട ഗോളുകള്‍ സ്കോര്‍ ചെയ്തു.
40-ാം മിനുട്ടില്‍ അഹമ്മദ് അലാഅല്ദീനും ഗോള്‍ നേടി. 37-ാം മിനുട്ടില്‍ ഉസ്ബക് സ്ട്രൈക്കര്‍ സര്‍ദോര്‍ റാഷിദോവ് നേടിയ ഗോളിലൂടെ ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബാണ് മുന്നിലെത്തിയതെങ്കിലും ഗരാഫ ശക്തമായി മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ഇന്നലത്തെ വിജയത്തോടെ ഏഴു പോയിന്റുകളുമായി പട്ടികയില്‍ ഒന്നാമതെത്താന്‍ ഗരാഫക്കായി.
കഴിഞ്ഞമത്സരങ്ങളില് അല്‍ഗരാഫ അല്ഷഹാനിയയെ തോല്‍പ്പിക്കുകയും അല്റയ്യാനുമായി സമനിലയിലുമാകുകയും ചെയ്തിരുന്നു. മൂന്നു മത്സരങ്ങളും തോറ്റ ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബിന് ഇതുവരെയും പോയിന്റ് നേടാനായിട്ടില്ല.
ഷഹാനിയക്കും അക്കൗണ്ട് തുറക്കാനായിട്ടില്ല. ശനിയാഴ്ച അല്‍ജാനൂബ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അല്വഖ്റയോടു എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഷഹാനിയ തോല്‍ക്കുകയായിരുന്നു. വഖ്റക്കായി മുഹമ്മദ് ബെന്യെതു ഇരട്ട ഗോളുകള്‍ സ്കോര്‍ ചെയ്തു. 63, 80 മിനുട്ടുകളിലായിരുന്നു ഗോളുകള്‍. രണ്ടു വിജയവുമായി വഖ്റക്ക് ആറു പോയിന്റുകളുണ്ട്.