
ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ കൂറ ടൈം പദ്ധതിക്ക് രാജ്യാന്തര സിഎസ്ആര്‍ പുരസ്‌കാരം. കൂറ ടൈമിന് ഈ വര്‍ഷം രണ്ടാമത്തെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പുരസ്‌കാരമാണ് ലഭിച്ചത്. സില്‍വര്‍ ഇന്റര്‍നാഷണല്‍ സിഎസ്ആര്‍ എക്‌സലന്‍സ് പുരസ്‌കാരമാണ് ലഭിച്ചത്. റോയല്‍ അക്കാഡമി ഓഫ് ഡ്രമാറ്റിക് ആര്‍ട്ട്‌സില്‍ ജൂലൈ 22ന് നടന്ന ചടങ്ങില്‍ ക്യുഎഫ്എ ജനറല്‍ സെക്രട്ടറി മന്‍സൂര്‍ അല്‍അന്‍സാരി സിഎസ്ആര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
1994ല്‍ സ്ഥാപിതമായ സ്വതന്ത്ര രാജ്യാന്തര ലാഭരഹിത രാഷ്ട്രീയേതര പരിസ്ഥിതി ഗ്രൂപ്പായ ദി ഗ്രീന്‍ ഓര്‍ഗനൈസേഷനാണ് രാജ്യാന്തര സിഎസ്ആര്‍ പുരസ്‌കാരം നല്‍കുന്നത്. ഏപ്രിലില്‍ മലേഷ്യയില്‍ നടന്ന 11-ാമത് ഗ്ലോബല്‍ സിഎസ്ആര്‍ പുരസ്‌കാരത്തില്‍ മികച്ച കമ്യൂണിറ്റി പ്രോഗ്രാമിനുള്ള പുരസ്‌കാരം കൂറ ടൈം നേടിയിരുന്നു.
ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനും ഷെല്‍ ഖൂത്തറും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് കൂറ. സുസ്ഥിര വികസന പദ്ധതിയാണിത്. ഖത്തറിലെ യുവജനങ്ങളുടെ ആരോഗ്യവും ക്ഷേമവും ഫുട്‌ബോളിലൂടെ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2012ലാണ് നവീനമായ കൂറാ പദ്ധതിക്ക് തുടക്കംകുറിച്ചത്.
ക്യുഎഫ്എക്കും ഖത്തര്‍ ഷെല്ലിനുമായി പുരസ്‌കാരം ഏറ്റുവാങ്ങാനാകുന്നതില്‍ അഭിമാനമുണ്ടെന്ന് മന്‍സൂര്‍ അല്‍അന്‍സാരി പറഞ്ഞു. ഇതുവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനായിരക്കണക്കിന് കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു.
ഒരു ലക്ഷത്തിലധികം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പതിവായി വ്യായാമം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പദ്ധതിയില്‍ പങ്കാളികളായ 95ശതമാനത്തിലധികം പേരിലും മികച്ച ഫലപ്രാപ്തിയുണ്ടായി. ഇവരുടെ ബിഎംഐ(ബോഡി മാസ് ഇന്‍ഡക്‌സ്)യില്‍ ഇതു കൃത്യമായി പ്രതിഫലിച്ചു.
കൂറ ടൈമിന് ഇതിനു മുമ്പും നിരവധി പ്രാദേശിക, രാജ്യാന്തര അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതുവരെ പതിനൊന്ന് പ്രാദേശിക അന്തര്‍ദേശീയ പുരസ്‌കാരങ്ങളാണ് കൂറ നേടിയത്.
എഎഫ്‌സിയുടെ ഡ്രീം ഏഷ്യ അവാര്‍ഡ്, സ്‌പോര്‍ട്ട് ഇന്‍ഡസ്ട്രി അവാര്‍ഡ്‌സ് 2014, ദാര്‍ അല്‍ ശര്‍ഖ് സിഎസ്ആര്‍ അവാര്‍ഡ്, സിഎസ്ആര്‍ പുരസ്‌കാരം എന്നിവയുള്‍പ്പടെ കൂറ പദ്ധതി സ്വന്തമാക്കിയിരുന്നു.