ക്യുഎഫ്സി ആസ്ഥാനത്ത് ബ്ലൂംബര്‍ഗ് ടെലിവിഷന്‍ സ്റ്റുഡിയോ പ്രവര്‍ത്തനം തുടങ്ങി

ദോഹ: ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍(ക്യുഎഫ്സി) ബ്ലൂംബര്‍ഗ് മീഡിയാഗ്രൂപ്പുമായി പുതിയ കരാര്‍ പ്രഖ്യാപിച്ചു. ഈ മേഖലയില്‍ ബ്ലൂംബര്‍ഗിന്റെ സാന്നിധ്യവും എഡിറ്റോറിയല്‍ കവറേജും കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ കരാര്‍ സഹായകമാകും.
കരാറിന്റെ ഭാഗമായി ദോഹയിലെ ക്യുഎഫ്സിയില്‍ തല്‍സമയ റിപ്പോര്‍ട്ടുകള്‍ക്കായി റിമോട്ട് ബ്ലൂംബര്‍ഗ് ടെലിവിഷന്‍ സ്റ്റുഡിയോയുണ്ടാകും.
ബ്ലൂംബര്‍ഗ് ടെലിവിഷന്റെ മിഡില്‍ഈസ്റ്റ് ആഫ്രിക്ക പ്രേക്ഷപണസാന്നിധ്യം ശക്തിപ്പെടുത്താനും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താനും ഇതിലൂടെ സാധിക്കും. ക്യുഎഫ്സിയുടെ ആസ്ഥാനത്ത് വിദൂര ബ്ലൂംബര്‍ഗ് ടെലിവിഷന്‍ സ്റ്റുഡിയോ ഔദ്യോഗികമായി തുടങ്ങി.
വാണിജ്യ വ്യവസായ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍കുവാരി, മുതിര്‍ന്ന ക്യുഎഫ്സി നേതാക്കള്‍, ഖത്തറിലെ സാമ്പത്തിക മേഖലയുടെ ചുമതലയുള്ളവര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഈ മാസം മുതല്‍ ബ്ലൂംബര്‍ഗ് ന്യൂസിന്റെ സിമോണ്‍ ഫോക്സ്മാന് പുതിയ ദോഹ ലൊക്കേഷനില്നിന്നുകൊണ്ട് ബ്ലൂംബര്‍ഗ് ടെലിവിഷനുവേണ്ടി പതിവായി റിപ്പോര്‍ട്ട് ചെയ്യും.
ഈ ടെലിവിഷന്‍ റിപ്പോര്‍ട്ടുകള്‍ ബ്ലൂംബര്‍ഗ് ടെലിവിഷന്റെ പ്രൈംടൈം പ്രഭാതഷോ ബ്ലൂംബര്‍ഗ് ഡ്രേബ്രേക്ക്- മിഡില്‍ഈസ്റ്റില്‍ സംപ്രേഷണം ചെയ്യും. ഞായര്‍ മുതല്‍ വ്യാഴംവരെ രാവിലെയാണ് സംപ്രേഷണം. ആഗോള ബിസിനസ് മീഡിയയുടെ ചാതുര്യവും ബ്ലൂംബര്‍ഗിന്റെ അനുഭവവും ഖത്തറിലേക്കു കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.
അഭിവൃദ്ധിയും വളര്‍ച്ചയും കൈവരിക്കുന്ന രാജ്യാന്തര മാധ്യമകേന്ദ്രമെന്ന നിലയില്‍ ഖത്തറിന്റെ പദവി ഉയര്‍ത്തുന്നതിലേക്കുള്ള പുതിയ കൂട്ടിച്ചേര്‍ക്കലാണ് ക്യുഎഫ്സിയിലെ ബ്ലൂംബര്‍ഗ് സ്റ്റുഡിയോ.
ദോഹയുടെ സാമ്പത്തികജില്ലയുടെ ഹൃദയഭാഗത്തുനിന്നുകൊണ്ടുള്ള സംപ്രേഷണത്തിലൂടെ ബ്ലൂംബര്‍ഗ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് കൃത്യവും ഉയര്‍ന്ന നിലവാരമുള്ളതുമായ റിപ്പോര്ട്ടിങിലേക്ക് പ്രവേശനം ലഭിക്കും- ക്യുഎഫ്സി അതോറിറ്റി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ യൂസുഫ് മുഹമ്മദ് അല്‍ജെയ്ദ പറഞ്ഞു.
ഖത്തറില്‍നിന്നും കൂടുതല്‍ ടെലിവിഷന്‍ വാര്‍ത്തകള്‍ ഉറപ്പാക്കാന്‍ കരാറിലൂടെ സാധിക്കും. ഞങ്ങളുടെ പ്രാദേശിക സാന്നിധ്യം വര്‍ധിപ്പിക്കുക എന്നതിനര്‍ഥം ഞങ്ങളുടെ കാഴ്ച്ചക്കാര്‍ക്ക് താല്പര്യമുള്ള വാര്‍ത്തകളില്‍ കൂടുതല്‍ ഉള്ളടക്കം നല്‍കാനാകുമെന്നതാണ്- ബ്ലൂംബര്‍ഗ് ന്യൂൂസിന്റെ മിഡില്‍ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്കയുടെ ചുമതലയുള്ള എക്സിക്യുട്ടീവ് എഡിറ്റര്‍ റിയാദ് ഹമാദെ പറഞ്ഞു.
മിഡില്‍ഈസ്റ്റിലെ പ്രമുഖ ധനകാര്യകേന്ദ്രങ്ങളില് സാന്നിധ്യം വിപുലീകരിക്കുന്നതിനാല്‍ ഈ കരാര്‍ സ്വാഭാവികനടപടിമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ പ്രേക്ഷകര്‍ ഈ മേഖലയിലെ ധനവിപണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഞങ്ങള്‍ ഒരു വലിയ ഓഫര്‍ നല്കി അതിനോടു പ്രതികരിക്കുകയായിരുന്നു- ബ്ലൂംബര്‍ഗ് മീഡിയ- ഇന്റര്‍നാഷണല്‍ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ പാരി രവീന്ദ്രനാഥന്‍ പറഞ്ഞു.