
ദോഹ: ഈ ക്രൂയിസ് സീസണില്‍ മികവുറ്റ നേട്ടവുമായി ദോഹ തുറമുഖം. ക്രൂയിസ് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിക്കാന്‍ ഇത്തവണ ദോഹ തുറമുഖത്തിന് സാധിച്ചു. ഈ സീസണില്‍ 1,44,707 യാത്രക്കാരെയാണ് ദോഹ തുറമുഖത്തില്‍ വരവേറ്റത്.
ചെറുതും വലുതുമായ 44 ആഡംബര ഷിപ്പുകളും ഇത്തവണ തുറമുഖത്തില്‍ നങ്കൂരമിട്ടു. ഖത്തര്‍ തുറമുഖ പരിപാലന അതോറിറ്റിയായ മവാനി ഖത്തറാണ് ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഇത്തവണ 120ശതമാനത്തിലധികമാണ് തുറമുഖം വളര്‍ച്ച കൈവരിച്ചത്.
രാജ്യത്തിന്റെ മറൈന്‍ ടൂറിസം ശക്തിപ്പെടുത്തുന്നതില്‍ ദോഹ തുറമുഖത്തിന്റെ നിര്‍ണായകപങ്കാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. രാജ്യത്തിന്റെ മറൈന്‍ ടൂറിസം വരുമാനത്തില്‍ കുതിച്ചുചാട്ടമുണ്ടാക്കുന്നതിനൊപ്പം മേഖലയിലെ ക്രൂയിസ് ഹബ്ബായി ഖത്തറിനെ പരിവര്‍ത്തിപ്പിക്കുന്നതിലും ദോഹ തുറമുഖം സുപ്രധാന പങ്കുവഹിക്കുന്നു.
രാജ്യത്തെയും മേഖലയിലെയും ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി ദോഹ തുറമുഖം അതിവേഗം മാറുകയാണ്. അത്യാധുനികസൗകര്യങ്ങളുള്ള ബൃഹത്തായ ക്രൂയിസ് ടെര്‍മിനലാണ് ഇവിടെ സജ്ജമാക്കുന്നത്. സമുദ്രമേഖല കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനത്തിലൂടെ നിരവധി വിദേശിടൂറിസ്റ്റുകളെ ഖത്തറിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ട്.
ഖത്തറിലും ഗള്‍ഫ് രാജ്യങ്ങളിലും ക്രൂയിസ് ടൂറിസം വികസിക്കുന്ന ഘട്ടത്തില്‍ അതിന്റെ നെടുംതൂണായി ദോഹ തുറമുഖം മാറുകയാണ്. സാമ്പത്തിക വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതാണ് ഈ മേഖല. ക്രൂയിസ് വ്യവസായത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഖത്തറിന് നല്ല ബോധ്യമുണ്ട്.
അതുമുന്നില്ക്കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് രാജ്യം നടത്തുന്നത്. ഖത്തറിലെ ടൂറിസം ഡെസ്റ്റിനേഷനുകളുടെ ഹൃദയഭാഗത്താണ് ദോഹ തുറമുഖം സ്ഥിതിചെയ്യുന്നത്. മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്, സൂഖ് വാഖിഫ്, മുശൈരിബ്, കോര്‍ണീഷ്, ഖത്തര്‍ നാഷണല്‍ മ്യൂസിയം, ഹമദ് രാജ്യാന്തര വിമാനത്താവളം തുടങ്ങിയവയെല്ലാം ദോഹ തുറമുഖവുമായി അധികം അകലെയല്ലാതെയാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും മികച്ച ടൂറിസം ഡെസ്റ്റിനേഷനായിക്കൂടി തുറമുഖം മാറുന്നു.