
ദോഹ: ഖത്തര്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ(ക്യുസിഎസ്) കരള്‍ അര്‍ബുദ ബോധവല്‍ക്കരണ കാമ്പയിനു തുടക്കമായി. കരള്‍ അര്‍ബുദത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സ്വയം പരിരക്ഷിക്കുക എന്ന പ്രമേയത്തിലാണ് കാമ്പയിന്.
പൊതുജനാരോഗ്യമന്ത്രാലയത്തിലെ ഖത്തര്‍ ദേശീയ ക്യാന്‍സര്‍ രജിസ്ട്രി പ്രകാരം പുരുഷന്മാരില് ഏറ്റവും സര്‍വസാധാരണമായ അര്‍ബുദത്തില്‍ ഏഴാം സ്ഥാനമാണ് കരള്‍ അര്‍ബുദം. 55വയസിനും അതില്‍ കൂടുതലും പ്രായമുള്ളവരില്‍ കരള്‍ അര്‍ബുദം പിടിപെടാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് ക്യുസിഎസ് ആരോഗ്യ വിദഗ്ദ്ധ നൂര്‍ മെക്കിയ പറഞ്ഞു.
വിട്ടുമാറാത്ത വൈറല്‍ ഹെപ്പറ്റൈറ്റിസ് ബിയും സിയും സിറോസിസിനും കരള്‍ അര്‍ബുദത്തിനും കാരണമായേക്കും. മദ്യപാനം, അമിതവണ്ണം, പുകയില ഉപയോഗം എന്നിവയാണ് രോഗത്തിലേക്ക് നയിക്കാനിടയുള്ള മറ്റു അപകടഘടകങ്ങള്‍. ടൈപ്പ് ടു പ്രമേഹമുള്ളവര്‍, അമിതവണ്ണമുള്ളവര്‍ എന്നിവര്‍ക്ക് കരള്‍ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്.
കരളിന്റെ അസാധാരണ കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് കരള്‍ ക്യാന്‍സര്‍. മറ്റു അവയവങ്ങളില്‍നിന്നും കരളിലേക്കു പടരുന്ന അസാധാരണ കോശങ്ങളും കരള്‍ അര്‍ബുദത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നു.
അജ്ഞാത കാരണങ്ങളാല്‍ ശരീരഭാരം കുറയല്‍, വിശപ്പ് കുറയല്‍, ചെറിയ ഭക്ഷണത്തിനുശേഷം പൂര്‍ണമായതായി തോന്നല്‍, ഓക്കാനം ഛര്‍ദി, പൊതുവായ ബലഹീനത, ക്ഷീണം, അടിവയറ്റിലോ വലതുതോള് ബ്ലേഡിനു സമീപത്തോ വേദന, ചൊറിച്ചില്‍, ചര്‍മ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം, കരള്‍, പ്ലീഹ എന്നിവ വലുതാകല്‍ എന്നിവയെല്ലാം കരള്‍ അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്.
രോഗലക്ഷണങ്ങള്‍ ആദ്യഘട്ടത്തില്‍ പ്രത്യക്ഷപ്പെടാത്തതിനാല്‍ രോഗം നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ നടത്തേണ്ടത് സുപ്രധാനമാണെന്നും അവര്‍ പറഞ്ഞു. തുടര്‍ച്ചയായി പരിശോധനകള്‍ നടത്തേണ്ടതിന്റെ പ്രാധാന്യവും അവര്‍ ഊന്നിപ്പറഞ്ഞു.
കരള്‍ അര്‍ബുദം പ്രതിരോധിക്കുന്നതിനായി മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുന്നതിനും ശാരീരിക പ്രവര്‍ത്തനങ്ങളും വ്യായാമങ്ങളും പതിവായി നടത്തുന്നതിനും അവര്‍ ശുപാര്‍ശ ചെയ്തു.