
ദോഹ: ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള ഖത്തര്‍ കരിയര്‍ ഡെവലപ്മെന്റ് സെന്ററിന്റെ(ക്യുസിഡിസി) പ്രഥമ കരിയര്‍ അക്കാഡമി സമാപിച്ചു. ഏകദേശം 60ഓളം ഹൈസ്കൂള്‍ വിദ്യാര്‍ഥികളാണ് കരിയര്‍ അക്കാഡമിയില്‍ പങ്കെടുത്തത്. കരിയര്‍ ട്രാക്കുകളെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്ത വിവിധ പരിപാടികളില്‍ വിദ്യാര്‍ഥികള്‍ ആവേശത്തോടെ പങ്കെടുത്തു.
വിദ്യാര്‍ഥികളെ മുന്‍നിര്‍ത്തി ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാനായതില്‍ അഭിമാനമുണ്ടെന്നും പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നതായും ക്യുസിഡിസി ഡയറക്ടര്‍ അബ്ദുല്ല അല്‍മന്‍സൂരി പറഞ്ഞു. വിദ്യാര്‍ഥികളുടെ ആഗ്രഹങ്ങള്‍ക്കനുസൃതമായി രാജ്യത്തിന്റെ വികസനലക്ഷ്യങ്ങള്‍ നിറവേറ്റുന്ന കരിയര്‍ കെട്ടിപ്പെടുക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ് കരിയര്‍ അക്കാഡമി.
നമ്മുടെ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ രാജ്യത്തെ സ്വാധീനിക്കുന്നുണ്ടെന്ന് നാം അറിഞ്ഞിരിക്കണം. പ്രത്യേകിച്ചും നമ്മുടെ യുവജനങ്ങളുടെ കഴിവുകളും രാജ്യത്തിന്റെ അഭിവൃദ്ധിയും വളര്‍ച്ചാഘടകങ്ങളും ഒരുമിച്ചുവരുമ്പോള്‍. ഇത്തരമൊരു സാഹചര്യത്തിലാണ് വിദ്യാര്‍ഥികളുടെ വ്യക്തിപരമായ താല്പര്യങ്ങളും നമ്മുടെ രാജ്യത്തിന്റെ താല്പര്യങ്ങളും ഒരേപോലെ പിന്തുടരാന് സഹായിക്കുന്ന വിധത്തില്‍ ക്യുസിഡിസിയുടെ പ്രവര്‍ത്തനങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്- അല്‍മന്‍സൂരി പറഞ്ഞു. രണ്ടാഴ്ചയായിരുന്നു പരിപാടികളുടെ കാലാവധി.
ഇക്കാലയളവിനുള്ളില്‍ രാജ്യത്തിന്റെ സുപ്രധാന പൊതു സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഫീല്ഡ്ട്രിപ്പുകളും സംഘടിപ്പിച്ചിരുന്നു. സിദ്ര മെഡിസിന് സ്പോണ്സര് ചെയ്ത മെഡിക്കല്‍ ഡേ, ഖുര്‍ആനിക് ബൊട്ടാണിക് ഗാര്ഡന് സ്പോണ്സര് ചെയ്ത കൃഷിദിനം, കോളേജ് ഓഫ് നോര്‍ത്ത് അറ്റ്ലാന്റിക് സ്പോണ്സര് ചെയ്ത എന്‍ജിനിയറിങ് ഡേ, ഖത്തര്‍ എയര്‍വേയ്സ് സ്പോണ്സര് ചെയ്ത എയര്‍ലൈന്‍ ഇന്‍ഡസ്ട്രി ഡേ എന്നിവയിലും വിദ്യാര്‍ഥികള്‍ പങ്കാളികളായി.
ഫീല്‍ഡ് ട്രിപ്പുകളില്‍ പങ്കെടുത്തവര്‍ക്ക് വിവിധ വ്യവസായ മേഖലകളിലെ പ്രൊഫഷണലുകളുമായി ബന്ധപ്പെടുന്നതിനും ആശയവിനിമയം നടത്തുന്നതിനും ഓരോ തൊഴിലില്‍നിന്നും വിവിധങ്ങളായ കാര്യങ്ങള്‍ പഠിക്കുന്നതിനും അവസരം ലഭിച്ചു. കരിയര്‍ അക്കാഡമി പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാര്‍ഥികളെ ഖത്തര്‍ യൂണിവേഴ്സിറ്റി, സ്റ്റെന്ഡന് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയന്‍സ്, ഖത്തര്‍ ഫൗണ്ടേഷന് പങ്കാളിത്ത യൂണിവേഴ്സിറ്റികള്‍ എന്നിവയില്‍ പരിചയപ്പെടുത്തി.
യൂണിവേഴ്സിറ്റികളിലെ അക്കാഡമിക് പ്രോഗ്രാമുകളെക്കുറിച്ചും പ്രവേശനത്തിന്റെ യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ചും വിദ്യാര്‍ഥികളോടു വിശദീകരിച്ചു. ബിരുദ, സര്‍വകലാശാല പഠനങ്ങളെക്കുറിച്ച് നേരത്തെ തീരുമാനിക്കുന്നതിനും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും മുന്നോട്ടുള്ള കരിയര്‍ കൃത്യമായി ആസൂത്രണം ചെയ്യുന്നതിനും കരിയര്‍ അക്കാഡമി സഹായകരമാണെന്ന് പങ്കെടുത്ത മുഹമ്മദ് അല്‍തമീമി, മറിയം അല്‍മുഹമ്മദ് എന്നിവര്‍ പറഞ്ഞു.
പ്രോഗ്രാമിലുടനീളം വിവിധങ്ങളായ വിനോദ, വിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിച്ചിരുന്നു. കരിയര്‍ അക്കാഡമി പ്രോഗ്രാമിന്റെ ഭാഗമായവര്‍ക്ക് പങ്കെടുത്തതിനുള്ള സര്‍ട്ടിഫിക്കറ്റുകളും കൈമാറി.