in , ,

ക്രൂയിസ് യാത്രക്കാരുടെ സന്ദര്‍ശനം: ദോഹ തുറമുഖത്തിന് റെക്കോര്‍ഡ് നേട്ടം

ദോഹ: ദോഹ തുറമുഖത്തില്‍ ഒരുദിവസം എത്തിയ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ബുധനാഴ്ച മാത്രം ദോഹ തുറമുഖത്തിലെത്തിയത് 10,000ത്തോളം യാത്രക്കാരാണ്. തുറമുഖത്തില്‍ ആദ്യമായാണ് ഒരു ദിവസം ഇത്രയധികം യാത്രക്കാരെത്തുന്നത്.
തുറമുഖത്തിന്റെ നിലവിലെ റെക്കോര്‍ഡാണ് ബുധനാഴ്ച മറികടന്നത്. അത്യാധുനിക സൗകര്യങ്ങളും ലോകനിലവാരത്തിലുമുള്ള ദോഹ തുറമുഖത്തില്‍ ബുധനാഴ്ച മാത്രം രണ്ടു ആഡംബര കപ്പലുകളിലായാണ് ഇത്രയധികം യാത്രക്കാരെത്തിയത്. ദോഹതുറമുഖത്ത് ഒരു ദിവസം ഏറ്റവും കൂടുതല്‍ യാത്രക്കാരിറങ്ങിയത് ജനുവരി എട്ട് ബുധനാഴ്ചയാണ്- ദി പെനിന്‍സുലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജ്യുവല്‍ ഓഫ് സീസ്, കോസ്റ്റ ഡയഡെമ എന്നീ രണ്ടു മെഗാ ആഡംബര കപ്പലുകളാണ് ദോഹ തുറമുഖത്തെത്തിയത്. ഈ രണ്ടു കപ്പലുകളിലുമായി പതിനായിരത്തോളം യാത്രക്കാരും ജീവനക്കാരും എത്തിയതോടെ ദോഹ തുറമുഖം ഒരു ദിവസം കൈകാര്യം ചെയ്ത യാത്രക്കാരുടെ എണ്ണത്തിലെ റെക്കോര്‍ഡ് മറികടന്നതായി തുറമുഖ പരിപാലന കമ്പനി മവാനി ഖത്തര്‍ ഔദ്യോഗികമായി അറിയിച്ചു. ഖത്തറിലെ ക്രൂയിസ് വിനോദസഞ്ചാര സീസണിന് ഉണര്‍വേകി കൂറ്റന്‍ ആഡംബര കപ്പല്‍ ജ്യുവല്‍ ഓഫ് ദി സീസ് ദോഹ തുറമുഖത്ത് ഈ സീസണില്‍ രണ്ടാംതവണയാണ് നങ്കൂരമിട്ടത്. യുഎസ് കേന്ദ്രമായുള്ള ക്രൂയിസ് ലൈനര്‍ റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണല്‍ ഓപ്പറേറ്റ് ചെയ്യുന്ന ക്രൂയിസ് കപ്പല്‍ ഖത്തറില്‍ ഇതാദ്യമായാണ് എത്തുന്നതെന്ന സവിശേഷതയുണ്ട്. ഈ സീസണില്‍ ആകെ അഞ്ചുതവണ കപ്പല്‍ ദോഹയിലെത്തും. 3260 യാത്രക്കാരും ജീവനക്കാരുമാണ് കപ്പിലുള്ളത്.
റേഡിയന്‍സ് ക്ലാസ് ക്രൂയിസ് കപ്പലിലെ യാത്രക്കാര്‍ക്ക് ഊഷ്മളമായ വരവേല്‍പ്പാണ് ദോഹ തുറമുഖത്തില്‍ ഒരുക്കിയിരുന്നത്. 12 പാസഞ്ചര്‍ ഡെക്കുകള്‍, ഒരു പൂള്‍സൈഡ് മൂവി സ്‌ക്രീന്‍, റോക്ക്-ക്ലൈംബിങ്് മതില്‍, റണ്ണിംഗ് ട്രാക്ക്, മിനി ഗോള്‍ഫ് കോഴ്സ്, സ്പാ, ഫിറ്റ്‌നസ് സെന്റര്‍, ഷോപ്പിംഗ്, റെസ്റ്റോറന്റുകള്‍, തത്സമയ ബ്രോഡ്വേ ശൈലിയിലുള്ള വിനോദ ഷോകള്‍ എന്നിവയുള്‍പ്പെടെയുള്ള കപ്പല്‍ പുതിയ തലത്തിലുള്ള ആഡംബരവും വിനോദവും വാഗ്ദാനം ചെയ്യുന്നു. പ്രമുഖ ഇറ്റാലിയന്‍ കമ്പനിയായ കോസ്റ്റാ ക്രൂയിസിന്റെ മുന്‍നിര ആഡംബര കപ്പലായ കോസ്റ്റ ഡയഡെമ കഴിഞ്ഞ നവംബര്‍ 26നാണ് ദോഹ തുറമുഖത്ത് ആദ്യമായെത്തിയത്. ഈ സീസണില്‍ 16 തവണ കപ്പല്‍ ദോഹയിലെത്തുന്നുണ്ട്. ഖത്തറിന്റെ ക്രൂയിസ് സീസണിലെ ഏറ്റവും തിരക്കേറിയ സീസണാണ് ഇത്തവണത്തേത്. ഒക്ടോബര്‍ 22നാണ് പുതിയ ക്രൂയിസ് സീസണിന് തുടക്കമായത്.
ദോഹ തുറമുഖത്തില്‍ താല്‍ക്കാലിക ടെര്‍മിനലും സീസണിന്റെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. ഈ സീസണില്‍ 74 കപ്പലുകളിലായി2,48,123 യാത്രക്കാരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തറിലെ ഏറ്റവും ബൃഹത്തായ ടൂറിസം സീസണായിരിക്കും ഇത്തവണത്തേത്. കപ്പല്‍സഞ്ചാരികളുടെ എണ്ണത്തില്‍ 121ശതമാനവും കപ്പലുകളുടെ എണ്ണത്തില്‍ 66ശതമാനവും വര്‍ധന പ്രതീക്ഷിക്കുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അമീര്‍ ഫ്രഞ്ച് പ്രസിഡന്റുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി

ഇ-മാലിന്യ അപകടങ്ങള്‍: എച്ച്എംസി സമ്മേളനം ഫെബ്രുവരിയില്‍